കൊല്‍ക്കത്ത-പുല്‍വാമ ഭീകരാക്രമണത്തിന്റെ പേരില്‍ പശ്ചിമ ബംഗാളില്‍ ഷാള്‍ വില്‍പനക്കാരനായ കശ്മീരി യുവാവിന് മര്‍ദനം. നാദിയ ജില്ലയിലെ താഹിര്‍പുര്‍ പ്രദേശത്താണ് ജനക്കൂട്ടം 27 കാരനായ ജാവിദ് അഹ്്മദ് ഖാനെ മര്‍ദിച്ചത്. കശ്മീര്‍ ബദ്ഗാം ജില്ലയിലെ സോയിബഗ് സ്വദേശിയാണ്. മര്‍ദിച്ചവശനാക്കി ഇയാളെ കൊണ്ട് ആള്‍ക്കൂട്ടം വന്ദേമാതരം വിളിപ്പിച്ചു. മര്‍ദനമേറ്റ് മൂക്കില്‍നിന്ന് രക്തമൊലിക്കുന്ന യുവാവിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പുല്‍വാമ ആക്രമണത്തിനു പിന്നാലെ ജാവിദും സഹോദരന്‍ മെഹ്‌റാജുദ്ദീനും കടകള്‍ അടച്ചിരുന്നു. വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തെത്തിയാണ് ജനക്കൂട്ടം ആക്രമിച്ചത്. ഒരു മണിക്കൂറിനുശേഷമാണ് പോലീസ് സ്ഥലത്തെത്തിയതെന്ന് ആരോപണമുണ്ട്.






