പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യം വിലപിക്കുമ്പോള്‍ മോഡി ഷൂട്ടിങ് തിരക്കില്‍; ആരോപണവുമായി കോണ്‍ഗ്രസ്

ന്യുദല്‍ഹി- ജമ്മുകശ്മീരിലെ പുല്‍വാമയില്‍ 44 സിആര്‍പിഎഫ് ജവാന്‍മാര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ദുഃഖത്തില്‍ രാജ്യമൊന്നടങ്കം കേഴുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജിം കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്കില്‍ തെരഞ്ഞെടുപ്പു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യത്തെ നടുക്കിയ ഈ ആക്രമണത്തിന് മോഡി അര്‍ഹിക്കുന്ന പ്രധാന്യം നല്‍കിയില്ല, കൊല്ലപ്പെട്ട ജവാന്‍മാരെ അപമാനിച്ചുവെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഭീകരാക്രമണത്തില്‍ ദുഖം പ്രകടിപ്പിക്കേണ്ടതിനു പകരം പ്രധാനമന്ത്രി മോഡി തന്റെ സ്വന്തം സര്‍ക്കാരിനെ രക്ഷിക്കുന്നതിനാണ് മുന്‍ഗണന നല്‍കിയത്. ഭീകരാക്രമണ ദിവസം വൈകുന്നേരം വരെ ജിം കോര്‍ബെറ്റ് പാര്‍ക്കില്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലായിരുന്നു മോഡി. ഈ ലോകത്ത് ഇതുപോലെ മറ്റൊരു പ്രധാനമന്ത്രി ഉണ്ടാകുമോ? ഒന്നും പറയാനില്ല- സുര്‍ജെവാല ആഞ്ഞടിച്ചു. രാജ്യത്തെ അടുപ്പുകളെല്ലാം അണച്ച് വിലപിക്കുമ്പോള്‍ റാംനഗറിലെ ഗസ്റ്റ് ഹൗസില്‍ ചായ കുടിക്കുകയായിരുന്നു മോഡിയെന്നും അദ്ദേഹം ആരോപിച്ചു. പരസ്യ ചിത്രീകരണ സൈറ്റില്‍ മോഡി നില്‍ക്കുന്ന ചിത്രവും കോണ്‍ഗ്രസ് പുറത്തു വിട്ടു. 

പുല്‍വാമ ഭീകരാക്രമണത്തെ ബിജെപി രാഷ്ട്രീവല്‍ക്കരിച്ചുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അധികാരത്തിലിരിക്കുന്നത് കോണ്‍ഗ്രസല്ല, ബിജെപിയാണ്. ജവാന്‍മാരുടെ വീരമൃത്യും വെറുതായകില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ അസമില്‍ പ്രസംഗിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാനെതിരെ യുദ്ധങ്ങള്‍ നയിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്തായിരുന്നുവെന്നത് അദ്ദേഹം മറുന്നുവോ എന്നും സുര്‍ജെവാല ചോദിച്ചു.

Latest News