കാസർക്കോട്- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ മാത്രമല്ല ഉത്തരവാദിയെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീടുകൾ സന്ദർശിച്ച ശേഷമാണ് ഫിറോസ് ഇക്കാര്യം പറഞ്ഞത്.
ഫിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിനോടൊപ്പം ഇന്ന് കാസർകോട് കല്യോട്ട് സി.പി.എമ്മുകാർ കൊലപ്പെടുത്തിയ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ചു. ആദ്യം പോയത് കൃപേഷിന്റെ വീട്ടിലേക്കായിരുന്നു. രണ്ട് പേർക്കൊരുമിച്ച് ചേർന്ന് നടക്കാനാവാത്ത വഴി. വീടെന്ന് പറയാനാവില്ല. കെട്ടിമേഞ്ഞ ഒരു ഷെഡ്ഡ്. അതിനകത്ത് രണ്ട് കട്ടിൽ. ഇലക്ട്രോണിക് ഉപകരണങ്ങളായി ഒരു മിക്‌സിയും ഫേനും മാത്രമേ ഉള്ളൂ. ഈ കൂരക്കുള്ളിലിരുന്നാണ് ഒരു 19 വയസ്സുള്ള ചെറുപ്പക്കാരൻ സ്വപ്നങ്ങൾ നെയ്തു കൂട്ടിയത്. പട്ടാളത്തിൽ ചേരണമെന്നായിരുന്നുവത്രേ ആഗ്രഹം. ഉമ്മൻ ചാണ്ടിയെ കണ്ടതോടെ അച്ഛൻ കൃഷ്ണൻ പൊട്ടിക്കരഞ്ഞു. പീതാംബരൻ കൊന്നതാണെന്ന് ആവർത്തിച്ചാവർത്തിച്ചു പറഞ്ഞു. 'ഞങ്ങൾക്കൊന്നും വേണ്ട സാറേ അവർക്ക് ശിക്ഷ കിട്ടിയാൽ മതി' എന്ന് പറഞ്ഞ് ആ അച്ഛൻ വിതുമ്പി. പിന്നീട് അമ്മയെ കാണാനായി അവരുടെ കട്ടിലിനടുത്തേക്ക് . ഇത്രയും പോറ്റി വളർത്തി വലുതാക്കിയിട്ട് ഞങ്ങൾക്കൊരു തുണയാകുമ്പോഴേക്ക് അവർ കൊന്നു കളഞ്ഞില്ലേ സാറേ എന്നവർ ആർത്തലച്ചു പറഞ്ഞു. പിന്നീട് മോഹാലസ്യപ്പെട്ട് വീണു. രണ്ട് സഹോദരിമാരാണ് കൃപേഷിന്. അതിലൊരാൾ ഗർഭിണിയും. രണ്ട് പേരും കരഞ്ഞ് തളർന്ന് കിടക്കുകയാണ്.
ജോഷി എന്ന് വീട്ടുകാരും നാട്ടുകാരും സ്‌നേഹത്തോടെ വിളിക്കുന്ന ശരത് ലാലിന്റെ വീട്ടിലേക്കാണ് അവിടെ നിന്നും പോയത്. ഒരു സഹോദരിയാണ് ശരതിന്. സ്വന്തം കൂടപ്പിറപ്പിന്റെ തല വെട്ടിപ്പിളർന്ന് റോഡരികിൽ കിടക്കുന്നത് ആദ്യം കണ്ടത് ഈ സഹോദരിയാണ്. ഇവരുടെ മനോനില ഇപ്പോഴും സാധാരണ രീതിയിലേക്കായിട്ടില്ല. അമ്മയുടെ സ്ഥിതിയും അത് തന്നെ. അച്ഛൻ കുറച്ചു കൂടി വ്യക്തമായി തന്നെ കാര്യങ്ങൾ സംസാരിച്ചു. പാർട്ടി നേതൃത്വത്തിന്റെ ആസൂത്രണത്തോടെയാണ് കൊല നടത്തിയതെന്നദ്ധേഹം തുറന്നു പറഞ്ഞു. പീതാംബരൻ ക്രിമിനലാണെന്ന് ആ വീട്ടിലെ സ്ത്രീകളെല്ലാവരും പറഞ്ഞു. കുട്ടികൾ വാദ്യമേളം പഠിക്കുന്ന സാംസ്‌കാരിക നിലയത്തിന് തീയിട്ടത്, ഒരു വീടു കത്തിച്ചത്, മഹേഷിന്റെ തലക്കടിച്ചത്, പ്രസാദിന്റെ കൈക്ക് വെട്ടിയത്... അവർ എണ്ണിയെണ്ണി പറഞ്ഞു. ഉമ്മൻ ചാണ്ടി സർ അനുവദിച്ച സ്‌കൂളും അയാൾ നശിപ്പിച്ചു. അധ്യാപകരെ ഭീഷണിപ്പെടുത്തി പറഞ്ഞയച്ചു. ഈ തോന്നിവാസങ്ങൾ സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് ശരത് ചോദ്യം ചെയ്തത്. അത് അടിപിടിയിൽ കലാശിച്ചു. തന്നെക്കൊണ്ടാവുമ്പോലെ ശരത്തും തല്ലിയിട്ടുണ്ട്. ഈ കേസിലാണ് ശരത് പ്രതി ചേർക്കപ്പെട്ടത്. ഇതാണിപ്പോൾ ചിലരൊക്കെ കൊലപാതകത്തിന് ന്യായീകരണം ചമയ്ക്കാനായി ഉപയോഗിക്കുന്നത്.
