ജിസാൻ- മൂന്ന് ദിവസം മുമ്പ് ഫൈഫാ മലയുടെ ഉച്ചിയിൽനിന്ന് താഴേക്ക് മറിഞ്ഞ വാഹനം ഓടിച്ച സൗദി ബാലന് രക്ഷപ്പെട്ടതിന്റെ അമ്പരപ്പ് വിട്ടുമാറുന്നില്ല. ഹൈലക്‌സ് കാർ മലമുകളിൽനിന്ന് നിലംപതിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായി പ്രചരിച്ചിരുന്നു. വീഡിയോ ക്ലിപ്പിംഗ് കണ്ട ആരും വാഹനത്തിലുണ്ടായിരുന്നവർ രക്ഷപ്പെടുമെന്ന് നിനച്ചിരുന്നില്ല. ഫൈഫാ പർവതത്തിൽ ചുരങ്ങളിലൂടെ അപകടകരമായ രീതിയിൽ കാറോടിച്ച അലി ഹുസൈൻ അൽഫീഫി ശരീരത്തിൽ അങ്ങിങ്ങായി സംഭവിച്ച ചതവുകൾക്ക് ചികിത്സ തേടി ഫൈഫ് ജനറൽ ആശുപത്രി വിട്ടു. അമിത വേഗതയിൽ വാഹനമോടിക്കുന്നത്, പ്രത്യേകിച്ച്, ചുരങ്ങളിലൂടെ തീർത്തും ഒഴിവാക്കണമെന്ന് അലി അൽഫീഫിയുടെ പിതാവ് അഭ്യർഥിച്ചു. ദൈവാനുഗ്രഹം കൊണ്ടാണ് 14 കാരൻ രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഫൈഫായിലെ റോഡുകളിൽ അപകടം നിത്യസംഭവമാണെന്ന് നാട്ടുകാരും മേഖലക്ക് പുറത്തുനിന്ന് എത്തുന്ന സന്ദർശകരും സാക്ഷ്യപ്പെടുത്തുന്നു. ഇടുങ്ങിയ റോഡുകളിൽ മഴയെ തുടർന്ന് കുണ്ടും കുഴികളും രൂപപ്പെടുന്നത് സാധാരണമാണ്. ഇവിടെ വേലിക്കെട്ടും ബാരിയറുകളും സ്ഥാപിക്കണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്നും പ്രതികരണമുണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ ആവലാതിപ്പെടുന്നു.