തിരുവനന്തപുരത്തിന്റെ ചിറകൊടിക്കുന്നവർ

''തോട്ടിൻകരയിൽ വിമാനമിറങ്ങാൻ താവളമുണ്ടാക്കും..'' എന്ന പാട്ടിലെ അതിശയോക്തി യാഥാർഥ്യമാകും വിധം വിമാനത്താവളങ്ങളുള്ള നാടാണിപ്പോൾ കേരളം. ഈ ധാരാളിത്തത്തിലും ഒരു കാലത്ത് നാടിന്റെയാകെ പ്രധാന ആകാശയാത്ര ആശ്രയമായിരുന്ന തിരുവനന്തപുരം വല്ലാതെ അവഗണിക്കപ്പെടുന്നുവെന്നത് വിചിത്ര അനുഭവമായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ.  ഇതെന്ത് പറ്റി കേരളത്തിനെന്ന്? ആരും അതിശയിച്ചു പോകുന്ന അവസ്ഥ. തൊണ്ണൂറുകളുടെ തുടക്കത്തിൽ അന്താരാഷ്ട്ര സർവീസ് ആരംഭിച്ച എയർപോർട്ട് അക്കാലത്ത് കേരളത്തിന്റെയാകെ ആകാശ സഞ്ചാര വഴിയായി.  
ഗൾഫ് യാത്രക്കാരും അവരുടെ പോക്കുവരവുമൊക്കെ തലസ്ഥാന നഗരിക്ക് പുതിയ മുഖവും ഭാവവും നൽകി. കോഴിക്കോട് വിമാനത്താവളത്തിന്റെ സജീവതയോടെ മലബാർ ഭാഗത്ത് നിന്നുള്ള ഗൾഫ് യാത്രക്കാർ സ്വാഭാവികമായി അങ്ങോട്ടേക്ക് മാറി. അപ്പോഴും പക്ഷേ തലസ്ഥാനത്തെ വിമാനത്താവളം അതിന്റെ തലയെടുപ്പ് നഷ്ടപ്പെടുത്തിയിരുന്നില്ല.  ഇപ്പോഴിതാ  ഒരു കാരണവുമില്ലാതെ വിമാനത്താവളത്തെ ആരെല്ലാമോ ചേർന്ന് ഇരു ചെവി അറിയാതെയങ്ങ് ചെറുതാക്കാൻ നോക്കുന്നുവെന്ന സംശയം ബലപ്പെടുകയാണ്.  പ്രധാനപ്പെട്ട വിമാന കമ്പനികളുടെ  സർവീസ് റദ്ദാക്കലിലൂടെയാണ് തകർച്ചയുടെ ആദ്യ സൂചന പരസ്യമായത്.   
സൗദി എയർലൈൻസും ഫ്‌ളൈ ദുബായിയുമാണ്  തിരുവനന്തപുരത്തേക്കുള്ള സർവീസ് നിർത്തുന്ന കാര്യം പ്രഖ്യാപിച്ച വിദേശ വിമാന കമ്പനികൾ. 2017 ൽ ആഘോഷ പൂർവമാണ് സൗദി എയർലൈൻസ് തിരുവനന്തപുരത്തേക്ക് സർവീസ് തുടങ്ങിയത്. ഇനി മുതൽ എല്ലാം തിരുവനന്തപുരത്ത് എന്ന പ്രതീക്ഷ വളർന്ന നാളുകൾ. തിരുവനന്തപുരം പനവിള ജംഗ്ഷനിൽ സൗദി എയർലൈൻസ് ഓഫീസ്  പുതുമയുടെ പകിട്ട് മാറാതെ ഇപ്പോഴും വെട്ടിത്തിളങ്ങി നിൽക്കുന്നു.  
ഫ്‌ളൈ ദുബായ്  സർവീസും 'നഷ്ടം' കാരണം പറഞ്ഞാണ് സർവീസ് നിർത്തുന്നതായറിയിച്ചിരിക്കുന്നത്. ഇവരെയൊക്കെ നിലനിർത്താൻ ജോലി ചെയ്യേണ്ടവരും ഹോ, നിർത്തിക്കിട്ടിയല്ലോ എന്ന മനോഭാവത്തിലല്ലേ എന്ന സംശയം തികച്ചും ന്യായം.   വിദേശ കമ്പനികൾക്ക് പുറമെ ജെറ്റ് എയറും അവരുടെ ദമാം, ദോഹ, മസ്‌കറ്റ് സർവീസുകൾ നിർത്തുകയാണ്. സിൽക്ക് എയറിന്റെ സിംഗപ്പുർ സർവീസും മെയ് മുതൽ ഉണ്ടാകില്ല. വിമാന സർവീസുകൾ ഇല്ലാതാകുന്നതോടെ പ്രയാസത്തിലാകുന്നത് തിരുവനന്തപുരത്ത് നിന്നുള്ളവർ മാത്രമല്ല, അയൽ ജില്ലകളിൽ നിന്നുള്ള വരും  തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ  യാത്രക്കാരുമാണ്. ഇവരൊക്കെ വർഷങ്ങളായി ആശ്രയിക്കുന്ന യാത്ര വഴിയാണ്   കാണെ, കാണെ ദുർബലമാകുന്നത്. ഇപ്പറഞ്ഞ പ്രദേശത്ത് നിന്നുള്ളവരൊക്കെ എത്രയോ വർഷങ്ങളായി തിരുവനന്തന്തപുരമാണ് അവരുടെ യാത്രാ മാർഗമാക്കിയത്. അതിനൊരു മാറ്റം അവർക്കുണ്ടാക്കുന്ന പ്രയാസങ്ങൾ ചെറുതായിരിക്കില്ല.  