പാലക്കാട്- തൃശൂരിൽ തുഷാർ വെള്ളാപ്പള്ളി സ്ഥാനാർത്ഥിയായി എത്തുമോ? ഊഹാപോഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ബി.ഡി.ജെ.എസ് അധ്യക്ഷൻ മൽസരിക്കാൻ തയ്യാറാണെങ്കിൽ തങ്ങൾ ഏറെ പ്രതീക്ഷയോടെ കാണുന്ന തൃശൂർ ലോക്‌സഭാ മണ്ഡലം നൽകാൻ തയ്യാറാണെന്ന് ബി.ജെ.പി നേതൃത്വം നേരത്തേ വ്യക്തമാക്കിയിരുന്നതാണ്. പക്ഷേ വെള്ളാപ്പള്ളി നടേശന്റെ തുടർച്ചയായ പ്രസ്താവനകളുടേയും കൃത്യമായ നിലപാടെടുക്കുന്നതിൽ തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെ ബി.ഡി.ജെ.എസ് നേതാക്കൾ വീഴ്ച വരുത്തിയതിന്റേയും പശ്ചാത്തലത്തിൽ മുൻ നിലപാട് തിരുത്താൻ ബി.ജെ.പി നേതൃത്വം തയ്യാറായി. തൃശൂരിൽ പാർട്ടി ചിഹ്നത്തിൽ തന്നെ മൽസരം നടക്കണമെന്നാണ് ബി.ജെ.പിയുടെ ഇപ്പോഴത്തെ തീരുമാനം. എങ്കിലും ചർച്ചകളുടെ സാധ്യത അങ്ങനെത്തന്നെ നിലനിൽക്കുകയാണ്. തുഷാർ വെള്ളാപ്പള്ളി മൽസരിക്കുവാൻ തയ്യാറാണെങ്കിൽ ബി.ജെ.പി വിട്ടുവീഴ്ചക്ക് ഒരുക്കമാണെന്നാണ് സൂചന. എന്നാൽ ബി.ഡി.ജെ.എസിന്റെ മറ്റൊരു നേതാവിനേയും തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായി പരിഗണിക്കില്ല. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി കൂടിയായ അച്ഛൻ വെള്ളാപ്പള്ളി നടേശന്റെ ബി.ജെ.പി വിരുദ്ധ നിലപാടാണ് തുഷാറിനെ ആശയക്കുഴപ്പത്തിൽ ആക്കിയിരിക്കുന്നത്. നവോത്ഥാന മതിലിന്റെ മുഖ്യസംഘാടക സ്ഥാനത്ത് നിയമിക്കപ്പെട്ടതിനു ശേഷം സംഘ്പരിവാറിനെ നിരന്തരം കടന്നാക്രമിച്ചു കൊണ്ടിരിക്കുകയാണ് നടേശൻ. മതിലിനു ബദലായി സംഘ്പരിവാർ സംഘടനകൾ ആഹ്വാനം ചെയ്ത വിശ്വാസജ്യോതിയിൽ പങ്കെടുക്കാതിരുന്നതോടെയാണ് തുഷാർ സംശയത്തിന്റെ നിഴലിലായത്. അതിനു ശേഷം എൻ.ഡി.എയിലെ പ്രധാന ഘടകകക്ഷികൾ തമ്മിലുള്ള ബന്ധം പഴയ നിലയിലായിട്ടില്ല. ബി.ഡി.ജെ.എസിലും ആശയക്കുഴപ്പം തുടരുകയാണ്. അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് ഉൾപ്പെടെ നേതാക്കൾ തുഷാർ വെള്ളാപ്പള്ളിയുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്തെത്തി.
മൽസരിക്കാൻ തുഷാർ വെള്ളാപ്പള്ളിക്ക് താൽപര്യമുണ്ടെന്ന് തന്നെയാണ് റിപ്പോർട്ട്. മൽസരിക്കുകയാണെങ്കിൽ തൃശൂരിൽ തന്നെയാണ് താൽപര്യം. കൊല്ലം ജില്ല കഴിഞ്ഞാൽ ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് ഏറ്റവും മികച്ച സംഘടനാ സംവിധാനമുള്ള ജില്ലയാണ് ഇത്. സംഘ്പരിവാർ സംഘടനകളുടെ പ്രവർത്തനവും സജീവമാണ്. ഈ തെരഞ്ഞെടുപ്പിനായി ബി.ജെ.പി ഏറ്റവും മികച്ച ഒരുക്കം നടത്തിയ മണ്ഡലങ്ങളിലൊന്നാണ് തൃശൂർ. എൻ.എസ്.എസിനും സ്വാധീനമുള്ള പോക്കറ്റുകൾ മണ്ഡലത്തിൽ ഉണ്ട്. തുഷാർ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് സംസ്ഥാനത്ത് മുഴുവൻ ഗുണം ചെയ്യുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. വെള്ളാപ്പള്ളി നടേശന്റെ തുടർച്ചയായ പ്രസ്താവനകൾ ഈഴവ സമുദായത്തിൽ ഉണ്ടാക്കിയ ആശയക്കുഴപ്പം മറികടക്കാൻ തുഷാറിന്റെ സ്ഥാനാർത്ഥിത്വത്തോടെ കഴിയുമെന്നാണ് വിലയിരുത്തൽ. ബി.ഡി.ജെ.എസ് അധ്യക്ഷൻ മൽസരിക്കുമോ എന്ന കാര്യത്തെ അനുസരിച്ചായിരിക്കും ആ പാർട്ടിക്ക് എൻ.ഡി.എ മുന്നണിയിൽ ഇനിയുള്ള സ്ഥാനം. ഇരുവള്ളത്തിലും കാലിട്ടു കൊണ്ട് മുന്നോട്ട് പോകാൻ എസ്.എൻ.ഡി.പി നേതാക്കളെ അനുവദിക്കരുതെന്ന വികാരം സംഘ്പരിവാർ അണികളിൽ ശക്തമാണ്.






