Sorry, you need to enable JavaScript to visit this website.

ജാട്ട് ഭൂമിയിൽ ജാതി യുദ്ധം

2014 ലെ ലോക്‌സഭാ ഇലക്ഷൻ മുതൽ ഹരിയാനയിൽ ബി.ജെ.പി കരുത്താർജിക്കുകയാണ്. അതിനു ശേഷം സംസ്ഥാനത്ത് ആദ്യമായി ബി.ജെ.പി മന്ത്രിസഭ നിലവിൽ വന്നു. ഇക്കഴിഞ്ഞ ജിൻഡ് ഉപതെരഞ്ഞെടുപ്പിൽ സീറ്റ് പിടിച്ചെടുത്ത ബി.ജെ.പിഭരണവിരുദ്ധ വികാരത്തിനിടയിലും ഹരിയാനയിൽ കരുത്തു കാട്ടുകയാണ്. ഈയിടെ നടന്ന മേയർ തെരഞ്ഞെടുപ്പിൽ അഞ്ച് നഗരങ്ങളിലും ബി.ജെ.പി വെന്നിക്കൊടി നാട്ടി. പ്രതിപക്ഷം ഛിന്നഭിന്നമാണ് സംസ്ഥാനത്ത്. വീരേന്ദർ സെവാഗിനെ സ്ഥാനാർഥിയാക്കി കോൺഗ്രസിന്റെ ഉരുക്കുകോട്ടയായ റോത്തകും പിടിക്കാനുള്ള പദ്ധതിയാണ് ബി.ജെ.പിക്ക്. 

