കാസർകോട്- പെരിയ കൂട്ടക്കൊലക്കേസിൽ പിടിയിലായി പ്രഭാകരന്റെ കുടുംബം പാർട്ടിക്കെതിരെ രംഗത്ത്. സി.പി.എം അറിയാതെ പീതാംബരന് സ്വന്തമായി കൊല നടത്താൻ കഴിയില്ലെന്ന് കുടുംബം വ്യക്തമാക്കി. കൊല നടത്തിയിട്ടുണ്ടെങ്കിൽ പാർട്ടിയുടെ അറിവോടെയായിരിക്കണം. പീതാംബരൻ കുറ്റം ചെയ്തുവെന്ന് വിശ്വസിക്കുന്നില്ലെന്നും കുടുംബം പറഞ്ഞു. ഒരു ഉറുമ്പിനെ പോലും നോവിക്കാത്തയാളാണ് പീതാംബരൻ. അദ്ദേഹം അങ്ങിനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ഭാര്യ മഞ്ജുവും മകൾ ദേവികയും പറഞ്ഞു. കൊല നടത്തിയിട്ടുണ്ടെങ്കിൽ അത് പാർട്ടിക്ക് വേണ്ടിയാകണം. കൊല്ലപ്പെട്ടവർ പീതാംബരനെ കമ്പിപ്പാര ഉപയോഗിച്ച് തല്ലിയിരുന്നു. ജനുവരി അഞ്ചിനായിരുന്നു ഇത്. കയ്യിൽ സ്റ്റീലിടേണ്ടി വന്നു. ആ കൈ കൊണ്ട് ഒന്നും ചെയ്യാനാകില്ല. പരസഹായമില്ലാതെ ഒന്നും ചെയ്യാനാകില്ല. ഈ അവസ്ഥയിൽ ഒരാളെ കൊലപ്പെടുത്തിയെന്ന് എങ്ങിനെയാണ് വിശ്വസിക്കുക. മറ്റാർക്കോ വേണ്ടി കുറ്റം ഏറ്റെടുക്കുകയായിരുന്നു. ഇക്കാര്യത്തിൽ സത്യം പുറത്തുവരണമെന്നും ഭാര്യ മഞ്ജു പറഞ്ഞു.