തിരുവനന്തപുരം- പാക്കിസ്ഥാന്‍കാരല്ല കശ്മീരില്‍ തന്നെയുള്ള യുവാവാണ് ഇത്തവണ ചാവേറായതെന്നും ഇതൊന്നും മുന്‍കൂട്ടി കാണാന്‍ സര്‍ക്കാരിനായില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരള സംരക്ഷണ യാത്രയുടെ രണ്ടാം ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനികര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് വീഴ്ചയുണ്ടായി. ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷം കശ്മീരില്‍ 890 സൈനികരാണ് കൊല്ലപ്പെട്ടത്. കേന്ദ്രം നേരിട്ട് ഭരിക്കുമ്പോഴാണിതുണ്ടായത്. ആക്രമണത്തിന് ശേഷവും അവിടെ പല സംഭവങ്ങളുമുണ്ടായി. നിയന്ത്രിക്കാന്‍ സംവിധാനമുണ്ടായില്ല. കശ്മീരിന്റെ കാര്യത്തില്‍ നയതന്ത്ര നിലപാടെടുക്കുന്നതിലും ബി.ജെ.പി സര്‍ക്കാര്‍ പരാജയപ്പെട്ടു. ഭീകരവാദത്തെ തുടച്ചു നീക്കുക, രാജ്യത്തെ രക്ഷിക്കുക എന്നതാണ് സി.പി.എം ഉയര്‍ത്തുന്ന മുദ്രാവാക്യം. കശ്മീരില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്റെ വീട്ടിലെത്തി വീരജവാന്റെ ഭൗതിക ശരീരത്തിന് മുന്നില്‍നിന്ന് സെല്‍ഫിയെടുത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെയും കോടിയേരി രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരത്തില്‍ എന്തെങ്കിലും കാട്ടിയില്ലെങ്കില്‍ അത് കണ്ണന്താനമാകില്ലല്ലോ, കേന്ദ്ര മന്ത്രിയാകുമ്പോള്‍ അല്‍പം ഔചിത്യമെങ്കിലും പ്രകടിപ്പിക്കേണ്ടേയെന്നും കോടിയേരി ചോദിച്ചു.