കാസർകോട്ടെ കൊലപാതകങ്ങൾ: സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശം  

കോഴിക്കോട് - കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ സി.പി.എമ്മിനെതിരെ വിമർശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ്. ശ്രീധരൻപിള്ളയും ഷാഫി പറമ്പിൽ എം.എൽ.എയും. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ശ്രീധരൻപിള്ളയും ഷാഫി പറമ്പിലും സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ചത്. 
കൊല്ലപ്പെട്ടത് ഏത് കക്ഷിയിൽ പെട്ടവരായാലും കൊല്ലുന്നത് സി.പി.എമ്മുകാർ തന്നെ എന്നു തുടങ്ങുന്ന ശ്രീധരൻപിള്ളയുടെ പോസ്റ്റിൽ ഈ രണ്ട് കോൺഗ്രസുകാരെ ഇടിച്ചു വീഴ്ത്തിയത് ചുവപ്പ് ഭീകരതയാണെന്നും പക്ഷെ കാസർകോട്ടെ പല പഞ്ചായത്തുകളിലും കോൺഗ്രസും സി.പി.എമ്മുമാണ് ഭരണപങ്കാളികൾ എന്നത് ഈ സന്ദർഭത്തിൽ വിചിത്രമായി തോന്നുന്നുവെന്നും കുറിക്കുന്നുണ്ട്.
കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ത് എന്നിവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇരുവരുടെയും ഫോട്ടോയും എഫ്.ബിയിൽ ശ്രീധരൻപിള്ള പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഷാഫി പറമ്പിലാകട്ടെ ഡി.വൈ.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊന്ന സമയത്ത് സി.പി.എം കേന്ദ്രങ്ങളിലൂടെ സൈബർ ലോകത്ത് ഏറെ ചർച്ചാവിഷയമായ അഭിമന്യുവിന്റെ അമ്മയുടെ കരച്ചിലായ നാൻപെറ്റ മകനെ ഉദാഹരിച്ചാണ് തന്റെ പോസ്റ്റ് തുടങ്ങുന്നത്.
നാൻപെറ്റ മകനെ എന്നുവിളിച്ച് കരയാൻ ഇവർക്കുമുണ്ട് അമ്മമാർ എന്നു തുടങ്ങുന്ന പോസ്റ്റിൽ ഈ ചോരക്കൊതി എപ്പോഴാണ് തീരുക? എത്ര തലകൾ അറുത്തുമാറ്റണം? എത്രകാലം നിങ്ങൾ കൊന്നുകൊണ്ടേയിരിക്കുമെന്നെല്ലാം ചോദിക്കുന്നുണ്ട്. അവസാനം മുഖ്യമന്ത്രിയെ പേരെടുത്ത് വിജയാ ഈ രക്തദാഹം നിങ്ങൾ ശീലിപ്പിച്ചത് നിയന്ത്രിക്കാൻ കഴിഞ്ഞില്ലേൽ അമ്മമാരുടെ കണ്ണീരിൽ നിങ്ങൾ ജ്വലിച്ചുപോകുമെന്ന് പറഞ്ഞാണ് അവസാനിപ്പിക്കുന്നത്.
സംഭവത്തിൽ രൂക്ഷ വിമർശനവുമായി രംഗത്തുവന്നു നടൻ ജോയ് മാത്യു. എല്ലാ പാർട്ടിക്കാരും ഘോഷയാത്രകൾ തുടങ്ങുന്നത് കാസർകോട്ട് നിന്നാണ്. ഇമ്മാതിരി ശവഘോഷയാത്രകൾ ഇനി ഈ ജില്ലയിൽനിന്നും തുടങ്ങേണ്ടയെന്ന് കാസർകോട്ടുള്ളവർ ഒന്ന് മനസ്സുവെച്ചാൽ മതി. അങ്ങനെ ഓരോ ജില്ലക്കാരും തീരുമാനിക്കുന്ന കാലം വരുമെന്ന് നമുക്ക് സ്വപ്‌നം കാണാമെന്നും എഫ്.ബി പോസ്റ്റിൽ കുറിക്കുന്നുണ്ട്. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ സംഭവത്തിൽ രാഹുൽ ഗാന്ധിയെ ഉപദേശിക്കുന്ന എഫ്.ബി പോസ്റ്റുമായാണ് രംഗത്തുവന്നത്. സി.പി.എമ്മുമായി ബന്ധം വേണമോയെന്ന് ആലോചിക്കണമെന്നാണ് സുരേന്ദ്രന്റെ ഉപദേശം.
 

Latest News