കൊണ്ടോട്ടി- എൽ.പി സ്‌കൂളിലെ രണ്ടു വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അധ്യാപകനെ കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. കരിപ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ എൽ.പി സ്‌കൂളിലെ അധ്യാപകനായ മലപ്പുറം വള്ളിക്കുന്ന് അത്താണിക്കൽ ചോപ്പംകാവ് പുളിക്കുടിത്താനം എ.കെ.അഷ്‌റഫാണ് (50) പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായത്.
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് മലയാള തിളക്കം പദ്ധതിയുടെ ഭാഗമായി ക്ലാസ് തുടങ്ങുന്നതിന് മുമ്പേ കുട്ടികൾ എത്തും. ഈ തക്കത്തിലാണ് കുട്ടികളെയാണ് അധ്യാപകൻ പീഡനത്തിന് ഇരയാക്കിയതെന്നാണു പരാതി. കഴിഞ്ഞ ഡിസംബർ മുതൽ പത്ത് പ്രാവശ്യത്തിലധികം അധ്യാപകൻ കുട്ടികളെ പീഡിപ്പിച്ചതായി കുട്ടികളുടെ രക്ഷിതാക്കൾ പ്രധാനാധ്യാപകന് പരാതി നൽകിയിരുന്നു. ഈ പരാതിയാണ് പോലീസിന് കൈമാറിയത്. മുമ്പും ഇയാൾ പഠിപ്പിച്ച സ്‌കൂളിൽ ഇത്തരത്തിൽ നിരവധി കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ പരപ്പനങ്ങാടി പോലീസിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






