ഗള്‍ഫിനെ ഉന്നമിട്ട് സൈബര്‍ തട്ടിപ്പുകാര്‍, സൗദിയിലും ഭീഷണി; ഓണ്‍ലൈന്‍ സുരക്ഷയ്ക്ക് അറിയേണ്ടതെല്ലാം

റിയാദ്- ഇ-മെയില്‍, ജനപ്രിയ മെസേജിങ് ആപ്പുകള്‍ എന്നിവ വഴിയുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ (ഫിഷിങ്) സൗദി അറേബ്യയിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ഗണ്യമായി വര്‍ധിച്ചതായും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സൈബര്‍ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. വ്യക്തി വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് നമ്പറുകളും പാസ്‌വേഡുകളും തുടങ്ങി പണമിടമാടുമായി ബന്ധപ്പെട്ട ഗൗരവ സ്വഭാവമുള്ള വിവരങ്ങള്‍ തന്ത്രപൂര്‍വം കൈക്കലാക്കി ഓണ്‍ലൈന്‍ വഴി കൊള്ളയടിക്കുകയും അപകടപ്പെടുത്തുകയും ചെയ്യുന്ന തട്ടിപ്പാണ് ഫിഷിങ്. ആഗോള തലത്തില്‍ തന്നെ ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കുകയും ഇതിനിരയാകുന്നവരുടെ എണ്ണം ഏറുകയും ചെയ്തിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. 20 ലക്ഷം പേര്‍ ഇത്തരം ഫിഷിങ് ആക്രമണങ്ങള്‍ക്ക് ഇരയായതായി കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലെ കണക്കുകള്‍ പറയുന്നു. ഈ വര്‍ഷം ഫെബ്രുവരി ആയപ്പോഴേക്കും ഇരകളുടെ എണ്ണം 43 ലക്ഷമായി ഉയര്‍ന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍.

കഴിഞ്ഞ മാസം ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറം ഗള്‍ഫ് മേഖലയിലെ സൈബറാക്രമണ ഭീഷണിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ ഇത്തരം ആക്രമണം വര്‍ധിച്ചുവരാന്‍ സാധ്യത ഏറെയാണെന്നായിരുന്നു സമ്മേളനത്തിന്റെ വിലയിരുത്തല്‍. ലോക സാമ്പത്തിക ഫോറം തയാറാക്കിയ 2019-ലെ ഗ്ലോബല്‍ റിസ്‌ക് റിപോര്‍ട്ടില്‍ പറയുന്നത് ഗള്‍ഫ് രാജ്യങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ രണ്ടാമത്തെ ഭീഷണിയാണ് സൈബറാക്രമണം എന്നാണ്.

വ്യക്തികളുടെ ബാങ്കിങ് ഇടപാടുകളും മറ്റു ഓണ്‍ലൈന്‍ ഇടപാടുകളുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്നതിനു പുറമെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയുടെ ഭാഗമായ സുപ്രധാന വിവര ശേഖര സ്ഥാപനങ്ങളേയും ഫിഷിങ് കുറ്റവാളികള്‍ ഉന്നമിടുന്നുണ്ടെന്ന് കിങ് സൗദ് യുണിവേഴ്‌സിറ്റിലെ സൈബര്‍ സുരക്ഷാ വിഭാഗം പ്രൊഫസര്‍ മുഹമ്മദ് ഖുര്‍റം ഖാന്‍ പറയുന്നു. പല തരം മാല്‍വെയറുകളും സ്പാമുകളും ഇ-മെയിലലൂടെ പ്രചരിപ്പിച്ചാണ് ഇത്. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായി ശക്തമായ നിലയിലുള്ള ഒരു രാജ്യം എന്ന നിലയില്‍ സൗദി അറേബ്യയും ഇവരുടെ ഒരു ഉന്നമാണെന്ന് അദ്ദേഹം അറബ് ന്യൂസിനോട് പറഞ്ഞു.

