നഴ്‌സിന്റെ ദേഹത്ത് ട്രേ വെച്ച് ശിക്ഷ; ഗൗരവം ബോധ്യപ്പെടുത്താനെന്ന് ഡോക്ടര്‍

കോട്ടയം- മെഡിക്കല്‍ കോളേജില്‍ നഴ്‌സിനെ കട്ടിലില്‍ കിടത്തി ട്രേ വെച്ച് ശിക്ഷിച്ച സംഭവത്തില്‍ വിശദീകരണവുമായി ശസ്ത്രക്രിയാ വിഭാഗം മേധാവി. ഗുരുതരമായ വീഴ്ചയാണ് നഴ്‌സിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അതു ബോധ്യപ്പെടുത്താനാണ് നഴ്‌സിന്റെ ദേഹത്ത് ട്രേ  വെച്ചതെന്നും ഡോ. ജോണ്‍. എസ്. കുര്യന്‍ അവകാശപ്പെട്ടു. ഡോക്ടര്‍ മാനസികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് നഴ്‌സുമാര്‍ പണിമുടക്ക് തുടരുന്നതിനിടെയാണ് ഡോക്ടറുടെ വിശദീകരണം.
ഐ.സി.യുവില്‍ രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ ശിക്ഷിച്ചെന്നാണ് നഴ്‌സിന്റെ പരാതി. എന്നാല്‍ മൂന്ന് കിലോ വീതമുള്ള രണ്ട് ട്രേകളാണ് നഴ്‌സ് രോഗിയുടെ ദേഹത്ത് വെച്ചതെന്നും ഗൗരവം ബോധ്യപ്പെടുത്താനാണ് മൂന്ന് മിനിറ്റ് നേരം ന്‌ഴസിനെ കട്ടിലില്‍ കിടത്തി കാലില്‍ ട്രേ വെച്ചതെന്നും ഡോക്ടര്‍ പറഞ്ഞു. സംഭവത്തില്‍ നഴ്‌സിനോട് ഖേദം പ്രകടിപ്പിക്കാന്‍ തയാറാണെന്നും ഡോക്ടര്‍ പറഞ്ഞു.
സംഭവത്തിനുശേഷം രണ്ടു ദിവസമായ നഴ്‌സ് ആശുപത്രിയില്‍ എത്തിയിട്ടില്ല. മാതാപിതാക്കളെ അറിയിച്ചതിനുശേഷമാണ് പരാതി നല്‍കിയത്. ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് നഴ്‌സുമാര്‍ സമരം തുടരുന്നത്.

 

Latest News