കാബൂൾ- അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട രാഷ്ട്രീയ നേതാവിന്റെ മകന്റെ ഖബറടക്കത്തിനിടെ ഉണ്ടായ സ്‌ഫോടനങ്ങളിൽ പത്ത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ കഴിഞ്ഞ ദിവസം പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സലിം എസദ്യാറിന്റെ ഖബറക്ക ചടങ്ങിനിടെയാണ് മൂന്ന് പൊട്ടിത്തെറികളുണ്ടായത്. വെള്ളിയാഴ്ച പോലീസുമായി ഏറ്റുമുട്ടിയ സലിം എസദ്യാറിനു പുറമെ മൂന്ന് യുവാക്കളും കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടനത്തിൽ ആളുകൾ കഷ്ണങ്ങളായി ചിതറിയെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. മരണ സംഖ്യ ഇനിയും കൂടുമെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ 87 പേരെ കാബൂളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ആരോഗ്യമന്ത്രാലയ വക്താവ് വഹീദ് മജ്‌റോഹ് പറഞ്ഞു.
അഫ്ഗാൻ ജനപ്രതിനിധിയുടെ മകനായ സലിം എസ്ദ്യാറിന്റെ ഖബറടക്ക ചടങ്ങിൽ ചീഫ് എക്‌സിക്യുട്ടീവ് അബ്ദുല്ല അബ്ദുല്ല ഉൾപ്പെടെ നിരവധി സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു. അബ്ദുല്ല അബ്ദുല്ലക്ക് പരിക്കില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസിൽനിന്നറിയിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം വൈകിട്ട് വരെ ആരും ഏറ്റെടുത്തിട്ടില്ല. രാജ്യം ആക്രമിക്കപ്പെടുകയാണെന്നും നാം ഒരുമിച്ച് നിൽക്കണമെന്നും അഫ്ഗാൻ പ്രസിഡന്റ് അശ്‌റഫ് ഗനി ട്വിറ്ററിൽ ജനങ്ങളോട് അഭ്യർഥിച്ചു.
കാബൂളിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിൽ 90 പേർ കൊല്ലപ്പെട്ട ട്രക്ക് ബോംബ് ആക്രമണത്തിനു പിന്നാലെ ആക്രമണങ്ങൾ ആവർത്തിക്കുന്നത് അഫ്ഗാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കുമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. 2001 നുശേഷമുള്ള ഏറ്റവും വലിയ ഭീകരാക്രമണമാണ് ബുധനാഴ്ച കാബൂളിലുണ്ടായത്. തലസ്ഥാനത്ത് ഏറ്റവും സുരക്ഷിതമായ മേഖലയിൽ കൂടി ഭീകരർക്ക് ആക്രമണം നടത്താൻ സാധിക്കുമെന്നാണ് ഇത് തെളിയിച്ചത്. പ്രസിഡൻഷ്യൽ പാലസും വിദേശ എംബസികളും സ്ഥിതി ചെയ്യുന്ന പ്രദേശത്തായിരുന്നു സ്‌ഫോടനം.
പ്രസിഡന്റ് ഗനി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച നടന്ന പ്രതിഷേധ പ്രകടനമാണ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്.
പ്രതിഷേധ പ്രകടനങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇന്നലെ കാബൂൾ പട്ടണത്തിൽ വൻ സുരക്ഷാ സന്നാഹങ്ങൾ ഏർപ്പെടുത്തിയിരുന്നു. കവചിത വാഹനങ്ങൾ റോന്ത് ചുറ്റിയ നഗരത്തിൽ പലയിടത്തും ചെക്ക് പോയിന്റുകൾ സ്ഥാപിച്ചിരുന്നു. ജനക്കൂട്ടത്തിനിടയിൽ സ്‌ഫോടനമുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി ഖബറടക്ക ചടങ്ങിലുണ്ടായ സ്‌ഫോടനത്തിനു മുമ്പ് അധികൃതർ പട്ടണത്തിലേക്കുള്ള നിരവധി റോഡുകൾ അടച്ചിരുന്നു.