കശ്മീര്‍ വിദ്യാര്‍ഥികളെ ഡെറാഡൂണില്‍ ബജ്‌റംഗ്ദള്‍ അക്രമിച്ചു 

ഡെറാഡൂണ്‍: പുല്‍വാമയില്‍ നടന്ന തീവ്രവാദി ആക്രമണത്തിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഭീഷണിയും ആക്രമണമെന്നും പരാതി. ഇതിന്റെ പശ്ചാത്തലത്തില്‍ കശ്മീരി വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. ഡെറാഡൂണില്‍ വിഎച്ച്പി-ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് 12 വിദ്യാര്‍ത്ഥികളെ ആക്രമിച്ചു. വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനം വിടണമെന്നുമാണ് അന്ത്യശാസനം കിട്ടിയതെന്നും ജമ്മു കശ്മീര്‍ സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ വക്താവ് നസീര്‍ ഖുഹാമി പറഞ്ഞു. കശ്മീരി വിദ്യാര്‍ത്ഥികള്‍ അക്രമം നടത്തിയ തീവ്രവാദിക്ക് വേണ്ടി മുദ്രാവാക്യം മുഴക്കി എന്ന വാദവുമായി ഡെറാഡൂണ്‍ ബജ്‌റംഗ് ദള്‍ നേതാവ് വികാസ് വര്‍മ്മ രംഗത്തെത്തിയിട്ടുണ്ട്. കശ്മീരി വിദ്യാര്‍ത്ഥികളെ എത്രയും പെട്ടെന്ന് നാടു കടത്തണണമെന്ന് കോളേജ് മാനേജുമെന്റിനോട് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിലെ മുസ്ലീം വിദ്യാര്‍ത്ഥികളെ ഇവിടെ പഠിക്കാനനുവദിക്കില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് ശ്യാം ശര്‍മ്മയും വ്യക്തമാക്കി. വിദ്യാര്‍ത്ഥികളെ ഒരു പാഠം പഠിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Latest News