കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 74 ലക്ഷത്തിന്റെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ് വിമാനത്തിലെത്തിയ അഞ്ച് യാത്രക്കാരില്‍നിന്നായാണ് സ്വര്‍ണം പിടികൂടിയത്. കാസര്‍കോട് സ്വദേശികളായ മാഹിന്‍ മുഹമ്മദ് (36), നവാസ് അബ്ദുല്‍ ഖാദര്‍ (24), കോട്ടക്കുന്നില്‍ അബ്ബാസ്(28) ,കണ്ണൂര്‍ സ്വദേശി ടി. ഫായിസ് (26), മലപ്പുറം സ്വദേശി ടി. മുഹമ്മദ് ജുനൈദ് (28) എന്നിവരെ കസ്റ്റംസ് വിഭാഗം കസ്റ്റഡിയിലെടുത്തു.
അബ്ബാസ്, നവാസ് അബ്ദുല്‍ ഖാദര്‍ എന്നിവര്‍ ചെരിപ്പിനകത്തും ശേഷിക്കുന്നവര്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 2750 ഗ്രാം സ്വര്‍ണ സംയുക്തമാണ് ഇവരില്‍നിന്നു പിടിച്ചെടുത്തത്. ഇതില്‍ 2.2 കിലോ സ്വര്‍ണം വേര്‍തിരിച്ചെടുത്തു.
കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണര്‍ നിധിന്‍ ലാല്‍, അസി. കമ്മീഷണര്‍ ഡി.എന്‍. പാന്ത് എന്നിവരുടെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ഗോകുല്‍ ദാസ്, വിമല്‍ദാസ്, ഇന്‍സ്‌പെക്ടര്‍മാരായ നിഷാന്ത് താകൂര്‍, മുരളീധരന്‍, നവീന്‍ കുമാര്‍, നരസിംഹനായിക്ക് എന്നിവര്‍ ചേര്‍ന്നാണ് സ്വര്‍ണം പിടികൂടിയത്.