സൗദിയിലുള്ളവരുടെ ശ്രദ്ധക്ക്; ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കരുത്, അഞ്ച് ലക്ഷം റിയാല്‍ തട്ടി

ജിസാന്‍- ഫോണ്‍ വഴി ബന്ധപ്പെടുന്നവര്‍ക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കരുതെന്ന് ബാങ്കുകളും കേന്ദ്ര ബാങ്കായ സാമയും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനിടെ, സ്വദേശി പൗരന് അഞ്ച് ലക്ഷം റിയാല്‍ നഷ്ടമായി. ജിസാന്‍ ആരിദയിലെ വയോധികനാണ് കബളിപ്പിക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് അഞ്ചു ലക്ഷം റിയാല്‍ തട്ടിയെടുത്തതായി ആരിദ പോലീസില്‍ പരാതി.
ബാങ്ക് ഉദ്യോഗസ്ഥാനാണെന്ന് പരിചയപ്പെടുത്തിയാണ് ഫോണില്‍ ബന്ധപ്പെട്ട് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുതുക്കേണ്ടതുണ്ടെന്ന് അറിയിച്ചത്. ഇതവഴി അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയെടുത്താണ് അജ്ഞാതന്‍ പണം തട്ടിയത്.
അക്കൗണ്ട് മരവിപ്പിക്കാതിരിക്കണമെങ്കില്‍ ഉടന്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ടാണ് തട്ടിപ്പുകാരന്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുത്തത്. വൈകാതെ അക്കൗണ്ടില്‍ നിന്ന് അഞ്ചു ലക്ഷത്തോളം റിയാല്‍ പിന്‍വലിക്കപ്പെട്ടു. മറ്റു അക്കൗണ്ടുകൡലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുകയും ബില്ലുകള്‍ അടക്കുകയുമാണ് തട്ടിപ്പുകാരന്‍ ചെയ്തത്.
അക്കൗണ്ടും എ.ടി.എമ്മും ബ്ലോക്കാകുമെന്ന് അറിയിച്ച് അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കാനുള്ള ശ്രമങ്ങള്‍ തട്ടിപ്പുകാര്‍ തുടരുകയാണ്. ഇംഗ്ലീഷിലും ഉര്‍ദുവിലും അറബിയിലും സംസാരിക്കാന്‍ ആളുകളെ ഏര്‍പ്പെടുത്തിക്കൊണ്ട് തട്ടിപ്പുകാരുടെ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. എം.എം.എസുകള്‍ക്ക് പുറമെ, സൗദിയിലെ പ്രശസ്ത ബാങ്കിന്റെ ലോഗോ ചേര്‍ത്തുകൊണ്ട് വാട്‌സാപ്പ്, ഐ.എം.ഒ തുടങ്ങിയ മെസഞ്ചറുകള്‍ വഴിയും അക്കൗണ്ട് ഉടമകളുമായി ബന്ധപ്പെടുന്നു. ഇങ്ങനെ അക്കൗണ്ട് വിവരങ്ങള്‍ ചോദിക്കുന്നവര്‍ക്ക് ഒരിക്കലും ഇഖാമ നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറും നല്‍കരുത്. ഇത്തരം മെസേജുകള്‍ അയക്കുന്ന നമ്പറുകള്‍ തങ്ങളെ അറിയിക്കണമെന്ന് സൗദി ടെലിക്കോം കമ്പനി നേരത്തെ നിര്‍ദേശിച്ചിരുന്നു. സൗദിയിലെ ഒരു ബാങ്കും ടെലിഫോണ്‍ വഴി അക്കൗണ്ട് വിവരങ്ങള്‍ ചോദിക്കാറില്ലെന്ന് കൂടി ഓര്‍മിക്കുക.

 

Latest News