Sorry, you need to enable JavaScript to visit this website.

കാർഷിക മേഖലയിൽ  തൊഴിലാളികളെ കൈമാറ്റം ചെയ്യാൻ അനുമതി

  • സേവനം അജീർ പോർട്ടൽ വഴി

റിയാദ് - കാർഷിക മേഖലയിൽ തൊഴിലാളികളെ കൈമാറ്റം ചെയ്യുന്നതിന് സ്‌പോൺസർമാർക്ക് അനുമതി നൽകിയതായി പരിസ്ഥിതി ജല കാർഷിക മന്ത്രാലയം അറിയിച്ചു. താൽക്കാലിക തൊഴിൽ ക്രമീകരിക്കാനും രജിസ്റ്റർ ചെയ്യാനും ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച അജീർ പോർട്ടൽ വഴിയാണ് കാർഷിക സ്ഥാപനങ്ങൾ തൊഴിലാളികളുടെ കൈമാറ്റം പൂർത്തിയാക്കേണ്ടത്. കാർഷിക മേഖലക്ക് പരമാവധി പിന്തുണ നൽകുന്നതിനും വ്യത്യസ്ത സീസണുകളിൽ പരമാവധി നേട്ടം കൊയ്യുന്നതിനും വേണ്ടിയാണ് പുതിയ സേവനം ആരംഭിക്കുന്നതെന്ന് പരിസ്ഥിതി ജല കാർഷിക മന്ത്രാലയം വ്യക്തമാക്കി. ംംം.മഷലലൃ.രീാ.മെ എന്ന വെബ്‌സൈറ്റ് വഴിയാണ് കാർഷിക സ്ഥാപനങ്ങൾക്ക് പുതിയ സേവനത്തിന് അപേക്ഷിക്കേണ്ടത്.  
കാർഷിക തൊഴിലാളികളെ ഉപയോഗപ്പെടുത്തി മേഖല അഭിവൃദ്ധിപ്പെടുത്തുന്നതിന് തൊഴിൽ മന്ത്രാലയവുമായി ഇക്കാര്യത്തിൽ ധാരണയിലെത്തിയതായി കാർഷിക മന്ത്രാലയ അണ്ടർ സെക്രട്ടറി എൻജി. അഹ്മദ് ബിൻ സാലിഹ് അൽഇയാദ പറഞ്ഞു. 
കുറഞ്ഞ സമയം കൊണ്ട് തൊഴിലാളികളെ ലഭിക്കുമെന്നതിൽ ഉപരി ചുരുങ്ങിയ ചെലവിൽ നടപടിക്രമങ്ങൾ പൂർത്തിയാകുമെന്നതും പുതിയ സംവിധാനത്തിന്റെ പ്രത്യേകതയാണ്. അജീർ വഴി തൊഴിലാളികളെ ലഭിക്കുമെന്നത് കാർഷിക സ്ഥാപനങ്ങൾക്ക് പുത്തനുണർവേകുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കാർഷിക വൃത്തിയും അതു മൂലമുള്ള സേവനങ്ങളും ഉന്നത നിലവാരം കൈവരിക്കുന്നതിന് മന്ത്രാലയത്തിന്റെ തീരുമാനം ഗുണം ചെയ്യും. കൂടാതെ, ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതി സാക്ഷാത്കരിക്കുന്നതിനും വ്യത്യസ്ത സേവനങ്ങളുടെ ക്ഷമത ഉയർത്തുന്നതിനും കാർഷിക മേഖലയെ സുസ്ഥിരമാക്കുന്നതിനും മന്ത്രാലയ പ്രഖ്യാപനം വഴിയൊരുക്കുമെന്ന് എൻജി. അഹ്മദ് അൽഇയാദ അഭിപ്രായപ്പെട്ടു. 
ഇതിലെല്ലാം ഉപരി, ആവശ്യത്തിലധികം ജോലിക്കാരുള്ള സ്ഥാപനങ്ങൾക്ക് വായ്പ അടിസ്ഥാനത്തിൽ മറ്റു സ്ഥാപനങ്ങളിലേക്ക് താൽക്കാലികമായി നിയമാനുസൃതം തൊഴിലാളികളെ മാറ്റുന്നതിന് പദ്ധതി സഹായകമാകും. എങ്കിലും വായ്പ നൽകുന്നതും സ്വീകരിക്കുന്നതുമായ സ്ഥാപനങ്ങൾ കാർഷിക മേഖലയിൽ തന്നെ പ്രവർത്തിക്കണമെന്ന് ഉപാധിയുണ്ട്. 

Latest News