ന്യൂദല്‍ഹി- കശ്മീരിലെ പുല്‍വാമയില്‍ 44 സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനു ശക്തമായ തിരിച്ചടി നല്‍കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. തക്ക തിരിച്ചടി നല്‍കാന്‍ സേനകള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കിയതായി അദ്ദേഹം പറഞ്ഞു.
കേന്ദ്ര മന്ത്രിസഭാ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഭീകരാക്രമണത്തിനു പിന്നിലുള്ള ശക്തികളേയും ഉത്തരാവാദികളേയും ശിക്ഷിക്കുക തന്നെ ചെയ്യും. സൈന്യത്തിന്റെ ശൗര്യത്തിലും ധൈര്യത്തിലും പൂര്‍ണവിശ്വാസമുണ്ട്. ഇത്തരം അക്രമങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ അസ്ഥിരത ഉണ്ടാക്കാനാകില്ല. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണം. ഭീകരതയെ ഒരേ സ്വരത്തില്‍ നേരിടണം. സൈന്യത്തിനു പൂര്‍ണ സ്വാതന്ത്രമാണു നല്‍കിയിരിക്കുന്നത്. ലോകത്തുനിന്ന് ഒറ്റപ്പെട്ടു നില്‍ക്കുകയാണ് നമ്മുടെ അയല്‍ക്കാര്‍. തന്ത്രങ്ങളിലൂടെയും ഗൂഢാലോചനയിലൂടെയും ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്നാണ് അവര്‍ കരുതുന്നത്.
ഭീകരാക്രമണമുണ്ടായപ്പോള്‍ അപലപിക്കുകയും ഇന്ത്യയ്ക്കു പിന്തുണ അറിയിക്കുകയും ചെയ്ത എല്ലാ രാഷ്ട്രങ്ങള്‍ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ച ധീരസൈനികര്‍ക്കു കൃതജ്ഞത അര്‍പ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
രാവിലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ എല്ലാ സേനാമേധാവികളും പങ്കെടുത്തിരുന്നു.