2019 ലെ പൊതു തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ 26 സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കോൺഗ്രസിന്റെ തീരുമാനം. കഴിഞ്ഞ തവണ സോണിയാ ഗാന്ധി മത്സരിച്ച റായ്ബറേലിയും രാഹുൽ ഗാന്ധി മത്സരിച്ച അമേത്തിയുമാണ് മോഡി കൊടുങ്കാറ്റിൽ കോൺഗ്രസ് പിടിച്ചുനിർത്തിയത്. അമേത്തിയിൽ തന്നെ രാഹുൽ ആടിയുലഞ്ഞ ശേഷമാണ് ജയിച്ചു കയറിയത്. ഗാന്ധി കുടുംബത്തിന്റെ തട്ടകമായിരുന്ന സുൽത്താൻപൂർ വരുൺ ഗാന്ധിയെ മത്സരിപ്പിച്ച് ബി.ജെ.പി പിടിച്ചെടുക്കുകയായിരുന്നു.
ഇത്തവണ പ്രിയങ്കാ ഗാന്ധിക്കും ജ്യോതിരാദിത്യ സിന്ധ്യക്കും ചുമതലയേൽപിച്ച് കോൺഗ്രസ് ശക്തമായ പ്രവർത്തനങ്ങൾക്ക് പദ്ധതി തയാറാക്കിയിട്ടുണ്ട്. പ്രിയങ്കക്ക് 41 ലോക്‌സഭാ മണ്ഡലങ്ങളുടെയും ജ്യോതിരാദിത്യക്ക് 39 സീറ്റിന്റെയും മേൽനോട്ടച്ചുമതലയാണുള്ളത്. 2009 ൽ മികച്ച പ്രകടനത്തിലൂടെ നേടിയ 21 സീറ്റുകളാണ് കോൺഗ്രസ് പ്രധാനമായും ലക്ഷ്യമിടുന്നത്. മുറാദാബാദ്, ഫിറോസാബാദ്, ബറേലി, ഖേരി, ഉന്നാവ്, പ്രതാപ്ഗഢ്, ഫറൂഖാബാദ്, കാൺപുർ, അക്ബർപുർ, ഝാൻസി, ബാരാബങ്കി, ഫൈസാബാദ്, ബഹ്‌റൈച്, ശ്രാവസ്തി, ഗോണ്ട, ദോമരിയാഗഞ്ച്, കുഷിനഗർ എന്നിവിടങ്ങളിൽ 2009 ൽ കോൺഗ്രസ് ജയിച്ചിരുന്നു. മുൻ എം.പിമാർക്ക് ഈ മണ്ഡലങ്ങളിലൊക്കെ ഇലക്ഷൻ ചുമതല നൽകിയിട്ടുണ്ട്.
എസ്.പി-ബി.എസ്.പി സഖ്യം അവഗണിച്ചതോടെ സംസ്ഥാനത്ത് കോൺഗ്രസ് ഒറ്റക്ക് പൊരുതേണ്ട അവസ്ഥയാണ്. എന്നാൽ പ്രിയങ്കയുടെ രംഗപ്രവേശം പാർട്ടിക്ക് പ്രതീക്ഷ നൽകുന്നുണ്ട്. കോൺഗ്രസ് ശക്തി പ്രാപിച്ചാൽ അത് ആരെയാണ് ബാധിക്കുകയെന്ന ചോദ്യം സംസ്ഥാനത്ത് ശക്തമാണ്. ബി.ജെ.പിയുടെ മേൽജാതി വോട്ടുകളിലാണ് കോൺഗ്രസ് വിള്ളൽ വീഴ്ത്തുകയെന്നാണ് ഒരു നിരീക്ഷണം. എസ്.പി-ബി.എസ്.പി സഖ്യത്തിന്റെ വോട്ട് പിടിച്ച് കോൺഗ്രസ് ഫലത്തിൽ ബി.ജെ.പിയെയാണ് സഹായിക്കുകയെന്ന് കരതുന്നവരുമുണ്ട്.
സുൽത്താൻപുരിന്റെ സമീപ മണ്ഡലമായ ദൗരാഹര, കുഷിനഗർ, ബാരാബങ്കി, ഹർദോയ്, കാൺപൂർ, മഹാരാജ്ഗഞ്ച്, മിർസാപൂർ തുടങ്ങിയ മണ്ഡലങ്ങൾ കോൺഗ്രസ് ശക്തമായ പ്രതീക്ഷ വെച്ചുപുലർത്തുന്നവയാണ്. റായ്ബറേലിയിൽ പ്രിയങ്കയോ സോണിയാ ഗാന്ധിയോ ആര് മത്സരിക്കുമെന്ന അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. അസുഖ ബാധിതയായ സോണിയ പാർട്ടിയുടെ ഉത്തരവാദിത്തം രാഹുലിനെ ഏൽപിച്ചിരിക്കുകയാണ്. അതോടെ പ്രിയങ്ക റായ്ബറേലിയിൽ മത്സരിക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ താൻ മത്സരിക്കാനില്ലെന്ന് പ്രിയങ്ക പ്രഖ്യാപിച്ചിട്ടുണ്ട്. ലഖ്‌നൗ, ഫൂൽപുർ സീറ്റുകളിൽ പ്രിയങ്ക മത്സരിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെടുന്നുണ്ട്. റീതാ ബഹുഗുണ ജോഷി ബി.ജെ.പിയിലേക്ക് ചുവട് മാറ്റിയതോടെ ലഖ്‌നൗവിൽ കോൺഗ്രസിന് കാര്യമായ നേതാക്കളില്ല. ഫൂൽപുർ ജവാഹർലാൽ നെഹ്‌റുവിന്റെ മണ്ഡലമായിരുന്നു.






