ഭര്‍ത്താവിന്റെ സുരക്ഷയോര്‍ത്ത് ആശങ്ക; സൈനികന്റെ ഭാര്യ തൂങ്ങിമരിച്ചു

അഹമ്മദാബാദ്- പട്ടാളത്തില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ സുരക്ഷയില്‍ ആശങ്കപ്പെട്ട് ഗുജറാത്തില്‍ യുവതി ജീവനൊടുക്കിയതായി പോലീസ് അറിയിച്ചു. മീനാക്ഷി ജേത്വ(22)യാണ് ആത്മഹത്യ ചെയ്തത്. പുല്‍വാമ ഭീകരാക്രമണത്തിനുശേഷം യുവതി ഭര്‍ത്താവ് ഭൂപേന്ദ്ര സിംഗിന്റെ സുരക്ഷയോര്‍ത്ത് ഏറെ ആശങ്കയിലും അസ്വസ്ഥതയിലുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഖംബാലിയ പട്ടണത്തിലെ വീട്ടില്‍ ഫാനില്‍ കെട്ടിത്തൂങ്ങിയാണ് മീനാക്ഷി മരിച്ചത്. ജമ്മുകശ്മീരിലെ ഗുല്‍മാര്‍ഗില്‍ സേവനമനുഷ്ടിച്ചിരുന്ന സൈനികന്‍ അവധിക്ക് വീട്ടിലെത്തിയ വേളയിലാണ് സംഭവം. ഭര്‍ത്താവ് മടങ്ങിപ്പോകരുതെന്ന് യുവതി വാശിപിടിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. രണ്ട് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. കശ്മീരിലെ ഹിമപാതത്തില്‍നിന്ന് ഒരിക്കല്‍ ഭാഗ്യത്തിന് രക്ഷപ്പെട്ട കാര്യം ഭൂപേന്ദ്ര സിംഗ് ഭാര്യ മീനാക്ഷിയോട് പറഞ്ഞിരുന്നു. പട്ടാളത്തിലേക്ക് മടങ്ങാനുള്ള തീയതി അടുത്തപ്പോള്‍ മീനാക്ഷിയെ വിഷാദം പിടിപെട്ടുവെന്ന് പറയുന്നു. പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

 

 

Latest News