Sorry, you need to enable JavaScript to visit this website.

ദിലീപന്‍ വധം: പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ ഒമ്പത് പ്രതികള്‍ക്ക് ജീവപര്യന്തം

ദിലീപന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍.

തലശ്ശേരി- സി.പി.എം ചാക്കാട് ബ്രാഞ്ച് സെക്രട്ടറി ഇരിട്ടി വിളക്കോട് ചാക്കാട്ടെ നരോത്ത് ദിലീപനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ ഒമ്പത് പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും 30,000 രൂപ വീതം പിഴയും. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് (മൂന്ന്) കോടതി ജഡ്ജ് കെ.എസ് രാജീവാണ് പ്രതികള്‍ക്ക്  ശിക്ഷ വിധിച്ചത്. ഒമ്പത് പ്രതികള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ വ്യാഴാഴ്ച കണ്ടെത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ 16 പ്രതികളാണ് വിചാരണ നേരിട്ടത.് ഇതില്‍ ഏഴ് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു.
 എസ്.ഡി.പി.ഐ നേതാക്കളും പ്രവര്‍ത്തകരും കേസിലെ ഒന്ന് മുതല്‍ അഞ്ച് വരെ പ്രതികളുമായ ചാക്കാട്ടെ ഷഫീന മന്‍സിലില്‍ പി.കെ ലത്തീഫ്(35), ഉളീക്കുന്നേല്‍ സിദ്ദിഖ്(38), ഹാജി റോഡിലെ ഫൈസല്‍(31), ചാക്കാട്ടെ വേലിക്കോത്ത് വീട്ടില്‍ യു.കെ ഉനൈസ് (39), പുളിയന്റെ കീഴില്‍ പി.വി ഫൈസല്‍ (31), കേസിലെ ഏഴാം പ്രതിയും എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായ ഇരിട്ടി മീത്തലെ പുന്നാട് സ്വദേശി വയപ്രത്ത് പി.വി മുഹമ്മദ് ബഷീര്‍(38), എട്ട്, ഒമ്പത് പ്രതികളായ തന്തോട നസീമ മന്‍സിലില്‍ തണലോട്ട് യാക്കൂബ് (38), എസ്.ഡി.പി.ഐ പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് ഇരിട്ടി കിഴൂരിലെ കുളിച്ചെമ്പ്ര മുഹമ്മദ് ഫാറൂഖ്(36), 14-ാം പ്രതി ചെങ്ങാടി വയലിലെ പാനേരി ഗഫൂര്‍ (37) എന്നിവരെയാണ് കോടതി ശിക്ഷിച്ചത.്
2008 ഓഗസ്റ്റ് എട്ടിന് രാത്രി എട്ടര മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ചാക്കാട് ജുമാ മസ്്ജിദ് പരിസരത്തെ തെങ്ങിന്‍ തോപ്പില്‍ പതിയിരുന്ന പ്രതികള്‍ ദിലീപനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. തെങ്ങിന്‍തോപ്പില്‍ പതിയിരുന്ന  അക്രമി സംഘം മഴു ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കൊണ്ട് ദിലീപനെ തലക്കും ദേഹമാസകലവും വെട്ടുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ജീപ്പില്‍ കയറ്റി ദിലീപനെ ഇരിട്ടി അമല ആശുപത്രിയിലും തുടര്‍ന്ന് തലശ്ശേരി സഹകരണ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഇതിനിടെ രക്തം വാര്‍ന്ന് ദിലീപന്‍ മരണപ്പെട്ടെന്നാണ് പ്രോസിക്യൂഷന്‍ കേസ്.


 

 

Latest News