ബ്രിട്ടനില്‍ മുന്‍ എം.പി സ്ത്രീകളെ  ലൈംഗികമായി  ചൂഷണം ചെയ്‌തെന്ന് 

ലണ്ടന്‍: സഹായം ചോദിച്ചെത്തുന്ന സ്ത്രീകളെ ലൈംഗിക ചൂഷണം ചെയ്‌തെന്ന ആരോപണത്തില്‍ കുടുങ്ങി മുന്‍ ലേബര്‍ എംപി. 61കാരന്‍ ലോര്‍ഡ് നാസിര്‍ അഹമ്മദിന് എതിരെയാണ് ആരോപണങ്ങള്‍ ഉയരുന്നത്. ബിബിസി ന്യൂസ് നൈറ്റിലാണ് 43കാരി താഹിറ സമാന്‍ തനിക്ക് നേരിട്ട അവസ്ഥ വെളിപ്പെടുത്തിയത്. 2017ല്‍ ഒരു സുഹൃത്ത് വഴിയാണ് പിയറിനെ സമീപിച്ചതെന്ന് താഹിറ വെളിപ്പെടുത്തി. 
ഒരു മുസ്ലീം ഫെയ്ത്ത് ഹീലര്‍ സ്ത്രീകള്‍ക്ക് അപകടകാരിയാണെന്ന പരാതിയാണ് ഇവര്‍ ലോര്‍ഡ് അഹമ്മദ് മുന്‍പാകെ സമര്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് മെട്രോപൊളിറ്റന്‍ പോലീസ് ചീഫ് ക്രെസിഡ ഡിക്കിന് കത്തയച്ചെന്നാണ് പിയര്‍ താഹിറയോട് പറഞ്ഞത്. എന്നാല്‍ കാര്യങ്ങള്‍ അവിടെയും നിന്നില്ല. ബന്ധം വളര്‍ന്ന് പലവട്ടം ലൈംഗിക ബന്ധത്തിലേക്കും എത്തിച്ചേര്‍ന്നെന്ന് താഹിറ വ്യക്തമാക്കി. സമ്മതത്തോടെയാണ് ഇത് സംഭവിച്ചതെങ്കിലും സഹായത്തിനായി എത്തിയ തന്റെ അവസ്ഥ പ്രയോജനപ്പെടുത്തി അധികാര ദുര്‍വിനിയോഗം നടത്തുകയാണ് ചെയ്തതെന്ന് ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 
തന്റെ ഭാര്യയെ വിട്ടുവരാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയതോടെ രണ്ട് മാസം കൊണ്ട് ബന്ധം അവസാനിച്ചെന്നും താഹിറ പറഞ്ഞു. അഹമ്മദിന് പ്രണയമാണെന്ന് ധരിച്ചതാണ് തന്റെ മണ്ടത്തരമെന്ന് ഇവര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ലോര്‍ഡ്‌സ് കമ്മീഷണര്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡ്‌സില്‍ താഹിറ പരാതി നല്‍കിയിരുന്നു.
മറ്റൊരു സ്ത്രീയോടും തന്റെ വീട്ടില്‍ രാത്രി തങ്ങാന്‍ അഹമ്മദ് ആവശ്യപ്പെട്ടെങ്കിലും താന്‍ ഒഴിഞ്ഞു മാറിയതായി അജ്ഞാതയായ സ്ത്രീ ന്യൂസ് നൈറ്റില്‍ വ്യക്തമാക്കി. എന്നാല്‍ താന്‍ ഒരിക്കലും സ്ത്രീകളോട് ഈ വിധം പെരുമാറിയിട്ടില്ലെന്നാണ് അഹമ്മദിന്റെ വാദം. ആന്റി സെമിറ്റിക് വാദങ്ങളെത്തുടര്‍ന്ന് 2013ല്‍ ലേബര്‍ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത അഹമ്മദ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരുന്നു. നേരത്തെ വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിച്ച് അപകടത്തില്‍ പെടുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്ത കേസില്‍ അഹമ്മദ് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Latest News