മലപ്പുറം- പാർലമെന്റ് തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജന ചർച്ചകൾക്കായി യു.ഡി.എഫ് യോഗം ഇന്ന് നടക്കാനിരിക്കെ മുസ്‌ലിം ലീഗ് മൂന്നാം സീറ്റിനായി സമ്മർദ്ദം ചെലുത്തുന്നത് യു.ഡി.എഫ് നേതൃത്വത്തിന് തലവേദനയാകും. മൂന്നാമതൊരു സീറ്റുകൂടി വേണമെന്ന ആവശ്യത്തിൽ മുസ്‌ലിം ലീഗ് അവസാന നിമിഷം വരെ വിലപേശുമെന്നുറപ്പായിരിക്കെ ലീഗിനെ തണുപ്പിക്കാൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പടെയുള്ളവർ ശ്രമങ്ങൾ നടത്തി വരികയാണ്. മൂന്നാം സീറ്റ് ലീഗിന്റെ അവകാശമാണെന്ന രീതിയിലാണ് ലീഗ് നേതൃത്വം ഈ ആവശ്യം മുന്നണിയിൽ ഉന്നയിക്കാനിരിക്കുന്നത്. സീറ്റ് നൽകാതിരിക്കുന്നതിന് കോൺഗ്രസിന്റെ വിശദീകരണം വിശ്വസനീയമായാൽ മാത്രമേ ഈ ആവശ്യത്തിൽനിന്ന് ലീഗ് പിൻമാറാൻ സാധ്യതയുള്ളൂ.
നിലവിൽ രണ്ടു സീറ്റിൽ മൽസരിച്ചു വരുന്ന മുസ്‌ലിം ലീഗിന് മുൻകാലങ്ങളിൽ മൂന്നു സീറ്റുവരെ യു.ഡി.എഫ് നൽകിയിട്ടുണ്ട്. നിലവിലുള്ള രണ്ടു സീറ്റുകളും മലപ്പുറം ജില്ലയിലാണെന്നതാണ് ലീഗ് പരിമിതിയായി കാണുന്നത്. പാർട്ടിക്ക് കനത്ത സ്വാധീനമുള്ള മലപ്പുറം ജില്ലക്ക് പുറത്ത് കോൺഗ്രസിന്റെ പിന്തുണയോടെ ജയിക്കാൻ കഴിയുന്ന മൂന്നാമതൊരു സീറ്റുകൂടി വേണമെന്നതാണ് ലീഗ് ഉന്നയിക്കുന്ന ആവശ്യം. മാത്രമല്ല, ദീർഘകാലം രണ്ടു സീറ്റ് മാത്രമായി ലീഗിനെ ഒതുക്കിനിർത്തുകയാണ് യു.ഡി.എഫ് എന്ന പരാതിയും ഒരു വിഭാഗത്തിനുണ്ട്.
ഇത്തവണ മൂന്നാമതൊരു സീറ്റ് കൂടി ആവശ്യപ്പെടുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദാണ് ആദ്യം വ്യക്തമാക്കിയത്. എന്നാൽ ഇക്കാര്യത്തിൽ മുസ്‌ലിം ലീഗ് വാശിപിടിക്കില്ലെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. അതേസമയം പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ മൂന്നാം സീറ്റ് നിർബന്ധമായും ചോദിച്ചുവാങ്ങണമെന്ന നിലപാടുള്ളവരാണ്. ലീഗ് സമ്മർദ്ദം കടുപ്പിക്കുമെന്നായതോടെ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പാണക്കാടെത്തി മുസ്‌ലിം ലീഗ് നേതാക്കളെ കണ്ടിരുന്നു.
സീറ്റുമായി ബന്ധപ്പെട്ട ചർച്ചകൾക്കല്ല പാണക്കാട് എത്തിയതെന്ന് മുല്ലപ്പള്ളി പറഞ്ഞിരുന്നെങ്കിലും ലീഗിന് പുതിയ സീറ്റിനായുള്ള ആവശ്യത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമം ആരംഭിച്ചിരുന്നു. ഇതിനിടെ ലീഗിലെ അനുകൂലിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്തെത്തിയത് യു.ഡി.എഫിൽ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.
മൂന്നാമതൊരു സീറ്റ് ലഭിക്കുകയാണെങ്കിൽ അത് വിജയസാധ്യതയുള്ള സീറ്റായിരിക്കണമെന്ന് ലീഗിന് നിർബന്ധമുണ്ട്. മൽസരിച്ച് പരാജയപ്പെട്ടാൽ അടുത്ത തെരഞ്ഞെടുപ്പുകളിൽ കൂടുതൽ സീറ്റ് ലഭിക്കുന്നതിന് അത് തടസ്സമാകുമെന്ന് ലീഗ് നേതാക്കൾ കണക്കുകൂട്ടുന്നുണ്ട്. ദേശീയ തലത്തിൽ കോൺഗ്രസിന് കൂടുതൽ സീറ്റ് ലഭിക്കേണ്ടതുണ്ടെന്ന ആവശ്യം കോൺഗ്രസ് നേതാക്കൾ ഇന്നത്തെ യോഗത്തിൽ വിജയകരമായി അവതരിപ്പിച്ചാൽ മുസ്‌ലിം ലീഗ് ആവശ്യത്തിൽ നിന്ന് പിൻമാറുമെന്നാണറിയുന്നത്.