ന്യൂദല്‍ഹി- രാജ്യത്ത് ബി.ജെ.പി നേതാക്കളായ അമിത് ഷായും നരേന്ദ്ര മോഡിയും മാത്രമല്ല രാജ്യസ്‌നേഹികളെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഭീകരര്‍ ആക്രമണം ആസൂത്രണം ചെയ്യുന്നതായി വിവരം ലഭിച്ചിട്ടും എന്തു കൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
എന്റെ ഫോണ്‍ എല്ലായ്‌പ്പോഴും ചോര്‍ത്തുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടെന്നും അതിനുള്ള തെളിവുകളുണ്ടെന്നും ആവശ്യം വരുമ്പോള്‍ വെളിപ്പെടുത്തുമെന്നും മമത മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഭീകരതക്ക് മതമില്ല. ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ബി.ജെ.പി ശ്രമിക്കരുത്. പുല്‍വാമ ഭീകരാക്രമണം സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിന് തയാറാകണം- അവര്‍ പറഞ്ഞു. എന്തുകൊണ്ട് ഇത്രമാത്രം വാഹനങ്ങളെ ഒരുമിച്ച് നീങ്ങാന്‍ ആവശ്യപ്പെട്ടു. ഇത് സുപ്രധാന ചോദ്യമാണ്. ആക്രമണം നടക്കുമെന്ന് സര്‍ക്കാരിന് വ്യക്തമായ വിവരം ലഭിച്ചിരുന്നു. എന്നിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല- മമത ചോദിച്ചു.
പുല്‍വാമ ഭീകരാക്രമണത്തോട് പ്രതികരിക്കാനും ഭീകരത അവസാനിപ്പിക്കുന്നതിനും മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കും പ്രതിപക്ഷം ഒറ്റെക്കട്ടായി പിന്തുണ അറിയിച്ചതാണ്. കൂടുതല്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്നും പുല്‍വാമ ആക്രമണത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതു നടപടിക്കും പിന്തുണ നല്‍കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഈ മാസം 14-ന് ആകമണം നടന്ന് അടുത്ത ദിവസം സര്‍വകക്ഷി യോഗം വളിച്ചു ചേര്‍ക്കുകയും ചെയ്തിരുന്നു.