ഷിക്കാഗോ- യുഎസിലെ ഇലിനോയിയില്‍ ഒരു ഫാക്ടറിയിലെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട യുവാവ് അഞ്ചു സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊലപ്പെടുത്തി. വെടിവയ്പ്പില്‍ അഞ്ചു പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. പൊലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ പ്രതി കൊല്ലപ്പെടുകയും ചെയ്തു. ഷിക്കാഗോയിലെ അറോറയിലെ ഹെന്റി പ്രാറ്റ് കമ്പനിയുടെ വിശാലമായ ഗോഡൗണില്‍ വെള്ളിയാഴ്ചയാണ് വെടിവെപ്പുണ്ടായത്. 15 വര്‍ഷം ഈ കമ്പനിയില്‍ ജോലി ചെയ്ത ഗ്രെ മാര്‍ട്ടിന്‍ (45) ആണ് അക്രമം അഴിച്ചുവിട്ടത്. വെള്ളിയാഴ്ചയാണ് ഇയാളെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടത്. ഇതേ ദിവസം ഇദ്ദേഹം കൈത്തോക്കുമായാണോ എത്തിയതെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. ഇദ്ദേഹം നേരത്തെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ആളാണോ എന്നതു സംബന്ധിച്ച് അന്വേഷണങ്ങള്‍ നടക്കുകയാണ്. 1995-ല്‍ മിസിസിപ്പിയില്‍ ഒരു അടിപിടിക്കേസില്‍ മാര്‍ട്ടിന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായി തെളിഞ്ഞിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ അഞ്ചു പോലീസുകാരും മറ്റൊരു കമ്പനി ജീവനക്കാരനും ആശുപത്രിയില്‍ ചികിത്സയിലാണ്. കൊല്ലപ്പെട്ട സഹപ്രവര്‍ത്തകരുമായി പ്രതിക്കുണ്ടായിരുന്ന ബന്ധവും അന്വേഷിക്കുന്നുണ്ട്.






