മരിച്ചു വീഴുന്നവരെ കുറിച്ചുള്ള ചർച്ചകൾ വേഗത്തിൽ അവസാനിക്കും. അവരുടെ കുടുംബത്തിലെ അനാഥരായ സ്ത്രീകളുടെയും കുട്ടികളുടെയും വേദന അത്ര പെട്ടെന്നൊന്നും അവസാനിക്കില്ല. വരുംതലമുറകളെങ്കിലും രാഷ്ട്രീയ കൊലപാതകത്തിന്റെ സംസ്‌കാരം മറന്ന് സമാധാനത്തിന്റെ വഴിയിൽ ജീവിക്കാനുള്ള സാഹചര്യങ്ങൾ വളർത്തിയെടുക്കണം.
രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ വാൾത്തുമ്പിൽ നിന്ന് വീണ്ടും ചോരയിറ്റു വീഴുകയാണ്. പൊതുപ്രവർത്തനത്തിനും രാഷ്ട്ര നിർമാണത്തിനും വേണ്ടി രൂപം കൊണ്ട രാഷ്ട്രീയ പാർട്ടികൾ അക്രമത്തിന്റെ വിഴിയിലേക്ക് മാറി ചോരകൊണ്ട് ചരിത്രമെഴുതുന്നു. വടക്കൻ മലബാറിന്റെ രാഷ്ട്രീയം വീണ്ടും കൊലപാതകങ്ങളുടേതായി മാറുകയാണ്. രാഷ്ട്രീയപ്പകയിൽ യുവാക്കൾ വാളുകൾക്കിരയാകുന്നു. മനുഷ്യ ജീവനെടുത്ത് കണക്കുകൾ തീർക്കുന്ന ഉത്തര കേരളത്തിന്റെ രാഷ്ട്രീയ പാരമ്പര്യം മാറാൻ തയാറല്ലെന്ന സൂചനകളാണ് ലോകത്തിന് മുന്നിലുള്ളത്. ഇത് രാഷ്ട്രീയമല്ലെന്നും കാടത്തമാണെന്നും മുദ്രയടിക്കപ്പെടുമ്പോഴും നേരറിവിന്റെ വെളിച്ചമെത്താത്ത ഇരുളടഞ്ഞ മനസ്സുകളുമായാണ് ഇവിടെ രാഷ്ട്രീയക്കാർ നേതൃപട്ടമെടുത്തണിയുന്നത്.
കണ്ണൂരിലെ അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ട കേസിൽ സി.ബി.ഐ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതിന് ഏതാനും നാളുകൾക്കുള്ളിലാണ് കാസർകോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അതിദാരുണമായി കൊല ചെയ്യപ്പെട്ടിരിക്കുന്നത്.കണ്ണൂരിലും സമീപ പ്രദേശങ്ങളിലും രാഷ്ട്രീയ കൊലപാതകങ്ങൾ ഇന്ന് വാർത്തകളല്ലാതായി മാറിയിരിക്കുന്നു. കണ്ണൂരിലെ രാഷ്ട്രീയവും അക്രമവും പരസ്പര പൂരകങ്ങളായി മാറിയിരിക്കുന്നു. അക്രമത്തിന് നേതൃത്വം നൽകുന്നവരിൽ എല്ലാ പ്രമുഖ രാഷ്ട്രീയ കക്ഷികളുമുണ്ടെന്നത് ആശങ്കപ്പെടുത്തുന്നതാണ്. പാർട്ടിയെ വളർത്താൻ അക്രമമാണ് വഴിയെന്ന വികലമായ ചിന്തയാണ് ഉത്തര മലബാറിലുള്ളത്. നഷ്ടപ്പെട്ട ജീവിതങ്ങളെ കുറിച്ചോ അവരുടെ കുടുംബങ്ങളെ കുറിച്ചോയുള്ള വേദനയേക്കാൾ രാഷ്ട്രീയമായി ലാഭമുണ്ടായോ എന്നാണ് ഓരോ പാർട്ടികളും കണക്കുകൂട്ടുന്നത്.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ഇന്ത്യക്കാരും വിദേശികളുമായ ഒട്ടേറെ പേർ കണ്ണൂർ രാഷ്ട്രീയത്തിന്റെ മാനസികാവസ്ഥകളെ കുറിച്ച് പഠനങ്ങൾ നടത്തുകയും പല ഭാഷകളിലായി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. വർഗീയതയും രാഷ്ട്രീയവും കൂട്ടിക്കുഴച്ച അക്രമ വാസനയാണ് വടക്കേ മലബാറിന്റേതെന്നാണ് ഈ പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. ബ്രിട്ടീഷ് ഭരണത്തിനെതിരെ മലബാറിൽ നടന്ന അക്രമ പോരാട്ടങ്ങളെ മറ്റ് പ്രദേശത്തുകാർ സ്വാതന്ത്ര്യ ലബ്ധിയോടെ കയ്യൊഴിഞ്ഞെങ്കിലും കണ്ണൂർ ജില്ലയിൽ ഇന്നും ഇത് പിന്തുടർന്നു പോരുകയാണെന്നും വിലയിരുത്തലുകളുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അടിത്തറയുള്ള കണ്ണൂരിൽ കർണാടക വഴിയെത്തിയ ആർ.എസ്.എസ് പ്രചാരണമാണ് അക്രമത്തെ സ്വാതന്ത്ര്യാനന്തര കാലത്തേക്കും വലിച്ചു നീട്ടിയതെന്ന് പഠനങ്ങൾ പുറത്തു വന്നിരുന്നു.
