നാല് പ്രമുഖ ഗോത്രവിഭാഗങ്ങൾ, ദലിത് ക്രിസ്ത്യാനികൾ, മുസ്ലിംകൾ, ഗോത്രവിഭാഗത്തിന് പുറത്തുള്ളവർ...ഝാർഖണ്ഡിൽ ഇലക്ഷൻ ചിത്രം സങ്കീർണമാണ്. 2014 ൽ ഝാർഖണ്ഡിൽ മോഡി തരംഗമായിരുന്നു. 14 സീറ്റിൽ പന്ത്രണ്ടും ബി.ജെ.പി നേടി. ആ കുത്തൊഴുക്കിൽ പിടിച്ചുനിൽക്കാനായത് ഝാർഖണ്ഡ് മുക്തി മോർച്ചക്കു (ജെ.എം.എം) മാത്രമാണ്. തങ്ങളുടെ ഉരുക്കുകോട്ടയായ സന്താൾ പർഗാന മേഖലയിൽ അവർ രണ്ട് സീറ്റ് നേടി. തുടർന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാൻ ബി.ജെ. പി അൽപം ബുദ്ധിമുട്ടി. എങ്കിലും കഴിഞ്ഞ അഞ്ചു വർഷം സുസ്ഥിര ഭരണം കാഴ്ചവെക്കാൻ രഘുബർ ദാസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിനു സാധിച്ചു. 2000 മുതൽ 2014 വരെ അഞ്ച് മുഖ്യമന്ത്രിമാർ മാറിമാറി ഭരിച്ച സംസ്ഥാനത്ത് ഇത് ചെറിയ നേട്ടമല്ല. പക്ഷെ കേന്ദ്രത്തിലും സംസ്ഥാനത്തും ബി.ജെ.പി ഭരണമായിരുന്നു എന്നത് ഇരട്ട ഭരണവിരുദ്ധ വികാരം സൃഷ്ടിക്കുമോയെന്നാണ് ബി.ജെ.പിയുടെ ഭീതി.
കോൺഗ്രസാവട്ടെ കനത്ത തോൽവിയിൽ നിന്ന് പാഠമുൾക്കൊണ്ട് ശക്തമായ സഖ്യത്തിന് രൂപം കൊടുത്തിട്ടുണ്ട്. ജെ.എം.എമ്മും ബാബുലാൽ മറാണ്ടിയുടെ ഝാർഖണ്ഡ് വികാസ് മോർച്ചയും ((ജെ.വി.എം-പി) രാഷ്ട്രീയ ജനതാദളും ഇപ്പോൾ കോൺഗ്രസ് മുന്നണിയിലാണ്. 2014 ലെ ഫലം ആവർത്തിക്കാൻ ബി.ജെ. പി പ്രയാസപ്പെടുമെന്നാണ് നിരീക്ഷകർ കരുതുന്നത്. ഝാർഖണ്ഡ് രൂപം കൊണ്ടതിനു ശേഷം ആദ്യമായാണ് ഒരു മുഖ്യമന്ത്രി അഞ്ചു വർഷം പൂർത്തിയാക്കാനൊരുങ്ങുന്നത്. ഡിസംബറിലാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ്. സംസ്ഥാനത്തെ ഏറ്റവും വലിയ പ്രാദേശിക കക്ഷി ജെ.എം.എമ്മാണ്. സന്താൽ പർഗാന, കോൽഹൻ മേഖലയിൽ ഗോത്രവർഗക്കാർക്കിടയിൽ ശക്തമായ സ്വാധീനമുണ്ട് പാർട്ടിക്ക്. 2000-2014 കാലയളവിൽ ജെ.എം.എം സ്ഥാപകകൻ ഷിബു സോറൻ മൂന്നു തവണ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. അദ്ദേഹത്തിന്റെ മകൻ ഹേമന്ത് ഒരു തവണ മുഖ്യമന്ത്രിയായി. എങ്കിലും 2014 ലെ ലോക്സഭാ ഇലക്ഷനിൽ രണ്ട് സീറ്റും 9.42 ശതമാനം വോട്ടും മാത്രമാണ് ജെ.എം.എമ്മിനു കിട്ടിയത്. എന്നാൽ തൊട്ടുടനെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അവരുടെ വോട്ട് ശതമാനം 20.43 ആയി ഉയർന്നു. 17 സീറ്റുകൾ അവർക്കു കിട്ടി. ജെ.വി.എം-പിക്കും ഗോത്രവർഗക്കാർക്കിടയിൽ മോശമല്ലാത്ത സ്വാധീനമുണ്ട്. ബാബുലാൽ മറാണ്ടി അഞ്ചു തവണ കോദർമ മണ്ഡലത്തിൽ നിന്ന് എം.പിയായിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ജെ.വി.എം-പിക്ക് 21.25 ശതമാനം വോട്ട് കിട്ടിയിരുന്നു. എന്നാൽ സീറ്റ് കിട്ടിയില്ല. പക്ഷെ നിയമസഭാ ഇലക്ഷനിൽ വോട്ട് ശതമാനം 9.99 ശതമാനമായി കുറഞ്ഞ്. എട്ട് സീറ്റാണ് അവർക്കു ലഭിച്ചത്. ബി.ജെ.പി സഖ്യത്തിലുള്ള എ.ജെ.എസ്.യു ആണ് എടുത്തു പറയേണ്ട മറ്റൊരു പ്രാദേശിക പാർട്ടി. സുദേശ് മഹാതോ നയിക്കുന്ന എ.ജെ.എസ്.യുവിന് അഞ്ച് എം.എൽ.എമാരുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗോത്രവർഗ ആശങ്കകളെയൊക്കെ മറികടക്കാൻ മോഡി തരംഗത്തിന് സാധിച്ചു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോത്രവർഗ പരിഗണനകൾ ഒരു പരിധി വരെ ഫലം നിർണയിച്ചു. സോറനും മറാണ്ടിയും മഹാതോയുമൊക്കെ ചിത്രത്തിലുണ്ടായിരുന്നു. ഇത്തവണ എങ്ങനെയാവും കാറ്റ് വീശുകയെന്നത് പ്രവചനാതീതമാണ്.
