മൊബൈല്‍ ഫോണ്‍ വഴി ബാങ്ക് തട്ടിപ്പ്; സൗദിയില്‍ 39 വിദേശികള്‍ പിടിയില്‍

മക്ക- ബാങ്ക് ഉപയോക്താക്കളെ കബളിപ്പിച്ച് അക്കൗണ്ടുകളില്‍നിന്ന് പണം പിന്‍വലിക്കുന്നത് പതിവാക്കിയ വിദേശികളെ മക്ക പ്രവിശ്യ പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യന്‍ വംശജരായ 39 പേരാണ് അറസ്റ്റിലായത്.
സൗദി പൗരന്മാരുമായും വിദേശികളുമായും ഫോണില്‍ ബന്ധപ്പെട്ട് വന്‍ തുകയുടെ സമ്മാനങ്ങള്‍ അടിച്ചതായും എ.ടി.എം കാര്‍ഡുകള്‍ മരവിപ്പിച്ചതായും അറിയിച്ച് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് പണം തട്ടുകയാണ് ഇവര്‍ ചെയ്തിരുന്നത്. തട്ടിപ്പുകള്‍ക്കിരയായവര്‍ പോലീസില്‍ പരാതികള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ ഊര്‍ജിത അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.
ബാങ്ക് അക്കൗണ്ടുകളും എ.ടി.എമ്മുകളും അപ്‌ഡേറ്റ് ചെയ്യാന്‍ ടെലിഫോണ്‍ വഴി ബന്ധപ്പെടുന്നവര്‍ക്ക് അക്കൗണ്ട് നമ്പറുകളോ ഇഖാമ നമ്പറുകളോ നല്‍കരുതെന്ന് ബാങ്കുകള്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

 

Latest News