തിരുവനന്തപുരം- ഫേസ്ബുക്ക് വഴി സൗഹൃദം നടിച്ച് യുവതിയെ ഭീഷണിപ്പെടുത്തിയ യുവാവിനെ സിറ്റി ഷാഡോ പോലീസും മ്യൂസിയം പോലീസും ചേര്‍ന്നു പിടികൂടി.
വയനാട് മാനന്തവാടി സ്വദേശി ഷിറിനെ(29)യാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിനെതിരായ തെളിവ് നല്‍കാമെന്ന് മെസ്സേജ് അയച്ചാണ് ശല്യം തുടങ്ങിയത്. ഹോട്ടല്‍ മുറിയില്‍ ഒറ്റക്ക് തന്നോടൊപ്പം വന്നാല്‍ തെളിവുകള്‍ കാണിച്ചുതരാമെന്ന് പറഞ്ഞായിരുന്നു ഭീഷണി.
പിന്നീട് പാളയം ബസ് സ്റ്റാന്‍ഡില്‍ വന്നാല്‍ നേരിട്ട് കാണാമെന്ന് അറിയിച്ചു. തുടര്‍ന്ന് യുവതിയും ഭര്‍ത്താവും സിറ്റി പോലീസ് കമ്മീഷണര്‍ എസ്. സുരേന്ദ്രന് പരാതി നല്‍കിയതിനെ തുടര്‍ന്ന് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ സിറ്റി ഷാഡോ പോലീസിന്റെ സഹായത്തോടെ പാളയം ബസ് സ്റ്റാന്‍ഡിന് സമീപം മ്യൂസിയം പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രായമാകാത്ത പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിന് വയനാട് തിരുനെല്ലി പോലീസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്.