നാല് പ്രധാന ഗോത്രവിഭാഗങ്ങളാണ് ഝാർഖണ്ഡിലുള്ളത്. സന്താൾ, മുണ്ട, ഹോ, ഒറാവോൺ എന്നിവ. മുണ്ട ഗോത്രവിഭാഗങ്ങൾക്കിടയിൽ ബി.ജെ.പിക്കാണ് സ്വാധീനം. സന്താൾ വോട്ടുകൾ ജെ.എം.എമ്മിനാണ് കിട്ടാറ്. ഹോ, ഒറാവോൺ വോട്ടുകളിലാണ് കോൺഗ്രസിന് കണ്ണ്. മുണ്ട ഗോത്ര വോട്ടുകൾക്കൊപ്പം ഗോത്രവർഗക്കാരല്ലാത്തവരുടെയും മുസ്ലിംകളല്ലാത്തവരുടെയും വോട്ട് കൂടി നേടാൻ ബി.ജെ.പിക്ക് കഴിഞ്ഞു.
സംസ്ഥാനത്ത് നിരവധി വികസനപദ്ധതികൾ നടപ്പാക്കാൻ ബി.ജെ.പി സർക്കാരിന് സാധിച്ചിട്ടുണ്ട്. ഗ്ലോബൽ ഇൻവസ്റ്റർ മീറ്റ്, പെൺകുട്ടികൾക്കായുള്ള സുകന്യ യോജന, സ്ത്രീകളുടെ പേരിൽ വസ്തു രജിസ്ട്രേഷന് ഒരു രൂപ മാത്രമാക്കിയത്, പുതിയ മെഡിക്കൽ കോളേജുകൾ, മാവോയിസ്റ്റ് ആക്രമണങ്ങൾ കുറഞ്ഞത് തുടങ്ങി നിരവധി വിഷയങ്ങൾ ബി.ജെ.പി ഉന്നയിക്കും. ഗവൺമെന്റിനെതിരെ ഉയർന്ന നിരവധി അഴിമതി ആരോപണങ്ങളാവും പ്രതിപക്ഷത്തിന്റെ ആയുധം. ക്രിസ്ത്യൻ വിഭാഗങ്ങളുടെയും ചർച്ചിന്റെയും കനത്ത എതിർപ്പിനെത്തുടർന്ന് ആദിവാസി ഭൂനിയമം മാറ്റാനുള്ള രണ്ട് ബില്ലുകൾ സർക്കാരിന് പിൻവലിക്കേണ്ടി വന്നിരുന്നു. ഗോത്രവർഗക്കാരനല്ലാത്ത രഘുബർ ദാസിനെ ബി.ജെ.പി നേതൃത്വം മുഖ്യമന്ത്രിയായി നിയമിച്ചത് സംസ്ഥാനത്തെ ജാതിസമവാക്യങ്ങൾ മാറ്റിമറിക്കുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു. ഗോത്രവർഗക്കാരല്ലാത്തവരുടെയും യാദവ വിഭാഗത്തിന് പുറത്തുള്ള പിന്നോക്കക്കാരുടെയും പിന്തുണ ആർജിക്കുകയായിരുന്നു ലക്ഷ്യം. സംസ്ഥാനത്ത് 15 ശതമാനത്തോളം മുസ്ലിം വോട്ടുണ്ട്. കോൺഗ്രസ് മുസ്ലിം വോട്ട് പ്രതീക്ഷിക്കുന്നു. കോൺഗ്രസിന് ഗ്രാമീണ മേഖലകളിൽ വലിയ സ്വാധീനമില്ല. വലിയ വർഗീയ വിഷയങ്ങളൊന്നും ചർച്ചയാവാത്ത ഝാർഖണ്ഡിൽ ജാതി, ഗോത്ര സമവാക്യങ്ങളാവും ഇത്തവണ വിധി നിർണയിക്കുക.