കോൺഗ്രസും ഇന്ത്യൻ നാഷനൽ ലോക്ദളും തമ്മിൽ ബലാബലം നടന്നിരുന്ന ഹരിയാനയിൽ ബി.ജെ.പി ചിത്രത്തിലേക്ക് വരുന്നത് 2014 ലെ ലോക്‌സഭാ ഇലക്ഷനോടെയാണ്. ഒരു പതിറ്റാണ്ടോളം സംസ്ഥാനം ഭരിച്ച കോൺഗ്രസിന് നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെട്ടു. 2009 ൽ ഹരിയാനയിലെ 10 ലോക്‌സഭാ സീറ്റുകളിൽ ഒമ്പതും ജയിച്ചിരുന്ന കോൺഗ്രസിന് 2014 ൽ ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തൊട്ടുപിന്നാലെ സംസ്ഥാനത്ത് ആദ്യമായി ബി.ജെ.പി മന്ത്രിസഭ നിലവിൽ വന്നു. 2009 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും നാല് സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 47 സീറ്റ് സ്വന്തമാക്കി. ഇക്കഴിഞ്ഞ ജിൻഡ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഒരു സൂചനയാണെങ്കിൽ സംസ്ഥാനത്ത് ബി.ജെ.പി പ്രഭാവം ശക്തിപ്പെടുകയാണ്. ലോക്ദളിൽ നിന്ന് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുകയാണ് ചെയ്തത്.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ കോൺഗ്രസ് തിരിച്ചുവരവിന്റെ സൂചനകൾ കാണിക്കുകയാണെങ്കിലും ഹരിയാനയിൽ അവരുടെ നില പരുങ്ങലിലാണ്. 2014 ലെ ലോക്‌സഭാ ഇലക്ഷനിലെയും നിയമസഭാ തെരഞ്ഞെടുപ്പിലെയും വിജയം ആവർത്തിക്കുമെന്ന സൂചനയാണ് ബി.ജെ.പി നൽകുന്നത്. റിബൽ എം.പി രാജ്കുമാർ സയ്‌നിയാണ് ബി.ജെ.പിക്ക് ഇത്തവണ ഏറ്റവും വലിയ ആശങ്ക. 
2014 ലെ ലോക്‌സഭാ ഇലക്ഷനിൽ ബി.ജെ.പിയും കുൽദീപ് ബിഷ്‌ണോയിയുടെ ഹരിയാന ജനഹിത് കോൺഗ്രസും (എച്ച്.ജെ.സി) സഖ്യമായാണ് മത്സരിച്ചത്. സംസ്ഥാനത്തെ പത്ത് സീറ്റിൽ ഏഴും ബി.ജെ.പി നേടി. എന്നാൽ എച്ച്.ജെ.സി മത്സരിച്ച രണ്ട് സീറ്റിലും തോറ്റു. ഇതോടെ ബി.ജെ.പിയും എച്ച്.ജെ.സിയും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വേർപിരിഞ്ഞു. ബി.ജെ.പി ഒറ്റക്കാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. തൊണ്ണൂറംഗ നിയമസഭയിൽ ബി.ജെ.പിക്ക് 47 സീറ്റ് കിട്ടി. ഐ.എൻ.എൽ.ഡി പത്തൊമ്പതും കോൺഗ്രസ് പതിനഞ്ചും എച്ച്.ജെ.പി രണ്ടും ബി.എസ്.പി, അകാലിദൾ കക്ഷികൾ ഓരോന്നും സീറ്റ് നേടി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു മണ്ഡലം മാത്രമാണ് കിട്ടിയത്- അവരുടെ ഉരുക്കുകോട്ടയായ റോത്തക്. അവശേഷിച്ച രണ്ടെണ്ണം ഐ.എൻ.എൽ.ഡി സ്വന്തമാക്കി. 
സമീപകാലത്ത് ഹരിയാനയിലുണ്ടായ ഏറ്റവും വലിയ രാഷ്ട്രീയ സംഭവവികാകം ചൗത്താല കുടുംബത്തിലെ കനത്ത ഭിന്നതയാണ്. ഇത് സംസ്ഥാനത്തെ രാഷ്ട്രീയ ചിത്രം മാറ്റിമറിക്കും. ഓംപ്രകാശ് ചൗത്താല നയിക്കുന്ന ലോക്ദളിൽ (ഐ.എൻ.എൽ.ഡി) നിന്ന് ദുഷ്യന്ത് സിംഗ് ചൗത്താലയും ദിഗ്‌വിജയ് സിംഗ് ചൗത്താലയും രാജിവെക്കുകയും ജനനായക ജനതാ പാർട്ടി (ജെ.ജെ.പി) രൂപീകരിക്കുകയും ചെയ്തു. 
ഐ.എൻ.എൽ.ഡിയുടെ ഹരിചന്ദ് മിദ്ദ മരിച്ചതിനെത്തുടർന്നാണ് ജിൻഡിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഹരിചന്ദിന്റെ മകൻ കൃഷ്ണ മിദ്ദയെ സ്ഥാനാർഥിയാക്കി ബി.ജെ.പി മണ്ഡലം പിടിച്ചെടുത്തു. ജിൻഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കു പിന്നിൽ രണ്ടാം സ്ഥാനത്തെത്താൻ ജെ.ജെ.പിക്കു സാധിച്ചു. മാതൃപാർട്ടിയായ ഐ.എൻ.എൽ.ഡിയെ അവർ കടത്തിവെട്ടി. ദേശീയ നേതാവ് രൺദീപ് സിംഗ് സുർജെവാലെയെ നിർത്തിയിട്ടും കോൺഗ്രസിന് മൂന്നാം സ്ഥാനമേ ലഭിച്ചുള്ളൂ. ബി.ജെ.പി വിമതൻ സയ്‌നിയുടെ എൽ.എസ്.പിക്കും പിന്നിൽ അഞ്ചാം സ്ഥാനത്തേക്ക് ഐ.എൻ.എൽ.ഡി കൂപ്പുകുത്തി. ബി.എസ്.പിയുമായി സഖ്യമുണ്ടാക്കിയിട്ടും അവർക്ക് സീറ്റ് നിലനിർത്താനായില്ല. 
ജിൻഡ് നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ഐ.എൻ.എൽ.ഡിയും ബി.എസ്.പിയും 10 മാസം മാത്രം നീണ്ട സഖ്യം ഉപേക്ഷിച്ചു. ബി.എസ്.പി സയ്‌നിയുടെ എൽ.എസ്.പിയുമായി ബന്ധം സ്ഥാപിച്ചു. 
ഹരിയാനയിൽ ഇത്തവണ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടക്കാൻ സാധ്യതയുണ്ടെന്നിരിക്കെ ബി.ജെ.പി വലിയ പ്രതീക്ഷയിലാണ്. പ്രതിപക്ഷം ഛിന്നഭിന്നമാണ്. ആകെയുള്ള പ്രതിപക്ഷ കൂട്ടുകെട്ട് എ.എ.പി-ജെ.ജെ.പി-ബി.എസ്.പി സഖ്യം മാത്രമാവാനാണ് സാധ്യത. 
ഐ.എൻ.എൽ.ഡിയുമായി കൂട്ടു ചേരണോ ജാട്ട് വിഭാഗത്തിന് പുറത്തുനിന്ന് ഒരാളെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടണോ തുടങ്ങിയ ആശയക്കുഴപ്പങ്ങൾ കോൺഗ്രസിനെ വേട്ടയാടുന്നു. ജാട്ട് വിഭാഗത്തിന് പുറത്തു നിന്നാണ് പ്രധാനമായും ബി.ജെ.പിക്ക് പിന്തുണ. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയും സുർജെവാലയും ജാട്ട് സമുദായക്കാരാണ്. ദലിതായ കുമാരി സെൽജയാണ് സംസ്ഥാന കോൺഗ്രസിലെ മറ്റൊരു പ്രമുഖ ലീഡർ. കോൺഗ്രസ് ഭരണത്തിൽ ജാട്ടുകൾക്കാണ് നേട്ടമുണ്ടായതെന്ന വികാരം സംസ്ഥാനത്ത് ശക്തമാണ്. അതിന്റെ തിരിച്ചടി കൂടിയാണ് ബി.ജെ.പിയുടെ വൻ വിജയം. ജിൻഡ് ഉപതെരഞ്ഞെടുപ്പിൽ തന്നെ ബി.ജെ.പി മാത്രമാണ് ജാട്ട് വിഭാഗത്തിന് പുറത്തുനിന്ന് സ്ഥാനാർഥിയെ നിർത്തിയത്. 
കോൺഗ്രസ് കഴിഞ്ഞ തവണ ഒരു സീറ്റിൽ മാത്രമാണ് ജയിച്ചത്. ഹൂഡയുടെ തട്ടകമായ റോത്തകിൽ. അതു പോലും തിരിച്ചുപിടിക്കാനാണ് ബി.ജെ.പി കച്ച മുറുക്കുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റർ വീരേന്ദർ സെവാഗിനെ റോത്തകിൽ മത്സരിപ്പിക്കാൻ ബി.ജെ.പി കിണഞ്ഞു ശ്രമിക്കുന്നുണ്ട്. മൂന്ന് സീറ്റ് വരെ കിട്ടിയേക്കാമെന്ന തെരഞ്ഞെടുപ്പ് സർവേകൾ മാത്രമാണ് കോൺഗ്രസിന് പ്രതീക്ഷ നൽകുന്നത്. 
 

Latest News