ചെങ്കടലില്‍ സുഡാനുമായി സഹകരിച്ച് പെട്രോള്‍ പര്യവേക്ഷണത്തിന് സൗദി പദ്ധതി

ജിദ്ദ - ചെങ്കടലില്‍ സൗദി അറേബ്യയും സുഡാനും സഹകരിച്ച് പെട്രോള്‍, ഗ്യാസ് പര്യവേക്ഷണത്തിന് പദ്ധതി. ഈ ലക്ഷ്യത്തോടെ തയാറാക്കിയ കരടു ധാരണാപത്രം സുഡാനിലെ സൗദി അംബാസഡര്‍ അലി ബിന്‍ ഹസന്‍ ജഅ്ഫര്‍ സുഡാന്‍ പെട്രോളിയം മന്ത്രി എന്‍ജിനീയര്‍ അസ്ഹരി അബ്ദുല്‍ഖാദിര്‍ അബ്ദുല്ലക്ക് സമര്‍പ്പിച്ചു. സൗദി ഊര്‍ജ, വ്യവസായ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് ആണ് ഖാര്‍ത്തൂമിലെ സൗദി അംബാസഡര്‍ക്ക് കരടു ധാരണാപത്രം കൈമാറിയത്.
ചെങ്കടലില്‍ ഗ്യാസ് ശേഖരം കണ്ടെത്തിയതായി സൗദി അറാംകൊ കമ്പനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. വലിയ തോതിലുള്ള പെട്രോള്‍, പ്രകൃതി വാതക ശേഖരമുണ്ടെന്നാണ് കരുതുന്നത്.
ചെങ്കടല്‍ തീരത്ത് എണ്ണ, വാതക മേഖലയില്‍ സൗദി അറേബ്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് സുഡാന്‍  പെട്രോളിയം മന്ത്രി എന്‍ജിനീയര്‍ അസ്ഹരി അബ്ദുല്‍ഖാദിര്‍ അബ്ദുല്ല പറഞ്ഞു. ഇക്കാര്യത്തില്‍ ധാരണാപത്രം ഒപ്പുവെക്കുന്നതിനെ കുറിച്ചും ഇരു രാജ്യങ്ങളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനെ കുറിച്ചും സൗദി ഊര്‍ജ മന്ത്രാലയവുമായി ആശയ വിനിമയങ്ങള്‍ നടത്തിയതായും മന്ത്രി പറഞ്ഞു.

 

Latest News