Sorry, you need to enable JavaScript to visit this website.

കെ. രാധാകൃഷ്ണൻ ആലത്തൂരിൽനിന്ന് ദൽഹിയിലേക്ക്?

സിറ്റിംഗ് എം.പിമാർക്ക് മുഴുവൻ സീറ്റ് കൊടുക്കാൻ സി.പി.എം തീരുമാനിച്ചാലും ആലത്തൂരിൽ പി.കെ. ബിജുവിന് ഒരു ഊഴം കൂടി ലഭിക്കുമോ എന്ന് സംശയമാണ്. ബിജുവിന്റെ പ്രവർത്തനത്തിൽ പാർട്ടിക്ക് എന്തെങ്കിലും പരാതി ഉള്ളതു കൊണ്ടല്ല. 
പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായ കെ. രാധാകൃഷ്ണന്റെ പ്രവർത്തന മേഖല ദൽഹിയിലേക്ക് മാറ്റാൻ സി.പി.എം നേതൃത്വം തീരുമാനിച്ചതായാണ് റിപ്പോർട്ട്. സ്വാഭാവികമായും ആലത്തൂർ സംവരണ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ പേരാണ് ഇടതുക്യാമ്പിൽ ഉയർന്നു കേൾക്കുന്നത്. ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന ചേലക്കര മണ്ഡലത്തെ രണ്ടു പതിറ്റാണ്ടു കാലം നിയമസഭയിൽ പ്രതിനിധീകരിച്ചത് അദ്ദേഹമായിരുന്നു. മന്ത്രി, സ്പീക്കർ, പ്രതിപക്ഷ ചീഫ് വിപ്പ് എന്നീ നിലകളിൽ എതിരാളികളുടെ പോലും ആദരവ് പിടിച്ചു പറ്റിയ സൗമ്യനായ ഈ രാഷ്ട്രീയ നേതാവ് പാർട്ടിയുടെ തൃശൂർ ജില്ലാ സെക്രട്ടറി എന്ന നിലയിലും ശ്രദ്ധേയമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്. ബിജുവിന് ഒരിക്കൽക്കൂടി ആലത്തൂരിൽ അവസരം നൽകാൻ സി.പി.എം തീരുമാനിച്ചാലും ഇക്കുറി രാധാകൃഷ്ണൻ സ്ഥാനാർത്ഥിപ്പട്ടികയിൽ ഇടം പിടിച്ചേക്കും. അങ്ങനെയെങ്കിൽ ചാലക്കുടിയിൽ ഇന്നസെന്റിന് പകരക്കാരനായായിരിക്കും അത്.
തൊട്ടതെല്ലാം പൊന്നാക്കിയ കെ. രാധാകൃഷ്ണൻ എന്ന നേതാവിന് സി.പി.എം വരും ദിവസങ്ങളിൽ വലിയ ഉത്തരവാദിത്തങ്ങളാണ് നൽകുക എന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. പാർട്ടി പൊളിറ്റ് ബ്യൂറോയിൽ ആദ്യമായി എത്താൻ പോകുന്ന ദളിത് നേതാവായിരിക്കും ഈ ചേലക്കരക്കാരൻ എന്നാണ് പ്രവചനം. രാധാകൃഷ്ണനു മുമ്പ് സി.പി.എം കേന്ദ്ര കമ്മിറ്റിയിൽ എത്തിയ എ.കെ. ബാലൻ സമീപ കാലത്ത് നേതൃത്വത്തിന് അൽപം അനഭിമതനായ കാര്യം കണക്കിലെടുത്താൽ ആ പ്രവചനം ശരിയായേക്കും. ഇക്കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ ബാലന്റെ പി.ബി. പ്രവേശനം പ്രവചിച്ചവരുണ്ട്. പാലക്കാട് ജില്ലയിലെ ഗ്രൂപ്പ് സമവാക്യങ്ങളിൽ സജീവമായി നിൽക്കുന്ന ആളെന്ന വിശേഷണമാണ് ബാലന് അന്ന് തിരിച്ചടി ആയതെന്ന് കരുതിയാൽ തെറ്റില്ല. മന്ത്രി എന്ന നിലയിലുൾപ്പെടെയുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തിട്ടും ഗ്രൂപ്പ് കളിക്കാരൻ എന്ന പേര് അദ്ദേഹത്തിന് പോയിട്ടില്ല. ലൈംഗിക പീഡനക്കേസിൽ പ്രതിക്കൂട്ടിലായ ഷൊർണൂർ എം.എൽ.എ പി.കെ. ശശിയെ സംരക്ഷിക്കാൻ എ.