Sorry, you need to enable JavaScript to visit this website.

സൗദി സൗഹൃദത്തിന്റെ സ്‌നേഹ സൗരഭ്യം

സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ചരിത്ര സന്ദർശനത്തിനായി ഇന്നും നാളെയും ഇന്ത്യയിൽ. ഇരു രാജ്യങ്ങളും തമ്മിൽ പതിറ്റാണ്ടുകളായി തുടരുന്ന ഊഷ്മള ബന്ധം കൂടുതൽ സുദൃഢമാകും വിധമുള്ള ഉടമ്പടികൾ ഒപ്പ് വെക്കപ്പെടുന്നതാണ് ഈ പര്യടനം. 
ലോകത്തിനാകെ അന്നം നൽകുന്ന പ്രധാന രാജ്യങ്ങളിലൊന്നായ സൗദിയിലെ ഏറ്റവും വലിയ പ്രവാസികളായ ഇന്ത്യക്കാരും തങ്ങളുടെ പോറ്റമ്മയുടെ ഭരണ ശിൽപി പെറ്റമ്മയായ ഇന്ത്യയിൽ നടത്തുന്ന സന്ദർശനത്തിൽ സന്തോഷിക്കുകയും അതിലുപരി സദ്‌വാർത്തകൾക്കായി കാതോർക്കുകയുമാണ്. 
എ ഡി 1000 മുതൽക്ക് തന്നെ ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര ബന്ധങ്ങൾ തുടങ്ങിയിരുന്നതായാണ് ചരിത്രം. തെക്കേ ഇന്ത്യയും അറേബ്യയും തമ്മിൽ വികാസം പ്രാപിച്ച വ്യാപാര ബന്ധം അറേബ്യൻ സമ്പദ്ഘടനയുടെ നട്ടെല്ലായും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പിന്നീട് മക്കയുമായി ബന്ധപ്പെട്ടും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രം നീളുന്നു. സൗദി അറേബ്യ രൂപം കൊള്ളുന്നതിന്റെ ആദ്യ ഘട്ടത്തിൽ 1926 ൽ നടന്ന പ്രഖ്യാപനത്തിനു ശേഷം 1932 വരെയുള്ള കാലഘട്ടത്തിൽ ഏകീകരിക്കപ്പെടുന്നതിന്റെ ഘട്ടത്തിൽ 1930 ൽ മൂന്നാമത്തെ സൗദി പ്രവിശ്യയായ  നജ്ദുമായി ആദ്യമായി ബന്ധം സ്ഥാപിച്ചതും വിവിധ വിഭാഗങ്ങളായി സാമ്പത്തിക സഹായം നൽകി സഹായിച്ചതും അന്നത്തെ ഇന്ത്യൻ ഭരണകൂടമായിരുന്നു. ഇക്കാര്യം മധ്യേഷ്യയുടെ പഠനവുമായി ബന്ധപ്പെട്ടു സൗദി ചരിത്രം പ്രതിപാദിക്കുന്ന ദി മേക്കിംഗ് ഓഫ് സൗദി എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ഉടൻ തന്നെ ഔദ്യോഗിക നയതന്ത്ര ബന്ധം സ്ഥാപിച്ചും ഇന്ത്യ സൗദിയുമായി തോളോട് ചേർന്ന് നിന്നിട്ടുണ്ട്. ഇത് പിന്നീട് വ്യാപാര, വാണിജ്യ, പ്രതിരോധ, നിക്ഷേപ മേഖലകളടക്കം വ്യാപിക്കുന്നതാണ് കണ്ടത്. നിലവിൽ സൗദിയിലെ വ്യാപാര മേഖലയിൽ ഏറ്റവും വലിയ പങ്കാളികളിൽ ഏഴാം സ്ഥാനവും നിക്ഷേപകരിൽ അഞ്ചാം സ്ഥാനവും ഇന്ത്യക്കാണ്. ഇന്ത്യൻ ഭരണാധികാരികൾ ഇവിടേക്ക് നടത്തിയ ചരിത്ര സന്ദർശനവും ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദി ഭരണാധികാരികൾ നടത്തിയ ഇന്ത്യാ സന്ദർശനവും ചരിത്രത്തിന്റെ ഭാഗമായി തീർന്നിരുന്നു. 