തട്ടിപ്പുകള്‍ക്കു പിന്നിലുള്ള ഹാക്കര്‍മാര്‍ ഓണ്‍ലൈനായി ആളുകളെ കുരുക്കിലാക്കുന്നതിന് ഉപയോഗപ്പെടുത്തുന്നത് 90 ശതമാനവും മാല്‍വെയറുകളാണ്. ഇമെയിലുകളിലൂടെയാണ് ഇത് അയക്കുക. സമീപ വര്‍ഷങ്ങളിലായി മൂന്നു കോടി ഫിഷിങ് ഇമെയിലുകളാണ് സൗദി അറേബ്യയില്‍ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രം ലഭിച്ചതെന്നും ഖാന്‍ ചൂണ്ടിക്കാട്ടുന്നു. വാഷിങ്ടണ്‍ ആസ്ഥാനമായ സൈബര്‍ സെക്യൂരിറ്റി ഗവേഷണ സ്ഥാപനമായ ഗ്ലോബല്‍ ഫൗണ്ടേഷന്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി സ്റ്റഡീസ് ആന്റ് റിസര്‍ചിന്റെ സ്ഥാപനകനും സിഇഒയുമാണ് ഖാന്‍.

പരിശീലനവും, ബോധവല്‍ക്കരണവും 'സൈബര്‍ ശുചിത്വ'വും മാത്രമാണ് സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതില്‍ വളരെ പ്രധാനം. ഇതിനായി കിങ് സൗദ് യൂണിവേഴ്‌സിറ്റി 'റവാം' എന്ന പേരില്‍ പ്രത്യേക ബോധവല്‍ക്കരണ സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ട്. നിഗൂഢമായ ഹാക്കിങ്, മാല്‍വെയര്‍, റാന്‍സംവെയര്‍, ഫിഷിങ് തുടങ്ങി സൈബര്‍ ആക്രമണങ്ങളെ നേരിടുന്നതിന് ജോലിക്കാരെ ഒരുക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും വിവിധ സ്ഥാപനങ്ങള്‍ക്ക് സഹാകമാകുന്നതാണ് ഈ റവാം. നിലവില്‍ ഈ ദ്വിഭാഷാ സംവിധാനം 40 വ്യത്യസ്ത സ്ഥാപനങ്ങള്‍ ഒരു ലക്ഷത്തോളം ജീവനക്കാരെ പരിശീലിപ്പിക്കാന്‍ ഉപയോഗിച്ചു വരുന്നതായും ഖാന്‍ പറഞ്ഞു.

മുന്‍ കരുതലുകള്‍ സ്വീകരിക്കാം, ഫിഷിങ് ആക്രമണം പ്രതിരോധിക്കാം

  • ഇ-മെയില്‍ മുഖേനയോ വാട്‌സാപ്പ്, ഐ.എം.ഓ, മെസഞ്ചര്‍ തുടങ്ങിയ ജനപ്രിയ മെസേജിങ് ആപ്പുകള്‍ വഴിയോ ലഭിക്കുന്ന സ്പാം ലിങ്കുകള്‍ തുറക്കാതിരിക്കുക. 
  • ഇവ അബദ്ധത്തില്‍ തുറന്നാല്‍ തന്നെ അതില്‍ ആവശ്യപ്പെടുന്നതു പ്രകാരം നമ്മുടെ ഇ-മെയില്‍ ഐഡിയോ പാസ് വേര്‍ഡുകളോ, സോഷ്യല്‍ മീഡിയാ അക്കൗണ്ട് വിവരങ്ങളോ നല്‍കാതിരിക്കുക. 
  • നാം ഉപയോഗിക്കുന്ന ഡിവൈസുകളില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക്  എല്ലാം Two Factor Authentication (2FA) എന്ന ഇരട്ട സുരക്ഷാ കവചനം നല്‍കുക. സാധാരണ നല്‍കുന്ന ലോഗിന്‍, പാസ്‌വേഡ് എന്നിവയ്ക്കു പുറമെ ഒരു സെക്യൂരിറ്റി കോഡ്, ഫിംഗര്‍ പ്രിന്റ്, ഫേഷ്യല്‍ സ്കാന്‍ തുടങ്ങിയവയ്ക്കാണ് 2FA എന്നു പറയുന്നത്. 
  • ബാങ്ക് ഇടപാടുകള്‍ നടത്തുന്ന വെബ്‌സൈറ്റിന്റെ പൂര്‍ണമായ പേര് സ്വയം ടൈപ്പ് ചെയ്തു ഉപയോഗിക്കാന്‍ ശ്രമിക്കുക. ഇത് ബ്രൗസറില്‍ സേവ് ചെയ്യരുത്. 
  • വിശ്വാസ യോഗ്യമല്ലാത്ത മൊബൈല്‍ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക. ചെയ്തവ ഉടന്‍ നീക്കം ചെയ്യുക. 

Latest News