തലശ്ശേരി- പതിമൂന്നുകാരി വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിയെ ഇരട്ട ജീവപര്യന്തം കഠിന തടവിനു പുറമെ 28 വര്‍ഷം തടവിനും രണ്ടേമുക്കാല്‍ ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. പെരിങ്ങോം പെരുവാമ്പ കുറ്റൂരിലെ തുണിയമ്പ്രാന്‍ വീട്ടില്‍ ടി.എസ്.ഷിജുവിനെ (41)യാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി.എന്‍ വിനോദ് ശിക്ഷിച്ചത്. പ്രതിയുടെ കൂടെ ജോലി നോക്കുന്ന യുവാവിന്റെ 13 കാരിയായ മകളെ ബസ് ഷെല്‍ട്ടറിനടുത്തേക്കുള്ള എഴുപ്പ വഴി കാട്ടിക്കൊടുക്കാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തിലെത്തിച്ച് പ്രതി ബലാല്‍സംഗം ചെയ്യുകയായിരുന്നു. കുട്ടിയുടെ സ്വര്‍ണ കമ്മലും പ്രതി കവര്‍ന്നിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമം 376 ബലാല്‍സംഗ കുറ്റത്തിന് പ്രതിയെ ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. പ്രതി പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിഡിപ്പിച്ചതിന് പോക്‌സോ നിയമ പ്രകാരം മറ്റൊരു ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിക്കുകയായിരുന്നു. പ്രതി പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. വഴി തെറ്റിച്ച് ഇരയെ കൊണ്ട് പോയ കുറ്റത്തിന് പ്രതിയെ 10 വര്‍ഷം തടവിനും 25,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ ഇന്ത്യന്‍ ശിക്ഷാ നിയമം 370 പ്രകാരം ഏഴ് വര്‍ഷം തടവിനും 25,000 രൂപ പിഴയുമടക്കാന്‍ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കുറ്റത്തിന് പ്രതിയെ ഒരു വര്‍ഷം തടവിനു കോടതി ശിക്ഷിച്ചു. പീഡനത്തിന് ഇരയായ കുട്ടിയുടെ സ്വര്‍ണ്ണ കമ്മല്‍ കവര്‍ച്ച ചെയ്ത പ്രതിയെ 10 വര്‍ഷം തടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടി അധിക തടവ് അനുഭവിക്കണം. പ്രതി പിഴയടക്കുകയാണെങ്കില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
2018 ഫെബ്രവരി മൂന്നിന് ഉച്ചക്ക് 1.40 നാണ് കേസിനാസ്പദമായ സംഭവം. പ്രൊസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ.ബീന കാളിയത്താണ് ഹാജരായത്. പെരിങ്ങോം പോലീസാണ് കേസ് ചാര്‍ജ് ചെയ്തിരുന്നത്.