ഇന്ത്യൻ റിപ്പബ്ലിക്കിൽ നിന്നും സൗദിയിലേക്ക് പ്രഥമ സന്ദർശനം നടത്തിയത് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റുവാണ്- 1955 ൽ.
തുടർന്ന് 1982 ൽ ഇന്ദിരാ ഗാന്ധിയും 2010 ൽ മൻമോഹൻ സിംഗും 2016 ൽ നരേന്ദ്ര മോഡിയുമാണ് പിന്നീട് സൗദി സന്ദർശിച്ച പ്രധാനമന്ത്രിമാർ. ഓരോ പ്രധാനമന്ത്രിമാരുടെ സന്ദർശനത്തിലും സൗദി - ഇന്ത്യ ബന്ധം കൂടുതൽ ഊഷ്മളമാകുന്നതാണ് കണ്ടത്. ഇന്ദിരാഗാന്ധിയുടെ സന്ദർശന വേളയിൽ നൽകിയ സ്വീകരണങ്ങൾ ഇപ്പോഴും സൗദികൾക്കിടയിൽ സംസാര വിഷയമാണ്.  
1955 ൽ അന്നത്തെ സൗദി ഭരണാധികാരി സൗദ് ബിൻ അബ്ദുൽ അസീസ് രാജാവ് ഇന്ത്യ സന്ദർശിച്ചതോടെ ബന്ധം ശക്തമാക്കപ്പെട്ടു.  അന്നാണ് സമാധാന സഹവർത്തിത്വത്തിനുള്ള അഞ്ചു കാരറുകളിൽ ഒപ്പ് വെച്ചത്. തൊണ്ണൂറുകൾക്ക് ശേഷം ഇന്ത്യ സൗദി ബന്ധം കൂടുതൽ ശക്തമായി. തീവ്രവാദ വിരുദ്ധ പോരാട്ടങ്ങൾക്കും ഇരു കൂട്ടരും കൂടുതൽ പരസ്പര സഹകരണം തുടങ്ങിയത് 2006 ൽ അബ്ദുല്ല രാജാവ് നടത്തിയ ഇന്ത്യ സന്ദർശനതോടെയാണ്. 
സൗദി ഭരണാധികാരിയുടെ ആദ്യ സന്ദർശന ശേഷം 51 വർഷങ്ങൾക്ക് ശേഷമാണ് പിന്നീട് ഒരു സൗദി ഭരണാധികാരി അന്ന് ഇന്ത്യ സന്ദർശിക്കുന്നത്. അന്ന് ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും അബ്ദുല്ല രാജാവും ദൽഹിയിൽ വെച്ച് നടത്തിയ ഉഭയ കക്ഷി കരാറിനെ തുടർന്നാണ് ഏറ്റവും വലിയ എണ്ണയുൽപാദക രാജ്യമായ സൗദിയിൽ നിന്നും ഇന്ത്യക്ക് കൂടുതൽ എണ്ണ ലഭ്യമാകുന്നതുൾപ്പെടെയുള്ള നിരവധി ഊർജ കരാർ പ്രാബല്യത്തിൽ വന്നത്. ഇരു രാജ്യങ്ങളുടെയും സഹകരണ പങ്കാളിത്തത്തോടെ സ്വകാര്യ മേഖലയിൽ എണ്ണ,  പ്രകൃതി വാതക മേഖലയിൽ കൂടുതൽ നിക്ഷേപങ്ങളും ഉണ്ടായി. ഇതിനിടയിൽ ഇന്നത്തെ സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് കിരീടാവകാശിയായിരുന്ന വേളയിൽ നടത്തിയ ഇന്ത്യാ സന്ദർശനവും ബന്ധത്തിന് കൂടുതൽ ശക്തി പകർന്നു.
