പുല്‍വാമ- സി.ആര്‍.പി.എഫ് ജവാന്മാരുടെ മരണത്തില്‍ ആഹ്ലാദിക്കുന്നില്ലെന്നും ഉറ്റവര്‍ നഷ്ടപ്പെടുന്ന കുടുംബങ്ങളുടെ വേദന നന്നായി അറിയാമെന്നും വര്‍ഷങ്ങളായി ഞങ്ങളിത് അനുഭവിക്കുകയാണെന്നും പുല്‍വാമയില്‍ ചാവേറായി മാറിയ ആദില്‍ അഹ്മദ് ദറിന്റെ പിതാവ് ഗുലാം ദര്‍.
ചാവേര്‍ ആക്രമണത്തില്‍ 40 ജവാന്മാര്‍ വീരമൃത്യുവരിച്ച സ്ഥലത്തുനിന്ന് അധികാരം ദൂരെയല്ല കാകപുര ഗ്രാമത്തിലെ ഈ വീട്. ജയ്‌ഷെ മുഹമ്മദ് ഭീകരനെന്ന് സ്ഥിരീകരിച്ച ആദില്‍ അഹ്മദ് ദര്‍ എ.കെ. 47 തോക്കെടുത്തുനില്‍ക്കുന്ന ചിത്രം വീട്ടില്‍ തൂങ്ങുന്നുണ്ട്. കുടുംബത്തെ ആശ്വസിപ്പിക്കാന്‍ നൂറുകണക്കിനാളുകള്‍ എത്തിച്ചേരുന്നു.
ഒരു മൂലയിലിരിക്കുന്ന ഗുലാം ഹസന്‍ ദറിന് ഹസ്തദാനം ചെയ്തു കൊണ്ട് ചിലര്‍ മുബാറക് (അഭിനന്ദനങ്ങള്‍) അറിയിക്കുന്നുണ്ട്. കുറച്ചുനാള്‍മുമ്പ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ലശ്കറെ തയ്യിബ ഭീകരന്‍ അബു ദുജാനയുടെ ഗ്രാമവും ഇതുതന്നെയാണ്.
ചാവേറായ ആദിലിന്റെ കസിന്‍ ഉമറാണ് ഗുലാം ദറിന്റെ വാക്കുകള്‍ ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്യുന്നത്. നേരത്തെ യു.എ.ഇയില്‍ ജോലിചെയ്തിരുന്ന ഉമര്‍ രണ്ട് വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. ഇപ്പോള്‍ ജോലി അന്വേഷിക്കുന്നു. കാകപുര ഗ്രാമത്തിലും സമീപ ഗ്രാമങ്ങളിലും സുരക്ഷാ സേന സ്ഥിരമായി തിരച്ചില്‍ നടത്തുന്ന സ്ഥലങ്ങളാണ്. ഇവിടങ്ങളിലെ ധാരാളം യുവാക്കള്‍ തീവ്രവാദികളോട് അനുഭാവം പുലര്‍ത്തുന്നവരാണ്.
യുവാക്കളോട് തനിക്കൊന്നും പറയാനില്ലെന്നും എന്നാല്‍ യുവാക്കള്‍ അക്രമത്തിന്റെ പാത തെരഞ്ഞെടുക്കുന്ന സാഹചര്യവും സംഘര്‍ഷവും ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് അഭ്യര്‍ഥിക്കാനുണ്ടെന്നും ഗുലാം ദര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 18 നാണ് തന്റെ മകന്‍ പൊടുന്നനെ അപ്രത്യക്ഷനായതെന്ന് ഗുലാം ദര്‍ ഓര്‍മിക്കുന്നു. അവനെ കണ്ടെത്താന്‍ കുടുംബം എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെങ്കിലും വിഫലമാകുകയായിരുന്നു. അവന്‍ ഒരിക്കലും മടങ്ങി വന്നില്ല. കുടുംബം കാത്തിരിപ്പ് തുടര്‍ന്നെങ്കിലും 20-കാരനായ മകന്‍ ഭീകരസംഘടനയോടൊപ്പം ചേര്‍ന്നുവെന്ന വിവരമാണ് പിന്നീട് ലഭിച്ചത്. ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ അഭ്യര്‍ഥനകളും നല്‍കി. പക്ഷെ പ്രതികരണമില്ലായിരുന്നു- ആദിലിന്റെ ബന്ധു ഉമര്‍ പറഞ്ഞു.
ഭീകരസംഘടനയില്‍ ഏറ്റവും താഴെ സി കാറ്റഗറിയിലായിരുന്നു ആദിലിനു സ്ഥാനം. സൈനികര്‍ക്കുനേരെ കല്ലെറിഞ്ഞിട്ടുണ്ടെങ്കിലും ഒരു വര്‍ഷം മുമ്പ് മാത്രം ഭീകര സംഘടനയില്‍ ചേര്‍ന്ന ആദിലിനെ അപകടകാരിയായി കരുതുയിരുന്നില്ല. സൈന്യത്തിന്റേയും ഇന്റലിജന്‍സിന്റേയും സൂക്ഷ്മ നോട്ടത്തില്‍ വരാതിരുന്നതാണ് മാരകമായ ഭീകരാക്രമണം നടത്താന്‍ ആദിലിന് സഹായകമായതെന്ന് നിരീക്ഷകര്‍ പറയുന്നു. കുടുംബം നല്ല നിലയിലായതിനാല്‍ ആദില്‍ ഒരിക്കലും പണത്തിനു വേണ്ടിയല്ല ഭീകരരോടൊപ്പം ചേര്‍ന്നതെന്നും ഉന്നത പഠനം നടത്താനായിരുന്നു അവന് താല്‍പര്യമെന്നും ഉമര്‍ പറയുന്നു.
മൂന്ന് ദശാബ്ദം പിന്നിടുന്ന കശ്മീര്‍ തീവ്രവാദത്തില്‍ ഏറ്റവും വലിയ ആക്രമണമെന്ന് വിലയിരുത്തപ്പെട്ട പുല്‍വാമ ആക്രമണം കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിനുശേഷം ഉടലെടുത്ത സംഘര്‍ഷം കാരണം താഴ്്‌വര അതീവ സുരക്ഷയിലാണ്. കര്‍ഫ്യൂ തുടരുന്ന താഴ്‌വരയില്‍ ഇന്റര്‍നെറ്റും തടഞ്ഞിട്ടുണ്ട്.