കഴിഞ്ഞ കൊല്ലം ആദ്യം തിരുവനന്തപുരത്ത് നിന്ന് 1021 വിദേശ സർവീസുകളും 461 ആഭ്യന്തര സർവീസുകളുമാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് 899 (വിദേശം) 373 (ആഭ്യന്തരം) എന്ന ക്രമത്തിൽ ചുരുങ്ങിപ്പോയിരിക്കുന്നു.  വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള നടപടികൾ  ത്വരിതഗതിയിൽ നടന്നുവരുന്നതിനിടക്കാണ് സർവീസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള പ്രതികൂല നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നത് യാദൃഛികമാണോ? രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം  2018 നവംബറിലാണ് കേന്ദ്ര മന്ത്രിസഭ കൈക്കൊണ്ടത്. വലിയ തോതിലുള്ള ആലോചനകൾക്ക് ശേഷം എടുത്ത  രാഷ്ട്രീയ തീരുമാനം സമരം വഴി ഒഴിവാക്കാനാകുമെന്ന് സമര രംഗത്തുള്ളവരും വിശ്വസിക്കുന്നുണ്ടാകില്ല. ജയ്പൂർ, അഹമ്മദാബാദ്, ലഖ്‌നൗ, ഗുവാഹതി, മംഗളൂരു എന്നിവയാണ് തിരുവനന്തപുരത്തിനൊപ്പം സ്വകാര്യവൽക്കരിക്കാൻ തീരുമാനമായവ.  അവയെല്ലാം സ്വകാര്യവൽക്കരണത്തിന്റെ വഴിയിൽ ഒരു പാട് മുന്നോട്ട് പോയിക്കഴിഞ്ഞു. 
തിരുവനന്തപുരം വിമാനത്താവളം വാങ്ങാനുള്ള കരാറിൽ പങ്കെടുത്തത് മൂന്ന് കമ്പനികളാണെന്നാണ് ഏറ്റവും അവസാനം ലഭ്യമാകുന്ന വിവരം. ഗ്രാന്തി മല്ലികാർജുന റാവുവിന്റെ ജി.എം.ആർ ഗ്രൂപ്, അദാനി ഗ്രൂപ്, കേരള സർക്കാരിനു വേണ്ടി കേരള സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ (കെ.എസ്.ഐ.ഡി.സി) എന്നിവയാണവ.
മറ്റ് സ്ഥലങ്ങളിലെ വിമാനത്താവളം ഏറ്റെടുക്കാൻ നിരവധി സ്ഥാപനങ്ങൾ വന്നപ്പോൾ, തിരുവനന്തപുരം വല്ലാതെ പിന്നിലായിപ്പോകാൻ കാരണം സ്വകാര്യവൽക്കരണത്തിനെതിരെ എന്ന പേരിൽ നടക്കുന്ന പ്രതിഷേധങ്ങളാണ്. സ്വകാര്യവൽക്കരണത്തിനെതിരെ നടക്കുന്ന സമരത്തിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേരിട്ടാണ് നേതൃത്വം നൽകുന്നത്. സ്വകാര്യവൽക്കരണം ആശങ്കയിലാക്കിയ എയർ പോർട്ട് അതോറിറ്റിയിലെ ജീവനക്കാരുടെ സംഘടനയായ എയർ പോർട്ട് അതോറിറ്റി എംപ്ലോയീസ് യൂനിയൻ രണ്ട് മാസത്തിലധികമായി സമര രംഗത്തുണ്ട്. അവരുടെ ആശങ്ക എല്ലാവർക്കും മനസ്സിലാകും. പക്ഷേ , സ്വകാര്യവൽക്കരിക്കുകയാണെങ്കിൽ എയർപോർട്ട് തന്നെ ആവശ്യമില്ല എന്നൊരു മാനസികാവസ്ഥ തന്നെ സൃഷ്ടിച്ചെടുക്കുന്നുണ്ടെന്നാണ് മനസ്സിലാകുന്നത്. തിരുവനന്തപുരത്തിന്റെ കാര്യത്തിൽ മാത്രം കാണിക്കുന്ന  സ്വകാര്യ മേഖലാ  വിരുദ്ധതയിലെ ഇരട്ടത്താപ്പ് ആരുമിതുവരെ ഉറക്കെ പറഞ്ഞതായി കണ്ടിട്ടില്ല.  
തിരുവനന്തപുരം വിമാനത്താവളം അതിന്റെ എല്ലാ പൂർവകാല പ്രൗഢിയോടെയും നില നിൽക്കുകയാണ് വേണ്ടത്.   സ്വകാര്യ മേഖലാ വിമാനത്താവളങ്ങൾ ജനങ്ങളെ പിടിച്ചു വിഴുങ്ങുകയൊന്നുമില്ലെന്ന് ഇക്കാലത്ത് എല്ലാവർക്കും  കൂടുതലായി അറിയാമെന്ന് തോന്നുന്നു.
 

Latest News