Sorry, you need to enable JavaScript to visit this website.

കിരീടാവകാശിയും  പ്രധാനമന്ത്രിയുമായുള്ള ചർച്ച ഇന്ന്

ന്യൂദൽഹി - സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ദ്വിദിന ഇന്ത്യൻ സന്ദർശനത്തിന് തുടക്കം. ഇന്നലെ വൈകിട്ട് ന്യൂദൽഹി എ.എഫ്.എസ് പാലം എയർപോർട്ടിലെത്തിയ കിരീടാവകാശിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ്, ഇന്ത്യയിലെ സൗദി അംബാസഡർ സൗദ് അൽസാത്തി, സൗദിയിലെ ഇന്ത്യൻ അംബാസഡർ അഹ്മദ് ജാവേദ്, ഇന്ത്യയിലെ സൗദി മിലിട്ടറി അറ്റാഷെ ബ്രിഗേഡിയർ ഖാലിദ് അൽനമിർ തുടങ്ങിയവർ ചേർന്ന് കിരീടാവകാശിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടത്തുന്ന പ്രഥമ ഇന്ത്യൻ സന്ദർശനമാണിത്. 
മന്ത്രിമാരും പ്രമുഖ വ്യവസായികളും അടക്കമുള്ള ഉന്നതതല സംഘം കിരീടാവകാശിയെ അനുഗമിച്ച് ന്യൂദൽഹിയിലെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും തമ്മിലുള്ള ഔദ്യോഗിക ചർച്ച ഇന്നാണ് നടക്കുക. ഭീകര വിരുദ്ധ പോരാട്ടം, പ്രതിരോധം, സുരക്ഷ അടക്കം പൊതുതാൽപര്യമുള്ള നിരവധി വിഷയങ്ങൾ പ്രധാനമന്ത്രിയും സൗദി കിരീടാവകാശിയും ചർച്ച ചെയ്യും. കിരീടാവകാശിയുടെ ബഹുമാനാർഥം ഇന്ന് ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി ഉച്ച വിരുന്ന് ഒരുക്കും. 
പ്രധാനമന്ത്രിയും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും തമ്മിൽ നടത്തുന്ന ചർച്ചക്കു ശേഷം ഭീകരതയെ ശക്തമായ ഭാഷയിൽ അപലപിക്കുന്ന പ്രസ്താവന ഇന്ത്യയും സൗദി അറേബ്യയും പുറത്തിറക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ശ്രമം നടത്തിയേക്കുമെന്നാണ് കരുതുന്നത്. ഇന്ത്യ-പാക് സംഘർഷം ലഘൂകരിക്കുന്നതിന് സൗദി അറേബ്യ ശ്രമങ്ങൾ നടത്തുമെന്ന് വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ ഇസ്‌ലാമാബാദിൽ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കിരീടാവകാശിയുടെ സന്ദർശനത്തിനിടെ ഇന്ത്യയും സൗദി അറേബ്യയും മന്ത്രിതലത്തിൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ സ്ഥാപിക്കുമെന്നാണ് കരുതുന്നത്. രാഷ്ട്രീയ, സുരക്ഷാ, വ്യാപാര, നിക്ഷേപ, സാംസ്‌കാരിക മേഖലകളിൽ പങ്കാളിത്തം കൂടുതൽ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൗൺസിൽ സ്ഥാപിക്കുന്നത്. പ്രതിരോധം, ആരോഗ്യ പരിചരണം, ഇന്ത്യയിൽ പശ്ചാത്തല വികസന മേഖലയിൽ നിക്ഷേപങ്ങൾ നടത്തൽ എന്നിവ അടക്കം നിരവധി മേഖലകളിൽ സഹകരിക്കുന്നതിനുള്ള ധാരണാപത്രങ്ങൾ കിരീടാവകാശിയുടെ സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
പ്രധാനമന്ത്രി നരേന്ദ മോഡി നടത്തിയ റിയാദ് സന്ദർശനത്തിന് മൂന്നു വർഷത്തിനു ശേഷമാണ് സൗദി കിരീടാവകാശിയുടെ ഇന്ത്യൻ സന്ദർശനം. വ്യാപാരം, നിക്ഷേപം, ഭീകര വിരുദ്ധ പോരാട്ടം എന്നിവ അടക്കമുള്ള മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിന് പ്രധാനമന്ത്രിയുടെ സൗദി സന്ദർശനത്തിലൂടെ സാധിച്ചിരുന്നു. പണം വെളുപ്പിക്കലും ഭീകരതയുമായും ബന്ധപ്പെട്ട ഇന്റലിജൻസ് വിവരങ്ങൾ പരസ്പരം കൈമാറുന്നതിനുള്ള കരാറിലും പ്രധാനമന്ത്രിയുടെ സൗദി സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരുന്നു. 
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ത്യയിൽ സന്ദർശനം നടത്തുന്നത്. അർജന്റീനയിൽ നടന്ന ജി-20 ഉച്ചകോടിക്കിടെ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ പ്രധാനമന്ത്രി ഇന്ത്യൻ സന്ദർശനത്തിന് ക്ഷണിച്ചത്. 
രണ്ടു ദിവസം നീണ്ട പാക്കിസ്ഥാൻ സന്ദർശനം പൂർത്തിയാക്കിയാണ് കിരീടാവകാശി ന്യൂദൽഹിയിലെത്തിയത്. സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട പാക്കിസ്ഥാനിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടത്തിയ ദ്വിദിന സന്ദർശനത്തിനിടെ രണ്ടായിരം കോടി ഡോളറിന്റെ കരാറുകൾ സൗദി അറേബ്യ ഒപ്പുവെച്ചിരുന്നു. ഇന്ത്യൻ സന്ദർശനം പൂർത്തിയാക്കി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ചൈനയിലേക്ക് പോകും. കിരീടാവകാശിയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് ന്യൂദൽഹിയിലെ പ്രധാന റോഡുകളിൽ നിരവധി സൈൻ ബോർഡുകളും ഇന്ത്യൻ, സൗദി ദേശീയ പതാകകളും ഉയർത്തിയിട്ടുണ്ട്. 

Latest News