കേരളത്തില്‍ ആറ് മണ്ഡലങ്ങളില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കൊച്ചി- കേരളത്തില്‍ എസ്.ഡി.പി.ഐ മത്സരിക്കുന്ന ആറ് ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. യഥാര്‍ഥ ബദലിന് എസ്.ഡി.പി.ഐക്ക് വോട്ട് ചെയ്യുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ്  പാര്‍ട്ടി മല്‍സരിക്കുന്നതെന്ന് ദേശീയ വൈസ് പ്രസിഡന്റും കേരളത്തിന്റെ ചുമതലയുമുള്ള ദഹ്ലാന്‍ ബാഖവി പറഞ്ഞു. ആദ്യഘട്ട പട്ടികയാണിതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദേശീയ സമിതി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ റോയി അറയ്ക്കല്‍ ചാലക്കുടിയിലും ദേശീയ സമിതി അംഗവും സംസ്ഥാന സെക്രട്ടറിയുമായ കെ.കെ. അബ്ദുല്‍ ജബ്ബാര്‍ കണ്ണൂരിലും ജനവിധി തേടും. സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ കൊമ്മേരി വടകരയില്‍ മല്‍സരിക്കും. എസ്.ഡി.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ബാബു മണി കരുവാരക്കുണ്ട് വയനാട്ടിലും മലപ്പുറം ജില്ലാ സെക്രട്ടറിയും അഭിഭാഷകനുമായ അഡ്വ. കെ സി നസീര്‍ പൊന്നാനിയിലും, എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വി.എം ഫൈസല്‍ എറണാകുളത്തും മല്‍സരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ പി അബ്ദുല്‍ മജീദ് ഫൈസി, എം.  മനോജ് കുമാര്‍ , മൂവാറ്റുപുഴ അഷ്്റഫ് മൗലവി , പി അബ്ദുല്‍ ഹമീദ് , റോയി അറയ്ക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Latest News