പുല്‍വാമയില്‍ 12 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടല്‍; ഭീകരാക്രമണ സൂത്രധാരനേയും മറ്റൊരു ഭീകരനേയും വധിച്ചെന്ന് സൈന്യം

ശ്രീനഗര്‍- 45 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണമുണ്ടായ പുല്‍വാമയില്‍ സൈന്യവും പൊലീസും നടത്തിയ സംയുക്ത ഏറ്റുമുട്ടലില്‍ രണ്ടു കൊടും ഭീകരരെ വധിച്ചു. പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനും ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനോട് ഏറെ അടുപ്പമുള്ള ഭീകരനുമായ കംറാനെയാണ് സൈന്യം വധിച്ചത്. അഫ്ഗാന്‍ ബോംബ് സ്‌പെഷ്യലിസ്റ്റായ മറ്റൊരു ജെയ്ഷ് ഭീകരന്‍ ഗാസി റശീദും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ പിങ്ക്‌ലാനില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രി തുടക്കമിട്ട ഏറ്റുമുട്ടല്‍ 12 മണിക്കൂറോളം നീണ്ടു. ഈ പോരാട്ടത്തില്‍ ഒരു മേജറും മൂന്ന് സൈനികരുമുള്‍പ്പെടെ നാലു പേരെ ഇന്ത്യന്‍ സൈന്യത്തിനു നഷ്ടമായിരുന്നു. 55 രാഷ്ട്രീയ് റൈഫിള്‍സ്, സിആര്‍പിഎഫിന്റെ രണ്ടു ബറ്റാലിയനുകള്‍, ജമ്മു കശ്മീര്‍ പൊലീസിന്റെ സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ് എന്നിവര്‍ സംയുക്തമായാണ് ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയത്.

ജെയ്‌ഷെ മുഹമ്മദിന്റെ പാക്കിസ്ഥാനി ചീഫ് ഓപറേഷന്‍ കമാന്‍ഡറായിരുന്നു കംറാനെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. കശമീരില്‍ യുവാക്കളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുകയും പരിശീലിപ്പിക്കുകയുമായിരുന്നു ഇയാളുടെ ചുമതല. വര്‍ഷങ്ങളായി കംറാനെ പിടികൂടാന്‍ ശ്രമിച്ചു വരികയായിരുന്നു. എന്നാല്‍ ഗ്രാമങ്ങളില്‍ സൈന്യത്തിന്റെ കണ്ണുവെട്ടിച്ചു കഴിയുകയായിരുന്നു. 45 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം ആസൂത്രണം ചെയ്തതും കംറാനാണെന്ന് സൈന്യം പറയുന്നു.

Latest News