കെ. ബാലൻ അവസാനം വരെ ശ്രമിച്ചതായി ആരോപണമുയർന്നിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ സി.പി.എമ്മിന്റെ ജനകീയ നേതാവ് എൻ.എൻ. കൃഷ്ണദാസ് ബി.ജെ.പിക്കും പിറകിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന്റെ പേരിലും എ.കെ. ബാലൻ സംശയത്തിന്റെ നിഴലിലായി. എന്നാൽ അത്തരം ചീത്തപ്പേരൊന്നും രാധാകൃഷ്ണനില്ല. തൃശൂർ ജില്ലയിൽ വടക്കാഞ്ചേരിയിലൊഴികെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ചെങ്കൊടി പാറിച്ചത് അന്ന് ജില്ലാ സെക്രട്ടറി ആയിരുന്ന രാധാകൃഷ്ണന്റെ നേതൃപാടവമായാണ് വിലയിരുത്തപ്പെട്ടത്. പാർട്ടി കേന്ദ്ര കമ്മിറ്റിയിലേക്ക് അദ്ദേഹത്തിന്റെ ആരോഹണം സുഗമമാക്കിയതും അതുതന്നെ.
കോൺഗ്രസിന്റെ പരമ്പരാഗത ശക്തികേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്ന തൃശൂർ ജില്ലയിൽ കെ. രാധാകൃഷ്ണൻ എന്ന നേതാവ് സി.പി.എമ്മിന് വീണുകിട്ടിയ നിധിയായിരുന്നു. ഇടുക്കിയിൽ പ്ലാന്റേഷൻ തൊഴിലാളിയായിരുന്ന എം.സി. കുഞ്ഞുണ്ണിയുടേയും ചിന്നമ്മയുടേയും മകനായി 1964ൽ ജനിച്ച അദ്ദേഹം ചേലക്കരയിലെ സ്‌കൂൾ ജീവിതകാലം മുതൽക്കേ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. വടക്കാഞ്ചേരി വ്യാസാ കോളേജിലെ പ്രീഡിഗ്രി കാലവും തൃശൂർ കേരളവർമ്മ കോളേജിലെ ഡിഗ്രി കാലവും ലക്ഷണമൊത്ത ഒരു പൊതുപ്രവർത്തകനായി രാധാകൃഷ്ണനെ വാർത്തെടുത്തു. 91ൽ ജില്ലാ കൗൺസിലിലേക്ക് വള്ളത്തോൾ നഗർ ഡിവിഷനിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1996, 2001, 2006, 2011 എന്നീ വർഷങ്ങളിൽ ചേലക്കരയിൽനിന്ന് നിയമസഭയിലെത്തി. സ്ഥിരമായി കോൺഗ്രസിനെ വിജയിപ്പിച്ചു കൊണ്ടിരുന്ന മണ്ഡലമായിരുന്നു അതുവരെ ചേലക്കര. 96ൽ പട്ടികജാതി- പട്ടികവർഗ ക്ഷേമമന്ത്രിയായും 2001ൽ പ്രതിപക്ഷ ചീഫ് വിപ്പായും 2006ൽ സ്പീക്കറായും അദ്ദേഹത്തിന്റെ പ്രവർത്തനം ശ്രദ്ധേയമായി. കേരളാ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനായിരുന്ന രാധാകൃഷ്ണൻ സാക്ഷരതാ പ്രസ്ഥാനത്തിന്റെ നേതൃനിരയിലും ഉണ്ടായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സി.പി.എമ്മിന്റെ ഏറ്റവും സുരക്ഷിത മണ്ഡലമായാണ് ആലത്തൂർ അറിയപ്പെടുന്നത്. അനുദിനം മാറിക്കൊണ്ടിരിക്കുന്ന സമകാലിക രാഷ്ട്രീയത്തിൽ ദളിത് നേതാക്കളെ മുൻനിരയിലേക്ക് ഉയർത്തിക്കൊണ്ടു വരിക എന്നത് സി.പി.എമ്മിന് ഏറ്റെടുക്കാനുള്ള വലിയ വെല്ലുവിളിയാണ്. കെ. രാധാകൃഷ്ണന്റെ പ്രവർത്തന മേഖല ദൽഹിയിലേക്ക് മാറ്റുന്നത് ആ പാർട്ടിക്ക് വലിയ മുതൽക്കൂട്ടാവും. അതിനുള്ള അരങ്ങാണോ ആലത്തൂരിൽ ഒരുങ്ങുന്നതെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. 

Latest News