Sorry, you need to enable JavaScript to visit this website.

'ഒറ്റയടി കിട്ടിയതെ ഉള്ളൂ, ആകെ പതറി'; ഇതാണ് ജെയ്ഷ് ഭീകരന്‍ മസൂദ് അസ്ഹര്‍

ന്യൂദല്‍ഹി- പുല്‍വാമയിലെ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പാക്കിസ്ഥാനി ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് തലവന്‍ കൊടും ഭീകരന്‍ മസൂദ് അസ്ഹര്‍ വേഗത്തില്‍ കൈകാര്യം ചെയ്യാവുന്ന ആളായിരുന്നുവെന്ന് അദ്ദേഹത്തെ നേരത്തെ ചോദ്യം ചെയ്ത മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍. 1994-ല്‍ കശ്മീരിലെ അനന്ത്‌നാഗില്‍ വച്ചാണ് മസൂദ് അസ്ഹര്‍ അറസ്റ്റിലായത്. പോര്‍ചുഗീസ് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ബംഗ്ലദേശ് വഴി ഇന്ത്യയില്‍ പ്രവേശിച്ചാണ് അദ്ദേഹം അന്ന് ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിലെത്തിയത്. 94 ഫെബ്രുവരിയിലാണ് അറസ്റ്റിലായത്. 'ഒരു സൈനിക ഓഫീസറില്‍ നിന്ന് ഒറ്റയടി കിട്ടിയതോടെ മസൂദ് അഹര്‍ ആകെ പതറി. തന്റെ ഓരോ ചലനങ്ങളെ കുറിച്ചും മണിമണിപോലെ പറയാന്‍ തുടങ്ങി' - അദ്ദേഹത്തെ ചോദ്യം ചെയ്ത മുന്‍ സിക്കിം പോലീസ് മേധാവി അവിനാശ് മോഹനനെ പറഞ്ഞു. ഈ കൊടും ഭീകരനെ പലതവണ ചോദ്യം ചെയ്തിട്ടുണ്ട് ഈ ഓഫീസര്‍. 'കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പമായിരുന്നു അദ്ദേഹത്തെ,' മുന്‍ ഐബി ഉദ്യോഗസ്ഥനായ മോഹനനെ പറയുന്നു. 1985 ബാച്ച് ഐപിഎസ് ഓഫീസറായ മോഹനനെ ആയിരുന്നു അക്കാലത്ത് ജമ്മു കശ്മീര്‍ ഐബി ഡെസ്‌കിന്റെ മേധാവി.

കോട്ട് ബല്‍വാല്‍ ജയിലില്‍ പല തവണ മസൂദ് അസ്ഹറിനെ നേരിട്ടു ചെന്ന് മണിക്കൂറുകളോളും ചോദ്യം ചെയ്തിട്ടുണ്ട്. വിവരങ്ങള്‍ ലഭിക്കാനായി ഒരു മുറകളും പ്രയോഗിക്കേണ്ടി വന്നിട്ടില്ല. എല്ലാം വിശദീകരിച്ചു നല്‍കും- മോഹനനെ പറഞ്ഞു. കശ്മീരിലെ ഭീകര സംഘടനകള്‍ തമ്മിലുള്ള ഭിന്നിപ്പ് തീര്‍ക്കാനും ഒന്നിപ്പിക്കാനും ശ്രമിച്ചതും അഫ്ഗാന ഭീകരര്‍ കശ്മീരിലെത്തിയതിനെ കുറിച്ചും അസ്ഹറില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നുവെന്നും മുന്‍ പോലീസ് ഓഫീസര്‍ പറഞ്ഞു. 

1999-ല്‍ ഭീകരര്‍ റാഞ്ചിയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം വിട്ടു കിട്ടാനായി അന്നത്തെ ബിജെപി സര്‍ക്കാര്‍ മസൂദ് അസ്ഹറിനെ മോചിപ്പിക്കുകയായിരുന്നു. ശേഷം പാക്കിസ്ഥാനില്‍ തിരിച്ചെത്തിയ അദ്ദേഹം ജയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടന സ്ഥാപിക്കുകയും ഇന്ത്യയ്‌ക്കെതിരെ പല ആക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. പാര്‍ലമെന്റ്, പത്താന്‍കോട്ട് വ്യോമസേനാ താവളം, ജമ്മു കശ്മീരിലെ സൈനിക ക്യാമ്പുകള്‍ എന്നീ ആക്രമണങ്ങള്‍ക്കു പിന്നിലും ജയ്ഷ് ആയിരുന്നു.

പാക്കിസ്ഥാനും പാക് ചാരസംഘടനയായ ഐഎസ്‌ഐക്കും താന്‍ വളരെ പ്രധാനപ്പെട്ടതാണെന്നും കൂടുതല്‍ കാലം തന്നെ കസ്റ്റഡിയില്‍ വയ്ക്കാനാവില്ലെന്നും മസൂദ് അസ്ഹര്‍ അന്ന് പറഞ്ഞിരുന്നതായും മൊഹനനെ ഓര്‍ത്തെടുക്കുന്നു. താന്‍ പാക്കിസ്ഥാനില്‍ തിരിച്ചെത്തുന്ന കാര്യം ഐഎസ്‌ഐ ഉറപ്പാക്കുമെന്നും മസൂദ് പറഞ്ഞിരുന്നു. 94-ല്‍ മസൂദ് അറസ്റ്റിലായി 10 മാസങ്ങള്‍ക്കു ശേഷം ദല്‍ഹിയില്‍ നിന്ന് 10 വിദേശികളെ തട്ടിക്കൊണ്ടു പോകുകയും ഇവരുടെ മോചനത്തിനു പകരമായി മസൂദ് അസ്ഹറിനെ മോചിപ്പിക്കണമെന്ന് തട്ടിക്കൊണ്ടു പോയവര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഉമര്‍ ശൈഖ് എന്ന ഭീകരന്‍ അറസ്റ്റിലായതോടെ ഈ നീക്കം പാളുകയായിരുന്നു. പിന്നീട് 1999-ല്‍ മസൂദ് അസ്ഹറിനൊപ്പം ഉമര്‍ ശൈഖിനേയും ബിജെപി സര്‍ക്കാര്‍ വിട്ടയച്ചു. പിന്നീട് പാക്കിസ്ഥാനില്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡാനിയല്‍ പേള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട കേസിലും ഉമര്‍ ശൈഖിന് പങ്കുണ്ടായിരുന്നു.
 

Latest News