കൊച്ചി- ആലുവയില്‍ വന്‍ കവര്‍ച്ച. സര്‍ക്കാര്‍ വനിതാ ഡോക്ടറെ വീട്ടില്‍ ബന്ദിയാക്കി 52 പവന്‍ സ്വര്‍ണവും 75,000 രൂപയും കവര്‍ന്നു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ആലുവ ചെങ്ങമനാട് താമസിക്കുന്ന ഡോ.ഗ്രേസ് മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പിറകിലത്തെ വാതില്‍ തകര്‍ത്ത് അകത്തു കയറിയ രണ്ടംഗ സംഘമാണ് മോഷണം നടത്തിയതെന്ന് പോലീസ് പറയുന്നു.
ചെങ്ങമനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഗൈനക്കോളജിസ്റ്റു കൂടിയായ ഡോക്ടര്‍ ഏറെക്കാലമായി ഒറ്റയ്ക്കായിരുന്നു താമസം. ഭര്‍ത്താവ് ന്യൂയോര്‍ക്കിലാണ് ജോലി ചെയ്യുന്നത്. ഏക മകനും ജോലി സംബന്ധമായി പുറത്താണ്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ; വെളുപ്പിന് രണ്ടരയോടെ വീടിന് സമീപതെത്തിയ സംഘം പിന്‍വാതില്‍ വെട്ടിപ്പൊളിച്ച് അകത്തു കടക്കുകയായിരുന്നു. കിടപ്പ് മുറിയിലെത്തിയതിന് ശേഷം കവര്‍ച്ചാ സംഘം ഡോക്ടര്‍ ഗ്രേസിനെ കെട്ടിയിട്ട് കഴുത്തില്‍ പൊട്ടിയ കുപ്പിവച്ച് ഭീഷണിപ്പെടുത്തി. പിന്നീട് ശരീരത്തുണ്ടായിരുന്ന ആഭരണങ്ങള്‍ ഊരി എടുത്തു.
പിന്നീട് താക്കേല്‍ തേടിയെടുത്ത് സേഫ് ലോക്കറിലിരുന്ന 55 പവനോളം സ്വര്‍ണവും 75,000 രൂപയും കള്ളന്മാര്‍ കവര്‍ന്നു. ഒന്നര മണിക്കൂറോളം വീട്ടിലുണ്ടായിരുന്ന സംഘം നാല് മണിക്ക് ശേഷമാണ് വീട്ടില്‍ നിന്ന് രക്ഷപ്പെട്ടത്. ചെങ്ങമനാട് -അത്താണി റോഡിനോട് ചേര്‍ന്ന് എപ്പോഴും വാഹന ഗതാഗതമുണ്ടാകാറുള്ള സ്ഥലത്താണ് മോഷണ ശ്രമം നടന്നത്. സംഘം രക്ഷപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് മോഷണ വിവരം പുറത്ത് അറിയുന്നത്. രണ്ട് പേരും മുഖം മറച്ചിരുന്നതായും പോലീസ് പറഞ്ഞു.
വിരലടയാള വിദഗ്ധരുള്‍പ്പെടെയുള്ള അന്വേഷണ സംഘം സ്ഥലത്ത് പരിശോധന നടത്തി. എറണാകുളം റൂറല്‍ പോലീസിലെ അഡീഷ്ണല്‍ എസ്പി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. നിലവില്‍ പ്രതികളെ പറ്റി പ്രാഥമിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലുവയില്‍ പകല്‍ സമയത്ത് വീട്ടില്‍ നിന്ന് നൂറ് പവന്‍ കവര്‍ന്ന സംഭവമുണ്ടായിരുന്നു. ഈ കേസിലെ പ്രതികളെയും പിടികൂടുവാന്‍ സാധിച്ചിട്ടില്ല.