1990 മുതൽ ഇന്ത്യയുടെ ഉദാരവൽക്കരണ നയം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ഇടയാക്കി. അതോടെ പ്രതിവർഷം ഇന്ത്യക്ക് ആവശ്യമായ എണ്ണയുടെ കാൽ ഭാഗത്തിലധികം വരുന്ന 175 മില്യൺ ബാരൽ എണ്ണ നൽകാൻ ഇതോടെ സൗദിക്കായി. 2006 -–07 വ്യാപാര കരാറോടെ വ്യാപാര രംഗം എണ്ണയുൾപ്പെടെ 19 ബില്യൺ ഡോളറായി ഉയരുകയും പിന്നീടത് ഇരട്ടിയാകുകയും ചെയ്തു. ബസുമതി അരി, തുണിത്തരങ്ങൾ, യന്ത്രോപകരണങ്ങൾ എന്നിയാണ് ഇന്ത്യ സൗദിയിലേക്കും എണ്ണ, സ്വർണം, ജൈവ, അജൈവ കെമിക്കൽ, മെറ്റൽ സ്‌ക്രാപ്പ്, ലെതർ എന്നിവയാണ് സൗദി ഇന്ത്യയിലേക്കും കയറ്റി അയയ്ക്കുന്നത്.  2017 - 2018 സാമ്പത്തിക വർഷത്തിൽ ഇന്ത്യയും സഊദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2748 കോടി ഡോളറിലെത്തിയിരുന്നു.
കിരീടവകാശിയുടെ ഇന്ത്യൻ സന്ദർശനത്തോടെ കൂടുതൽ മേഖലയിലേക്ക് നിക്ഷേപങ്ങൾ വ്യാപിപ്പിക്കാൻ ഇരു രാജ്യങ്ങളും സന്നദ്ധമാകും. വിഷൻ 2030 ലക്ഷ്യമാക്കി വിശാലമായ പദ്ധതികൾ നടപ്പിലാക്കുന്ന സൗദിക്ക് ഇന്ത്യയെ പോലെ ശക്തമായ അടിത്തറയുള്ള  രാജ്യങ്ങളുടെ സഹായം അത്യന്താപേക്ഷിതമാണ്. തന്റെ രാജ്യത്തിന്റെ പുരോഗതിക്ക് ഏതറ്റം വരെയും പോകാനും അത് നേടിയെടുക്കാന്നും നിശ്ചയ ദാർഢ്യമുള്ള നേതാവാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. അദ്ദേഹം നടത്തുന്ന പ്രഥമ ഏഷ്യൻ രാജ്യങ്ങളിലെ സന്ദർശനത്തിനിടെ പാക്കിസ്ഥാനുമായി ഇരുപത് ബില്യൺ റിയാലിന്റെ കരാറുകളിൽ ഏർപ്പെട്ടു കഴിഞ്ഞു. 
സൗദിയിലേക്ക് കാർഷികോൽപന്നങ്ങൾ കയറ്റി അയക്കുന്നതിന് ലക്ഷ്യമിട്ട് ഇന്ത്യയിൽ കാർഷിക മേഖലയിൽ നിക്ഷേപം നടത്തുന്നതിനുള്ള കരാറും ഉണ്ടാകും. ഇന്ത്യയിലെ രത്‌നഗിരി റിഫൈനറി, പെട്രോകെമിക്കൽ പദ്ധതിയിൽ സൗദി ദേശീയ എണ്ണക്കമ്പനിയായ സൗദി അറാംകോയും യു.എ.ഇയിലെ അഡ്‌നോകും പങ്കാളിത്തത്തിൽ പ്രവേശിച്ചിട്ടുണ്ട്. 4400 കോടി ഡോളർ ചെലവഴിച്ചാണ് രത്‌നഗിരി പദ്ധതി നടപ്പാക്കുന്നത്. 
 

Latest News