'ഇന്ത്യാ-സൗദി ബന്ധത്തില്‍ പുതുപുലരി': ഇരു രാജ്യങ്ങളും ഒപ്പിട്ട കരാറുകളെ കുറിച്ച് അറിയേണ്ടതെല്ലാം

ന്യുദല്‍ഹി- സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ത്യയും സൗദിയും വിവിധ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിന് കരാറുകള്‍ ഒപ്പിട്ടു. ഇന്ത്യയുടെ സവിശേഷ പങ്കാളി രാജ്യങ്ങളില്‍ ഒന്നായാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി സൗദിയെ വിശേഷിപ്പിച്ചത്. സൗദി അറേബ്യ ഇന്ത്യയ്ക്ക് ഏറ്റവും മൂല്യമേറിയ തന്ത്രപ്രധാന പങ്കാളി രാജ്യമാണ്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായിട്ടുണ്ടെന്നും മോഡി പറഞ്ഞു. 

  • അഞ്ചു ധാരണ പത്രങ്ങളാണ് ഇരു രാജ്യങ്ങളും തമ്മില്‍ ബുധനാഴ്ച ഒപ്പിട്ടത്. പശ്ചാത്തല വികസനത്തിന് പണം കണ്ടെത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടില്‍ നിക്ഷേപം, ടൂറിസം രംഗത്തെ സഹകരണം, ഭവനനിര്‍മ്മാണ രംഗത്തെ സഹകരണം, ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചട്ടക്കൂട് സഹകരണ പദ്ധതി, പ്രക്ഷേപണ രംഗത്തെ സഹകരണം എന്നിവ സംബന്ധിച്ച കരാറുകളാണിത്.
  • ഇന്ത്യന്‍ മുന്‍കൈ എടുത്ത് 2015-ല്‍ പാരീസില്‍ രൂപീകൃതമായ രാജ്യാന്തര സൗരോര്‍ജ സഖ്യത്തില്‍ സൗദിയേയും പങ്കാളികളാക്കാന്‍ ഇന്ത്യ തീരുമാനിച്ചു. പുനരുപയോഗ ഊര്‍ജ രംഗത്തെ സഹകരണത്തിനായുള്ള 121 രാജ്യങ്ങളുടെ കൂട്ടായ്മയാണിത്. 
  • കൂടാതെ മിനിസ്റ്റീരിയല്‍ തലത്തില്‍ ഇന്ത്യയും സൗദിയും സംയുക്തമായി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ രൂപീകരിക്കാനും തീരുമാനിച്ചു. 
  • പ്രതിരോധ മേഖലയിലും ഇരു രാജ്യങ്ങളും സഹകരണം മെച്ചപ്പെടുത്താന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സംയുക്ത നാവിക സേനാ അഭ്യാസം സംഘടിപ്പിക്കും. 

കിരീടാവകാശിയും മോഡിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിനിധി തല ചര്‍ച്ചയും നടന്നു. വ്യാപാര, ഭീകരത തടയല്‍ രംഗങ്ങളിലും കൂടുതല്‍ സഹകരണത്തിനും ധാരണയായി. 

Latest News