സൗദി യുവതിയെ കത്തി ചൂണ്ടി പുറത്തിറക്കി; കാര്‍ തട്ടിയെടുത്ത രണ്ട് പേര്‍ പിടിയില്‍

റിയാദ് - തലസ്ഥാന നഗരിയില്‍ വ്യാപാര സ്ഥാപനത്തിനു മുന്നില്‍ ഓഫാക്കാതെ നിര്‍ത്തിയിട്ട സൗദി പൗരന്റെ കാര്‍ തട്ടിയെടുത്ത യുവാവിനെയും കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തു. കാറിലുണ്ടായിരുന്ന സൗദി പൗരന്റെ ഭാര്യയെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി പുറത്തിറക്കിയാണ് മുഖ്യപ്രതി കാര്‍ തട്ടിയെടുത്തത്. ഈ സമയത്ത് സൗദി പൗരന്‍ വ്യാപാര സ്ഥാപനത്തിനകത്തായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി 11.55 ന് ആണ് സംഭവം. സൗദി പൗരന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുപ്പതുകാരനായ പ്രതി അറസ്റ്റിലായത്.
ഈ സമയത്ത് കൂട്ടാളിയായ മറ്റൊരു സൗദി യുവാവും പ്രതിക്കൊപ്പം കാറിലുണ്ടായിരുന്നു. കാറിന്റെ രൂപത്തില്‍ മാറ്റം വരുത്തിയ പ്രതി മോഷ്ടിച്ച നമ്പര്‍ പ്ലേറ്റുകളാണ് കാറില്‍ സ്ഥാപിച്ചിരുന്നത്. ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് റിയാദ് പോലീസ് വക്താവ് ലെഫ്. കേണല്‍ ശാകിര്‍ അല്‍തുവൈജിരി പറഞ്ഞു. സൗദി പൗരന്റെ ഭാര്യയെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി കാറില്‍ നിന്ന് പുറത്തിറക്കി പ്രതി കാറുമായി കടന്നുകളയുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപാര സ്ഥാപനത്തിനു മുന്നില്‍ സ്ഥാപിച്ച സി.സി.ടി.വിയില്‍നിന്ന് ലഭിച്ചിരുന്നു.

 

Latest News