ന്യൂദല്‍ഹി- ഇന്ത്യയില്‍ നിന്ന് ഇറാഖിലേക്ക് നേരിട്ടുള്ള സര്‍വീസ് മൂന്ന് പതിറ്റാണ്ടിനു ശേഷം ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ പുനരാരംഭിച്ചു. ലഖ്നൗ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ശിയാ തീര്‍ത്ഥാടകരുമായി പറന്നുയര്‍ന്ന എയര്‍ ഇന്ത്യാ വിമാനം ഇറാഖിലെ നജഫ് രാജ്യാന്തര വിമാനത്താവളത്തില്‍ വ്യാഴാഴ്ച ഇറങ്ങി. ഇറാഖിലെ ഇന്ത്യന്‍ അംബാസഡര്‍ പ്രദീപ് സിങ് രാജ്പുരോഹിതിന്റേും ഇറാഖി ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലാണ് യാത്രക്കാരെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. തീര്‍ത്ഥാടന നഗരമായ നജഫ് തന്നെ ആദ്യ സര്‍വീസിന് തെരഞ്ഞെടുത്തത് സന്തോഷകരമാണെന്നും നേരിട്ടുള്ള സര്‍വീസുകള്‍ പുനരാംഭിക്കാനുള്ള ശ്രമങ്ങള്‍ കാലങ്ങളായി നടന്നു വരികയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്ത് അധിനിവേശത്തെ തുടര്‍ന്ന് ഇറാഖിലെ സദ്ദാം ഹുസൈന് ഭരണകൂടത്തിനു മേലുള്ള ഉപരോധവും പിന്നീട് വര്‍ഷങ്ങള്‍ നീണ്ട യുദ്ധവും സംഘര്‍ഷങ്ങളും കാരണമാണ് എയര്‍ ഇന്ത്യ ഇറാഖിലേക്ക് നേരിട്ടുള്ള സര്‍വീസ് നിര്‍ത്തിവച്ചിരുന്നത്.
ലോകത്തൊട്ടാകെയുള്ള ശിയാ വിശ്വാസികളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് തലസ്ഥാനമായ ബഗ്ദാദില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള നജഫ് നഗരം. പ്രവാചക പൗത്രനായ ഇമാം അലിയുടെ കുടീരം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.