അഭിമന്യു സംഭവവുമായി ഇതിനെ താരതമ്യപ്പെടുത്തരുതത്രേ! നിങ്ങൾക്ക് അഭിമന്യുമാർ മാത്രമാണ് രക്ത സാക്ഷികൾ. നിങ്ങൾക്ക് സ്വന്തം കയ്യിൽ സൂക്ഷിച്ച രക്ത സാക്ഷികളുടെ ലിസ്റ്റ് മാത്രമാണ് പ്രധാനം.
ഇടതു ലിബറലുകളും ആദ്യം കൊലപാതകത്തെ തള്ളിപ്പറഞ്ഞ പിണറായി ഭക്തുക്കളുമൊക്കെ തനി നിറം കാട്ടാൻ തുടങ്ങിയിട്ടുണ്ട്. ഇതൊന്നും നിങ്ങൾക്ക് മനസ്സിലാവില്ല സുഹൃത്തേ... ഭക്തുക്കളുടെ കയ്യടിക്കിടയിൽ ജീവിക്കുന്ന നിങ്ങൾക്കിത് ഒട്ടും മനസ്സിലാവില്ല. മനസ്സിലാവണമെങ്കിൽ കമ്മ്യൂണിസ്റ്റ് കാപാലികർക്ക് വേരോട്ടമുള്ളിടത്ത് അവർക്കെതിരെ സംസാരിച്ചു നോക്കണം. അവർക്കെതിരെ പ്രവർത്തിച്ചു നോക്കണം. അപ്പോഴേ കൃപേഷുമാരെ നിങ്ങൾക്ക് മനസ്സിലാക്കാനാവൂ. അപ്പോഴേ ശരത് ലാലുമാരെ നിങ്ങൾക്കുൾക്കൊള്ളാനാവൂ.
ഒരു കാര്യം കൂടി അറിഞ്ഞു കൊള്ളുക. കത്വയിലെ എട്ടു വയസ്സുള്ള കുഞ്ഞിനെ ബലാൽസംഗം ചെയ്ത് കൊന്നത് നരേന്ദ്ര മോദിയായിരുന്നില്ല. ജുനൈദിനെ കൊന്നത് അമിത് ഷാ ആയിരുന്നില്ല. പെഹ്‌ലു ഖാനെ കൊന്നത് യോഗി ആദിത്യ നാഥുമല്ല. എന്നിട്ടും നമ്മളവരെ കുറ്റപ്പെടുത്തിയത് ആ മനോഭാവം വളർത്തുന്നതിൽ അവർ വഹിച്ച പങ്കിനാലാണ്. കേരളത്തിലെ സി.പി.എം നടത്തുന്ന കൊലപാതക രാഷ്ട്രീയത്തിന് പീതാംബരൻമാർ മാത്രമല്ല ഉത്തരവാദി. പ്രതികളെ ജയിലിൽ സന്ദർശിക്കുന്ന കൊടിയേരിമാർ മാത്രമല്ല ഉത്തരവാദി. പ്രതികളുടെ വിവാഹം വരെ നടത്തിക്കൊടുക്കുന്ന ഷംസീറുമാരുമല്ല. ഈ കൊലപാതകത്തെ ന്യായീകരിക്കുന്ന/ ലഘുകരിക്കുന്ന നിങ്ങളും കൂടിയാണ്. ഈ രണ്ട് ചെറുപ്പക്കാരുടെ ശരീരത്തിൽ നിന്നും തെറിച്ച രക്തത്തുള്ളികൾ നിങ്ങളുടെ ദേഹത്ത് കൂടി പുരണ്ടിട്ടുണ്ട്. ആ കറ അത്ര എളുപ്പം മാഞ്ഞ് പോവില്ല.