പണം വാങ്ങി രാഷ്ട്രീയ പ്രചാരണത്തിന് തയാറായ താരങ്ങള്‍ കോബ്ര പോസ്റ്റ് ഓപ്പറേഷനില്‍ കുടുങ്ങി 

മുംബൈ: പണം വാങ്ങി രാഷ്ട്രീയ പാര്‍ട്ടികളുടെ ആശയം പ്രചരിപ്പിക്കാന്‍ തയ്യാറാകുന്ന ബോളിവുഡ് സെലിബ്രറ്റികള്‍  കോബ്ര പോസ്റ്റിന്റെ  ഓപ്പറേഷന്‍ കരോക്കെയില്‍ കുടുങ്ങി.  അറുപത് മിനുട്ട് ഡോക്യുമെന്ററിയില്‍ ജാക്കി ഷറോഫും വിവേക് ഒബ്‌റോയിയും സണ്ണി ലിയോണുമുള്‍പ്പെടെയുള്ള 36  പ്രമുഖര്‍ പണം വാങ്ങി സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ  ആശയപ്രചരണം നടത്താന്‍ തയ്യാറാകുന്നതിന്റെ  തെളിവുകളാണുള്ളത്.  
ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ സോഷ്യല്‍ മീഡിയ പിആര്‍ ഏജന്റുമാരെന്ന വ്യാജേനയാണ് കോബ്രപോസ്റ്റ് താരങ്ങളെ സമീപിച്ചത്. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി ആശയ പ്രചാരണം നടത്താന്‍ റിപ്പോര്‍ട്ടര്‍മാര്‍ പണം വാഗ്ദാനം ചെയ്യുകയായിരുന്നു. 36 താരങ്ങള്‍ പണം വാങ്ങി ആശയം പ്രചരിപ്പിക്കാന്‍ തയ്യാറായി.
പിന്നണി ഗായകരായ അഭിജിത്ത് ഭട്ടാചാര്യ, കൈലാഷ് ഖേര്‍, ബാബ സെഹ്ഗാള്‍, നട•ാരായ ശക്തി കപൂര്‍, ജാക്കി ഷറോഫ്, വിവേക് ഒബ്‌റോയി, സോനു സൂദ്, മഹിമ ചൗധരി, പുനീത് ഇസ്സാര്‍, സുരേന്ദ്രപാല്‍, പങ്കജ് ധീര്‍, മകന്‍ നികിതിന്‍ ധീര്‍, ടിസ്‌ക ചോപ്ര, പൂനം പാണ്ഡെ സണ്ണി ലിയോണ്‍ എന്നിങ്ങനെ 36 പേരാണ് കോബ്ര പോസ്റ്റിന്റെ  ഓപ്പറേഷന്‍ കരോക്കെയില്‍ കുടുങ്ങിയത്. വിദ്യാബാലന്‍, അര്‍ഷാദ് വര്‍സി, റാസ മുറാദ്, സൗമ്യ ടണ്ഡണ്‍ എന്നിവര്‍ ഈ ആവശ്യവുമായി എത്തിയവരോട് സഹകരിക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ചു. ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്നാണ് തങ്ങളുടെ നിലപാടെന്ന് അവര്‍ വ്യക്തമാക്കുകയും  ചെയ്തു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കാന്‍ രണ്ട് ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപവരെയാണ് താരങ്ങള്‍ ആവശ്യപ്പെട്ടത്. ഇലക്ഷന് മുന്നോടിയായുള്ള പ്രചാരണ വേലയാണിതെന്ന് അറിഞ്ഞ് കൊണ്ട് തന്നെ പണം വാങ്ങി ആശയ പ്രചരണം നടത്താന്‍ ഇവര്‍ തയ്യാറാകുകയായിരുന്നു.
കരാറായ മുഴുവന്‍ തുണയും പണമായി തന്നെ കയ്യില്‍ ഏല്‍പ്പിക്കണമെന്നാണ് താരങ്ങള്‍ ആവശ്യപ്പെട്ടത്. കള്ളപ്പണം കൈകാര്യം ചെയ്യാന്‍ യാതൊരു ബുദ്ധിമുട്ടും ഈ താരങ്ങള്‍ക്കില്ലെന്ന് ഇത് വ്യക്തമാക്കുന്നതായി കോബ്രാ പോസ്റ്റ് ആരോപിക്കുന്നു.


 

Latest News