Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ മാത്രമല്ല, മറ്റു അഞ്ചു സംസ്ഥാനങ്ങളില്‍ കൂടി മത്സരിക്കാനൊരുങ്ങി മുസ്ലിം ലീഗ്

മലപ്പുറം- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മൂന്നാം സീറ്റിനു വേണ്ടി സജീവ ശ്രമങ്ങള്‍ നടത്തി വരുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് മറ്റു അഞ്ചു സംസ്ഥാനങ്ങളില്‍ കൂടി മത്സരിക്കാന്‍ ശ്രമങ്ങള്‍ നടത്തി വരുന്നതായി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് ലീഗ് ലോക്‌സഭാ പോരിന് ഇറങ്ങാന്‍ ശ്രമിക്കുന്നത്. തമിഴ്‌നാട്ടില്‍ രണ്ടാം സീറ്റ് ആവശ്യപ്പെടുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. നേരത്തെ ലോക്‌സഭാംഗമായിരുന്ന മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ കെ.എം ഖാദര്‍ മൊയ്തീന്‍ വീണ്ടും മത്സരിക്കും. കേരളത്തില്‍ മൂന്ന് സീറ്റുകള്‍ക്ക് ലീഗിന് അര്‍ഹതയുണ്ടെന്നും ഇത് ഔദ്യോഗികമായി കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളില്‍ ലീഗ് മത്സരിക്കാന്‍ നീക്കമുള്ളതായി നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ആദ്യമായാണ് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ സംസ്ഥാനങ്ങളിലെ യുപിഎ ഘടകകക്ഷികളായ ചെറുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനു ശ്രമം. ബംഗാളിലെ മുര്‍ശിദാബാദ് ജില്ലയിലെ മുസ്ലിം സ്വാധീന മേഖലകളില്‍ മത്സരിക്കാനാണു പാര്‍ട്ടി ആലോചിക്കുന്നത്. കൂടാതെ മറ്റു പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ കുടി പിന്തുണ ആര്‍ജിക്കാന്‍ ഓള്‍ ബംഗാള്‍ മൈനോറിറ്റി യുത്ത് ഫെഡറേഷന്‍ പോലുള്ള സംഘടനകളുമായും ലീഗ് സഹകരിക്കും. ബംഗാളില്‍ മൂന്ന് സീറ്റുകളില്‍ ഇവരുടെ പിന്തുണ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലീഗ്. ഇതു സംബന്ധിച്ച ചര്‍ച്ചകളും നടന്നിട്ടുണ്ട്. ബംഗാളില്‍ 42 ലോകസഭാ സീറ്റുകളാണുള്ളത്. ബംഗാളില്‍ നിന്ന് കരുത്തനായി സ്ഥാനാര്‍ത്ഥികളെ ലഭിച്ചില്ലെങ്കില്‍ ഒരു സീറ്റില്‍ കേരളത്തില്‍ നിന്നുള്ള പ്രമുഖ പൊതുപ്രവര്‍ത്തകനെ മത്സരിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നാണ് സൂചന.

ജാര്‍ഖണ്ഡില്‍ കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ റാഞ്ചി, ഗൊഡ്ഡ, റാംഗഢ്, ഗിരിധ് എന്നിവിടങ്ങളില്‍ മുസ്ലിം ലീഗ് മത്സരിച്ചിരുന്നു. ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയുടെ നേതൃത്വത്തില്‍ ജാര്‍ഖണ്ഡില്‍ ഏതാനും വര്‍ഷങ്ങളായി ലീഗ് പ്രവര്‍ത്തനം സജീവമാണ്. തലസ്ഥാനമായി റാഞ്ചിയിലും ഗിരിധ് ജില്ലയിലും മുന്നേറ്റമുണ്ടാക്കിയതായും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും പ്രാദേശിക ചെറുപാര്‍ട്ടികളെ കൂട്ടുപിടിച്ച് മത്സരിക്കാനാണ് ഇപ്പോഴത്തെ നീക്കങ്ങള്‍.
 

Latest News