Sorry, you need to enable JavaScript to visit this website.

ആയുധംവെച്ച് കീഴടങ്ങുക; അല്ലെങ്കിൽ വെടിവെച്ചുവീഴ്ത്തും, മുന്നറിയിപ്പുമായി സൈന്യം

ശ്രീനഗർ- കശ്മീരിലെ ജെയ്‌ഷെ മുഹമ്മദ് നേതാക്കളെ നൂറു മണിക്കൂറിനകം ഇല്ലാതാക്കുമെന്ന് സൈന്യം. ജെയ്‌ഷെ മുഹമ്മദിന്റെ മൂന്ന് നേതാക്കളെ ഇന്നലെ സൈന്യം വകവരുത്തിയിരുന്നു. ഈ ഏറ്റുമുട്ടലിൽ നാലു സൈനികർക്കും ജീവഹാനി സംഭവിച്ചിരുന്നു. പാക് നിയന്ത്രണത്തിലുള്ള ജെയ്‌ഷെ മുഹമ്മദിന്റെ നേതാക്കളെ മുഴുവൻ കണ്ടെത്തിയിട്ടുണ്ടെന്നും ഇവരെ നൂറു മണിക്കൂറിനകം ഇല്ലാതാക്കുമെന്നും ഇന്ത്യൻ സൈന്യത്തിന്റെ ചിനാർ കോർപ്‌സ് കമാണ്ടർ കൻവാൽ ജീത് സിംഗ് ദില്യോൺ വ്യക്തമാക്കി. താഴ്‌വരയിൽ ആയുധമെടുത്ത മുഴുവനാളുകളോടും ആയുധം താഴെവെച്ച് കീഴടങ്ങാൻ അഭ്യർത്ഥിക്കുന്നു. ആയുധമെടുത്ത തങ്ങളുടെ മക്കൾ കീഴടങ്ങിയിട്ടുണ്ടെന്ന് മുഴുവൻ മാതാക്കളും ഉറപ്പുവരുത്തണം. ആയുധമെടുത്ത മുഴുവനാളുകളെയും സൈന്യം ഇല്ലാതാക്കുമെന്നും ദില്യോൺ മുന്നറിയിപ്പ് നൽകി. ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ മേജർ വിഭൂതി ശങ്കർ ഡൗണ്ടിയാൽ(34), സൈനികരായ ഹരി സിംഗ്(27), ഹവിൽദാർ ശിയോ റാം(37), അജയ് കുമാർ(27), കോൺസ്റ്റബിൾ അബ്ദുൽ റഷീദ് ഖലാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. 
പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ എന്ന് കരുതുന്ന കംറാൻ അടക്കം മൂന്ന് ജെയ്ഷ് ഭീകരരെ സൈന്യം വകവരുത്തിയിരുന്നു. പുൽവാമയിൽ ഭീകരാക്രമണം നടത്തിയ ആദിൽ അഹമ്മദ് ധറിന് ആയുധം എത്തിച്ചത് കംറാനാണെന്നാണ് സൈന്യം നൽകുന്ന വിശദീകരണം. കംറാന് പുറമെ, ഹിലാൽ അഹമ്മദ്, ഗാസി ലുഖ്മാൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന റഷീദ് എന്നിവരെയും സൈന്യം ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.
 

Latest News