കാസര്‍കോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; നാളെ ഹര്‍ത്താല്‍

കാസർകോട്- കാഞ്ഞങ്ങാട് പെരിയ കല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ  വെട്ടിക്കൊന്നു. കൊലപാതകത്തിന് പിന്നിൽ സി.പി.എമ്മാ ണെന്ന് കോൺഗ്രസ് ആരോപിച്ചു. പെരിയ കല്യോട്ടെ കൃപേഷ് (24), ശരത് ലാൽ ജോഷി (28) എന്നിവരാണ് കൊല്ലപ്പെട്ടത്. കൃപേഷ് സംഭവം നടന്ന ഉടനെയും ശരത് ലാൽ ജോഷി മംഗളൂരു ആശുപത്രിയിലുമാണ് മരിച്ചത്. കാറിൽ എത്തിയ കൊലയാളി സംഘം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊല്ലുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൃപേഷിനെ ബേക്കൽ എസ്.ഐ കെ.പി. വിനോദ് കുമാറും സംഘവും എത്തിയാണ് ജില്ലാ ആശുപത്രിയിൽ കൊണ്ടുപോയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശരത് ലാൽ ജോഷി (28) യെ മംഗളൂരുവിലേക്ക് കൊണ്ടു പോയെങ്കിലും ആശുപത്രിയിൽ എത്തിയ ഉടൻ മരിച്ചു. 
ഇന്നലെ രാത്രി എട്ട് മണിയോടെ കാറിൽ എത്തിയ സംഘം തടഞ്ഞു നിർത്തി ഇരുവരെയും വെട്ടിക്കൊല്ലുകയായിരുന്നു. വിവരമറിഞ്ഞ് ജില്ലാ പോലീസ് മേധാവി ഡോ. ശ്രീനിവാസ്, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി സജീവൻ, ബേക്കൽ സി.ഐ വിശ്വംഭരൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സി.പി.എം ആസൂത്രണം ചെയ്തതാണ് കൊലപാതകമെന്ന് കോൺഗ്രസ് ആരോപിച്ചു. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഇരുവരെയും കാറിലെത്തിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു.  മുച്ചിലോട്ട് പെരുങ്കളിയാട്ടം സംഘാടക സമിതി രൂപീകരണം യോഗം കഴിഞ്ഞു മടങ്ങുകയായിരുന്നു ഇരുവരും. ഇവിടെ സി.പി.എം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കുറെ നാളായി സംഘർഷമുണ്ടായിരുന്നു. നേരത്തെ സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തെ ആക്രമിച്ചതിലുള്ള പ്രതികാരമായാണ് കൊലപാതകമെന്നും ആരോപണമുണ്ട്. മുന്നാട് പീപ്പിൾസ് കോളേജ് വിദ്യാർത്ഥികൾ കല്യോട്ടെ യുവാക്കളെ സ്ഥിരമായി ആക്രമിക്കുന്നത് പതിവായതിന്റെ പേരിൽ മാസങ്ങൾക്ക് മുമ്പ് ബസ് തടഞ്ഞ് സി.പി.എം പ്രവർത്തകരെ ആക്രമിച്ചിരുന്നു. സി.പി.എം പെരിയ ലോക്കൽ കമ്മിറ്റി അംഗം ഏച്ചിലടുക്കത്തെ എ. പീതാംബരൻ, കേരളാ പ്രവാസി സംഘം വില്ലേജ് സെക്രട്ടറി കല്യോട്ട് എ. സുരേന്ദ്രൻ എന്നിവരെ വെട്ടിപ്പരിക്കേൽപിച്ചിരുന്നു.
 ഈ സംഭവത്തിൽ കൃപേഷ് അടക്കം 11 കോൺഗ്രസ് പ്രവർത്തകർക്കെതിരെ നരഹത്യാ ശ്രമത്തിന് കേസെടുത്തിരുന്നു. ഇതിനു ശേഷം പലപ്പോഴായി പെരിയയിലും പരിസരങ്ങളിലും ഇരു പാർട്ടികളും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുകയായിരുന്നു. പെരിയ പോളിടെക്‌നിക്കിൽ വിദ്യാർത്ഥിയായിരുന്നു കൊല്ലപ്പെട്ട കൃപേഷ്. കൃപേഷിന്റെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജോഷിയുടെ മൃതദേഹം മംഗളൂരു ആശുപത്രിയിലാണുള്ളത്. സംഘർഷം പടരാതിരിക്കാൻ പെരിയയിലും പരിസരപ്രദേശങ്ങളിലും പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് കാസർകോട് ജില്ലയിൽ ഹർത്താൽ നടത്തുമെന്നു യു.ഡി.എഫ് ജില്ലാ ഭാരവാഹികൾ അറിയിച്ചു. രാവിലെ ആറു മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ഹർത്താൽ.കണ്ണൂർ മോഡലിൽ അരുംകൊലകൾ ആസൂത്രിതമായി നടപ്പാക്കിയെന്ന് കോൺഗ്രസ് ആരോപിച്ചു.
കാസർകോട്ട് രണ്ടു കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിന് പിന്നിൽ സി.പി.എമ്മാണെന്നും സംഭവത്തിൽ അതിശക്തമായ പ്രതിഷേധമുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാർട്ടി ഗുണ്ടകളെ ഉപയോഗിച്ച് കോൺഗ്രസ് പ്രവർത്തകരെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് സി.പി.എം. കണ്ണൂർ, കാസർകോട് മേഖലകളിൽ സി.പി.എം നടത്തിക്കൊണ്ടിരിക്കുന്ന കൊലപാതക പരമ്പരയുടെ തുടർച്ചയാണിത്. കൊലയാളികളെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നിലെത്തിക്കണം. കോൺഗ്രസ് കൈയും കെട്ടി നോക്കിനിൽക്കില്ല. കുറ്റവാളികളെ ഉടൻ പിടികൂടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ തുടങ്ങിയവർ ഇന്ന് പെരിയയിൽ എത്തും. കെ.പി.സി.സി നടത്തുന്ന ജനമഹായാത്ര ഇന്നത്തെ പരിപാടി നിർത്തിവെച്ചു.

Latest News