കണ്ണൂരിലെ അക്രമങ്ങളിൽ മുന്നിൽ നിൽക്കുന്നത് സി.പി.എമ്മും ആർ.എസ്.എസുമാണെങ്കിലും കോൺഗ്രസും മുസ്‌ലിം ലീഗും എസ്.ഡി.പി.ഐയുമെല്ലാം ഇത്തരം കേസുകളിൽ പ്രതിസ്ഥാനത്തുണ്ട്. പാർട്ടിയെ വളർത്താൻ അക്രമമാണ് ആവശ്യമെന്ന മിഥ്യാധാരണ ഈ മേഖലയിലുണ്ട്. തൊഴിലില്ലാത്ത ചെറുപ്പക്കാരെ ചാവേറുകളാക്കി അക്രമത്തിലേക്ക് തള്ളിവിടുന്നതാണ് കണ്ണൂരിലെ സംസ്‌കാരം. സി.പി.എമ്മും സ്വന്തം നാട്ടിലെ ചെറുപ്പക്കാരെ ചാവേറുകളാക്കുമ്പോൾ ആർ.എസ്.എസ് അന്യനാടുകളിൽ നിന്ന് സ്വന്തം അണികളെ ക്വട്ടേഷൻ ഗുണ്ടകളെ പോലെ കണ്ണൂരിലേക്കയക്കുന്നു. രാഷ്ട്രീയ അക്രമങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം മാത്രമാണ് പുറംലോകം അറിയുന്നത്. മാരകമായി പരിക്കേറ്റ് ഭാവി ജീവിതം പ്രതിസന്ധിയിലായ ഒട്ടേറെ പേർ ഇവിടെയുണ്ട്. അക്രമത്തിന് ഇരയാകുകയോ കേസുകളിൽ പ്രതിയാകുകയോ ചെയ്താൽ പാർട്ടി സംരക്ഷിക്കുമെന്ന വിശ്വാസം അക്രമം തെറ്റല്ലെന്ന ധാരണയിലേക്ക് പ്രവർത്തകരെ തള്ളിവിടുന്നു.
വടക്കേ മലബാറിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്ക് നോക്കിയാൽ പ്രതിവർഷം 15 പേരെങ്കിലും കൊല്ലപ്പെടുന്നുണ്ടെന്ന് കാണാം. 2000 മുതൽ 2017 വരെ 180 പേർക്ക് രാഷ്ട്രീയ കൊലപാതകങ്ങളിൽ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. 2016 ൽ മാത്രം 14 പേരാണ് മരിച്ചത്. കൊല്ലപ്പെടുന്നവരിൽ ഏറെയും ആർ.എസ്.എസുകാരും സി.പി.എമ്മുകാരുമാണ്. പലപ്പോഴും പ്രമുഖ നേതാക്കൾക്കെതിരായ വധശ്രമമോ കൊലപാതകമോ മാത്രമാണ് ദീർഘകാലത്തേക്ക് ചർച്ച ചെയ്യപ്പെടാറുള്ളത്. സി.പി.എം നേതാവ് പി.ജയരാജനെതിരായ വധശ്രമം, ബി.ജെ.പി നേതാവ് ജയകൃഷ്ണൻ മാസ്റ്റർ, ആർ.എം.പി നേതാവ് ടി.പി.ചന്ദ്രശേഖൻ എന്നിവരുടെ കൊലപാതകങ്ങൾ കണ്ണൂർ രാഷ്ട്രീയത്തിന്റെ ആക്രമണ ചരിത്രങ്ങളാണ്. ഇതോടൊപ്പം, പാർട്ടികൾക്കു വേണ്ടി ചാവേറുകളായ ഒട്ടേറെ സാധാരണ പ്രവർത്തകരും ഈ അക്രമ രാഷ്ട്രീയത്തിനായി ജീവൻ ബലികൊടുക്കേണ്ടി വന്നവരാണ്.
