Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഭീകരാക്രമണം ഓഹരി വിപണിയിലും പ്രതിഫലിച്ചു  

കൊച്ചി- ഇന്ത്യൻ ഓഹരി വിപണിയിലെ ബുൾ ഇടപാടുകാരെ തുരത്തികൊണ്ട് കരടികൾ വിപണിയുടെ ആധിപത്യം കൈപ്പിടിയിൽ ഒതുക്കി. പുൽവാമ ഭീകരാക്രമണ പശ്ചാത്തലത്തിൽ വിദേശ ഫണ്ടുകൾ ഈ വാരം സ്വീകരിക്കുന്ന നിലപാട് നിഫ്റ്റിയുടെ ചലനങ്ങളെ നിയന്ത്രിക്കും. രണ്ടാഴ്ച മികവ് കാഴ്ചവെച്ച ശേഷമാണ് വിപണി വിൽപ്പനക്കാർക്ക് അനുകൂലമായത്. ബോംബെ സെൻസെക്‌സ് 737 പോയിന്റും നിഫ്റ്റി 220 പോയിന്റും കഴിഞ്ഞവാരം ഇടിഞ്ഞു. ഭീകരാക്രമണ പശ്ചാത്തലത്തിൽ വിദേശ ധനകാര്യസ്ഥാപനങ്ങൾ പുതിയ ബാധ്യതകളിൽനിന്ന് പിൻവലിയാം. 
യു എസ് ഡോളർ ഇൻഡക്‌സ് കുതിപ്പിനുള്ള നീക്കത്തിലാണ്. വാരാവസാനം ഡോളർ ഇൻഡക്‌സ് 96.90 ലാണ്. സൂചികയുടെ ചലനങ്ങൾ വിലയിരുത്തിയാൽ 97.60 ലെ പ്രതിരോധം ഭേദിച്ചാൽ ഡോളർ സൂചിക 103 വരെ ഉയരാം. അതായത് വിനിമയ വിപണിയിൽ ഡോളറിന് മുന്നിൽ ഇന്ത്യൻ രൂപയുടെ മൂല്യം പരുങ്ങലിലാവാൻ ഇടയുണ്ട്. 
ഫോറെക്‌സ് മാർക്കറ്റിൽ രൂപയുടെ മൂല്യം 71.15 ൽനിന്ന് 71.31 ലേയ്ക്ക് ഇടിഞ്ഞു. രൂപയുടെ നീക്കങ്ങൾ കണക്കിലെടുത്താൽ 71.86 ലെ തടസം മറികടന്നാൽ 72.30 ലേയ്ക്കും തുടർന്ന് 73.08 ലേയ്ക്കും വിനിമയ നിരക്ക് ദുർബലമാവാം. 
ഈ മാസം ആദ്യ പകുതിയിൽ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ 5322 കോടി രൂപയുടെ നിക്ഷേപം നടത്തി. കേന്ദ്ര ബജറ്റിലെ അനുകൂലഘടകങ്ങൾ മുൻ നിർത്തിയാണ് അവർ നിക്ഷേപത്തോത് ഉയർത്തിയത്. ജനുവരിയിൽ  (എഫ്പിഐ)  5264 കോടി രൂപയുടെ ഓഹരികൾ പിൻവലിച്ചിരുന്നു. 
ബോംബെ സെൻസെക്‌സ് 36,546 ൽനിന്ന് താഴ്ന്നാണ് ആദ്യ ദിനത്തിൽ തന്നെ വ്യാപാരം തുടങ്ങിയത്. ഒരു വേള സൂചിക 35,510 ലേയ്ക്ക് ഇടിഞ്ഞശേഷം വാരാന്ത്യം 35,809 ലാണ്. പിന്നിട്ട ഏഴ് പ്രവൃത്തി ദിനങ്ങളിലും സൂചിക നഷ്ടത്തിലാണ് നീങ്ങിയത്. ഈ വാരം 36,172 ലെ പ്രതിരോധത്തിലേയ്ക്ക് മുന്നേറാൻ തുടക്കത്തിൽ ശ്രമം നടത്താമെങ്കിലും വിൽപ്പന സമ്മർദ്ദത്തിനുള്ള സാധ്യതകൾ കണക്കിലെടുത്താൽ സെൻസെക്‌സ് 35,477 റേഞ്ചിലേയ്ക്ക് തിരിയാം. ഈ താങ്ങിൽ പിടിച്ചു നിൽക്കാൻ സെൻസെക്‌സിനായില്ലെങ്കിൽ 35,146-34,415 വരെ സാങ്കേതിക തിരുത്തൽ തുടരാം. 
നിഫ്റ്റി സൂചിക മുൻവാരത്തിലെ 10,944 പോയിന്റിൽ നിന്ന് മുന്നേറാനാവാതെ തുടക്കത്തിൽ തന്നെ തളർന്നു. ഒരു വേള സൂചിക 10,620 ലേയ്ക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം 10,724 പോയിന്റിലാണ്. ഈവാരം ആദ്യ തടസം 10,839 ലാണ്. ഇത് മറികടക്കാനുള്ള കരുത്ത് നിലവിൽ വിപണിക്കില്ല. ആ നിലയ്ക്ക് ആദ്യ താങ്ങായ 10,614 ലേയ്ക്ക് തുടക്കത്തിൽ തന്നെ പരീക്ഷണങ്ങൾ നടത്താം. ഈ സപ്പോർട്ടിലും വിൽപന സമ്മർദ്ദം അനുഭവപ്പെട്ടാൽ നിഫ്റ്റി 10,504-10,279 ലേയ്ക്കും പരീക്ഷണങ്ങൾ നടത്താം. രാജ്യത്തെ ഏറ്റവും മികച്ച 10 കമ്പനികളുടെ വിപണി മൂലധനത്തിൽ പോയവാരം 98,862.63 കോടി രൂപയുടെ ഇടിവ് സംഭവിച്ചു. റിലയൻസ് ഇൻഡസ്ട്രീസ്, എസ്ബിഐ എന്നിവയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. 
റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്.യു.എൽ, ഇൻഫോസിസ്, എച്ച്ഡിഎഫ്‌സി, കൊടക് മഹീന്ദ്ര ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക് എന്നിവയുടെ വിപണിമൂല്യം കുറഞ്ഞു. ഐടിസി യുടെ വിപണി മൂല്യത്തിൽ മുന്നേറ്റം ദൃശ്യമായി. 
രാജ്യാന്തര മാർക്കറ്റിൽ ക്രൂഡ് ഓയിൽ ബുള്ളിഷ് ട്രെന്റിലാണ്. എണ്ണ വില ബാരലിന് 52.70 ഡോളറിൽനിന്ന് മുൻവാരം സൂചിപ്പിച്ച 54.20 തടസവും തകർത്ത് 55.74 വരെ ഉയർന്നു. ഒപെക്ക് എണ്ണ ഉൽപാദനത്തിൽ വരുത്തിയ കുറവാണ് വിലക്കയറ്റത്തിന് ആവേശം പകർന്നത്. പിന്നിട്ടവാരം എണ്ണ വില 2.2 ശതമാനം ഉയർന്നതിനൊപ്പം മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയും ദർശിച്ചു. എണ്ണയുടെ ചലനങ്ങൾ കണക്കിലെടുത്താൽ 58.71 ഡോളർ വരെ നിരക്ക് ഉയരാം.
 

Latest News