Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പീതാംബരനെ കുടുക്കിയത് അച്ഛൻ കൃഷ്ണന്റെ വാക്കുകൾ

കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ

കാസർകോട് - കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛൻ കൃഷ്ണന്റെ വാക്കുകളാണ് സി പി എം ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ കൊലയുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലാക്കിയത്. ഞാനും കമ്മ്യൂണിസ്റ്റുകാരൻ ആണെന്നും പാർട്ടിക്കാരായ പീതാംബരനും വത്സനും അറിയാതെ കൃപേഷിനെ കൊല്ലില്ലെന്നും അച്ഛൻ കൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 
പീതാംബരനെ ആക്രമിച്ച കേസിലാണ് ശരത് റിമാൻഡിൽ കഴിഞ്ഞത്. കൃപേഷും ആ കേസിൽ ആറാം പ്രതിയായിരുന്നു. സ്ഥലത്തുണ്ടായിരുന്നില്ലെന്ന് കണ്ടെത്തി പോലീസ് ഒഴിവാക്കിയതാണ്. സംഭവത്തിന് ശേഷം ഭീഷണിയുടെ നിഴലിൽ ആയിരുന്നു ഇരുവരും. പീതാംബരനും സംഘത്തിനുമുള്ള വൈരാഗ്യം തന്നെയാണ് ക്വട്ടേഷൻ സംഘത്തെ ഇറക്കിയുള്ള കൊലപാതകത്തിന് പിന്നിലെന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ. 
കൃപേഷിനേയും ശരത്തിനെയും വധിച്ചത് തലയിൽ കൃത്യമായി വെട്ടിയാണെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. കൊലയാളികളായി എത്തിയ ക്വട്ടേഷൻ സംഘത്തിന് പ്രദേശത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് ഉറപ്പാക്കിയിട്ടുണ്ട്. കൊല നടത്താൻ സഹായം ചെയ്തുകൊടുത്തവരെന്ന് സംശയിക്കുന്ന ഏഴ് പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. 
രണ്ട് ബൈക്കുകളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൃപേഷും ശരത് ലാലും ബൈക്കിൽ വീട്ടിലേക്ക് പുറപ്പെടുന്നത് കല്യോട്ട് ക്ഷേത്രത്തിന്റെ സമീപത്ത് വെച്ച് ആരോ കൃത്യമായി ശരത്തിന്റെ വീട്ടിലേക്കുള്ള വഴിയിൽ കാത്തുനിന്നിരുന്ന ക്വട്ടേഷൻ സംഘത്തിന് കൈമാറിയിരുന്നു. പത്ത് മിനിറ്റുകളുടെ ഇടവേളയിൽ നടത്തിയ വിദഗ്ധമായ ഓപ്പറേഷനിലാണ് യുവാക്കളെ വധിച്ചത്. ശരത്തിനെ കൊല്ലുന്നതിനായിരുന്നു ക്വട്ടേഷൻ. ദൃക്‌സാക്ഷികളും തെളിവുകളും ഇല്ലാതാക്കാനാണ് കൃപേഷിനെ കൂടി വകവരുത്തിയതെന്നാണ് കരുതുന്നത്. കല്യോട്ട് ക്ഷേത്ര പരിസരത്ത് നിന്ന് സുഹൃത്തുക്കൾ പിരിഞ്ഞ ശേഷം ശരത് ലാലിനെ വീട്ടിൽ വിടാനാണ് കൃപേഷ് ബൈക്കിൽ ഒപ്പം വന്നത്. 
ശരത്തിന്റെ വീട് എത്തുന്നതിന് തൊട്ടുമുമ്പ് താന്നിത്തടം-കല്യോട്ട് ടാർ റോഡ് അവസാനിക്കുന്ന കൂരങ്കര എന്ന സ്ഥലത്താണ് കൊല നടന്നത്. ഇവിടെ മലഞ്ചെരുവിലുള്ള കുറ്റിക്കാട്ടിൽ ആണ് സഹായികളുടെ ഫോൺ വിളിക്ക് കാതോർത്ത് കൊലയാളി സംഘം ഒളിച്ചിരുന്നത്. ഈ സ്ഥലത്ത് ആകെയുള്ളത് മൂന്ന് വീടുകൾ മാത്രമാണ്. അവധി ദിവസമായതിനാൽ ഈ വീടുകളിലൊന്നും ആളുകളും ഉണ്ടായിരുന്നില്ല. വിജനമായ സ്ഥലത്ത് കൊല നടത്തുന്നതിന് പത്ത് മിനുട്ട് മുമ്പ് ശരത്തിന്റെ ബന്ധുക്കൾ ജയപുരത്തെ വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത് വീടുകളിൽ തിരിച്ചെത്തിയിരുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരു സംഘം പത്ത് മിനുട്ട് കഴിഞ്ഞു എത്തുമ്പോഴാണ് ശരത്ത് വെട്ടേറ്റു റോഡിൽ കിടക്കുന്നത് കണ്ടത്. 150 മീറ്റർ അകലെയായാണ് കൃപേഷിനെ കണ്ടെത്തിയത്. സ്ഥലത്ത് നിന്ന് മൂന്ന് മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തു. കൊടുവാളിന്റെ പിടിയും. ഫോണുകളിൽ രണ്ടെണ്ണം കൊല്ലപ്പെട്ടവരുടേതാണ്, ഒരു മൊബൈൽ ഫോൺ കൊലയാളി സംഘത്തിന്റേതാണെന്ന് കരുതുന്നു. ഇവയെല്ലാം സൈബർ സെല്ലിന് കൈമാറി. വാളിന്റെ കഷ്ണം ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. 

Latest News