ട്വിറ്ററിൽ ഉണ്ടോയെന്ന് മോഡിയോട് ചോദിച്ച  മാധ്യമ പ്രവർത്തകക്ക് ട്വിറ്ററിൽ തന്നെ പണി കിട്ടി

മോസ്‌കോ- ലോകത്തു തന്നെ ഏറ്റവുമധികം ട്വിറ്റർ ആരാധകരുള്ള നേതാക്കളിലൊരാളായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട്, താങ്കൾ ട്വിറ്ററിൽ ഉണ്ടോയെന്ന് ചോദിച്ച അമേരിക്കൻ മാധ്യമ പ്രവർത്തക കുടുങ്ങി. വാർത്ത പുറത്തുവന്നതോടെ മാധ്യമ പ്രവർത്തകയായ മെഗിൽ കെല്ലിയുടെ ട്വിറ്റർ അക്കൗണ്ടിൽ മോഡി അനുയായികളുടെ പൊങ്കാലയാണ്.
സെന്റ് പീറ്റേഴ്‌സ്ബർഗിൽ റഷ്യൻ പ്രസിഡന്റ് വഌദ്മിർ പുടിനെയും മോഡിയെയും കാണാൻ അപൂർവ അവസരം ലഭിച്ച വേളയിലാണ് കെല്ലി തന്റെ അറിവില്ലായ്മ വിളിച്ചുപറഞ്ഞത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം ട്വിറ്റർ ഫോളോവേഴ്‌സുള്ള രാഷ്ട്രത്തലവനാണെന്ന് അറിയാതെയായിരുന്നു ആ ചോദ്യം. അമേരിക്കൻ ചാനലായ എൻ.ബി.സിക്കു വേണ്ടി ചർച്ച സംഘടിപ്പിക്കാനെത്തിയതായിരുന്നു കെല്ലി. ചർച്ചക്കു മുമ്പ് സൗഹൃദ സംഭാഷണത്തിനിടെ കെല്ലി കുടയുമായി നിൽക്കുന്ന ഒരു പോസ്റ്റ് താൻ കണ്ട കാര്യം മോഡി പറഞ്ഞു. ഇതിനുള്ള മറുപടിയിലാണ് താങ്കൾ ട്വിറ്ററിലുണ്ടോയെന്ന് കെല്ലി തിരിച്ചു ചോദിച്ചത്. മോഡിയെക്കുറിച്ച് ഒരു ഗൃഹപാഠവും നടത്താതെയാണ് കെല്ലി ചർച്ചക്കെത്തിയതെന്ന് അതോടെ തെളിഞ്ഞു. വാർത്ത അറിഞ്ഞതോടെ കെല്ലിയുടെ ട്വിറ്റർ അക്കൗണ്ടിലേക്ക് മോഡി അനുയായികളുടെ വിമർശനവും പരിഹാസവും പ്രവഹിക്കുകയായിരുന്നു. മോഡിക്ക് ട്വിറ്ററിൽ മൂന്ന് കോടിയും, ഫെയ്‌സ്ബുക്കിൽ 4.1 കോടിയും ഫോളോവേഴ്‌സ് ഉള്ള കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ആരാധകരുടെ പൊങ്കാല.  
 

Tags

Latest News