ധാർമികത നഷ്ടപ്പെട്ട രാഷ്ട്രീയ പാർട്ടികളാണ് രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ചൂട്ടുപിടിക്കുന്നത്. രാഷ്ട്രീയം എന്തിനു വേണ്ടിയാണെന്ന തിരിച്ചറിവ് പോലും നഷ്ടപ്പെട്ട നേതൃത്വങ്ങളാണ് ഇത്തരമൊരു സംസ്‌കാരത്തെ വളർത്തിക്കൊണ്ടിരിക്കുന്നത്. കൊലപാതകങ്ങളെ പരസ്യമായി തള്ളിപ്പറയുന്ന നേതാക്കൾ കൊല നടത്തുന്നവർക്ക് സംരക്ഷണം നൽകുന്നുവെന്നത് ഇന്ന് വെളിപ്പെട്ടുകൊണ്ടിരിക്കുന്ന സത്യമാണ്. പലപ്പോഴും കൊലപാതകം നടന്ന് വർഷങ്ങൾ കഴിഞ്ഞ് കേസിൽ കോടതി വിധി പറയുമ്പോഴോ രാഷ്ട്രീയ നേതാക്കളുടെ വെളിപ്പെടുത്തലുകൾ പുറത്തു വരുമ്പോഴോ മാത്രമാണ് ഈ സത്യം ലോകമറിയുന്നത്.
അക്രമങ്ങൾ അവസാനിപ്പിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തു നിന്നുള്ള നിസ്സംഗത വിമർശിക്കപ്പെടേണ്ടതുണ്ട്. അക്രമങ്ങൾ നടക്കുമ്പോൾ സമാധാന യോഗം വിളിച്ചു ചേർക്കുന്നത് മാത്രമാണ് ഭരണകൂടങ്ങളുടെ ഉത്തരവാദിത്തം എന്ന ചിന്തയാണ് ഇന്നുള്ളത്. വടക്കേ മലബാറിലെ സ്ഥിരം അക്രമമേഖലകളിൽ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ വർഷങ്ങൾക്ക് ശേഷവും സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല. സി.പി.എം ഭരണത്തിലിരിക്കുമ്പോഴാണ് കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകങ്ങൾ കൂടുതൽ നടക്കുന്നതെന്ന വിമർശനം പാർട്ടി നേതൃത്വം ഗൗരവമായി കാണേണ്ടതുണ്ട്. അക്രമങ്ങൾ മുൻകൂട്ടി അറിയുന്നതിൽ ഇന്റലിജൻസ് സംവിധാനങ്ങൾ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. അക്രമവാസന കൂടുതലുള്ള പ്രദേശങ്ങളിൽ കൂടുതൽ പോലീസിനെ നിയോഗിക്കുന്നതിലും ആഭ്യന്തര വകുപ്പ് വിമുഖത കാണിക്കുന്നു.
കണ്ണൂർ രാഷ്ട്രീയത്തിന് പുതിയൊരു മുഖം ആവശ്യമാണ്. അക്രമത്തെ പ്രോൽസാഹിപ്പിക്കുന്ന, പാർട്ടി ഗ്രാമങ്ങളിൽ രാഷ്ട്രീയ ഗുണ്ടകൾക്ക് അഭയം നൽകുന്ന, അക്രമികൾക്ക് നിയമ സഹായവും സാമ്പത്തിക സഹായവും ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളെയല്ല ആവശ്യം. അക്രമം നടത്തുന്നത് സ്വന്തം അണികളാണെങ്കിലും അവരെ തള്ളിപ്പറയാനും ഒറ്റപ്പെടുത്താനും പാർട്ടി നേതൃത്വങ്ങൾ ആത്മാർഥമായി തയാറാകണം.
മരിച്ചു വീഴുന്നവരെ കുറിച്ചുള്ള ചർച്ചകൾ വേഗത്തിൽ അവസാനിക്കും. അവരുടെ കുടുംബത്തിലെ അനാഥരായ സ്ത്രീകളുടെയും കുട്ടികളുടെയും വേദന അത്ര പെട്ടെന്നൊന്നും അവസാനിക്കില്ല. വരുംതലമുറകളെങ്കിലും രാഷ്ട്രീയ കൊലപാതകത്തിന്റെ സംസ്‌കാരം മറന്ന് സമാധാനത്തിന്റെ വഴിയിൽ ജീവിക്കാനുള്ള സാഹചര്യങ്ങൾ വളർത്തിയെടുക്കണം.






